1 GBP = 104.06

എടപ്പാടി പഴനിസ്വാമിയെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു; പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു ശശികല; ഒ പി എസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

എടപ്പാടി പഴനിസ്വാമിയെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു; പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു ശശികല; ഒ പി എസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

എടപ്പാടി പഴനിസ്വാമിയെ എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ശശികലയ്ക്കു പകരമാണ് പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. ശശികലയ്ക്ക് എതിരായ സുപ്രീംകോടതി വിധി അറിഞ്ഞതിനു പിന്നാലെ എംഎല്‍എമാര്‍ യോഗം ചേരുകയായിരുന്നു. പനീര്‍സെല്‍വത്തെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ശശികലപക്ഷം അറിയിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എടപ്പാടി പളനിസ്വാമി അവകാശവാദം ഉന്നയിക്കും. അവകാശവാദവുമായി പളനിസ്വാമി ഇന്നുതന്നെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണും. തനിക്ക് ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു പളനിസ്വാമി ഗവര്‍ണറെ അറിയിക്കും. നിലവില്‍ മന്ത്രിയാണ് പളനിസ്വാമി. ശശികല ക്യാംപിലെ കരുത്തനും ശശികലയുടെ വിശ്വസ്തനുമായിരുന്നു പളനിസ്വാമി. അതുകൊണ്ടാണ് പളനിസ്വാമിയെ തന്നെ നേതാവായി തെരഞ്ഞെടുത്തത്.

ആദ്യം മ്ലാനമായിരുന്ന ശശികല ക്യാമ്പ് പെട്ടെന്ന് ഉണരുകയായിരുന്നു. ചില എംഎല്‍എമാര്‍ പനീര്‍സെല്‍വം പക്ഷത്തേക്കു പോകുന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയതോടെ കൂടെയുള്ളവരെ ഒപ്പം നിര്‍ത്താനുള്ള ശ്രമമായി ഗോള്‍ഡന്‍ബേയില്‍. എംഎല്‍എമാരെയെല്ലാം വിളിച്ചുകൂട്ടി പെട്ടെന്നു യോഗം ചേരുകയായിരുന്നു. മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നുറപ്പായതോടെ തന്റെ വിശ്വസ്തരെ ആരെയെങ്കിലും നിയമസഭാ കക്ഷി നേതാവാക്കുകയായിരുന്നു ശശികലയുടെ ലക്ഷ്യം.

ജയലളിതയുടെ അനന്തരവന്‍ ദീപകിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനുള്ള നീക്കവും ശശികല നടത്തിയിരുന്നു. ജയലളിതയുടെ അനന്തരവന്‍ എന്ന തമിഴ്മക്കളുടെ വികാരം ഉപയോഗപ്പെടുത്താം എന്നായിരുന്നു ശശികലയുടെ കണക്കുകൂട്ടല്‍. അതേസമയം, ജയലളിതയുടെ അതേ സ്വഭാവവിശേഷങ്ങളും ശരീരഭാഷയുമുള്ള ദീപയെ അകറ്റിനിര്‍ത്തുക എന്ന ലക്ഷ്യവും ശശികലയ്ക്കുണ്ടായിരുന്നു. ദീപ ജയകുമാറിന്റെ സഹോദരനാണ് ദീപക്. ജയലളിതയുടെ മരണാനന്തര ചടങ്ങുകളില്‍ ശശികലയോടൊപ്പം ദീപകുമുണ്ടായിരുന്നു. ദീപയെ ചടങ്ങുകളില്‍ പങ്കെടുപ്പിച്ചില്ലെങ്കിലും ശശികലയും ദീപകും തമ്മില്‍ നല്ല ബന്ധം ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് പളനിസ്വാമിയുടെ പേര് ഉയര്‍ന്നുവന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more