1 GBP = 103.54
breaking news

ന്യൂസീലൻഡിനും ഇംഗ്ലണ്ടിനുമെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്താൻ

ന്യൂസീലൻഡിനും ഇംഗ്ലണ്ടിനുമെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്താൻ

പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്താൻ. വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, പിസിബിബ് ചെയർമാൻ റമീസ് രാജയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 

സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസീലൻഡും ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പിസിബി ചെയർമാൻ റമീസ് രാജ ഇരു ക്രിക്കറ്റ് ബോർഡുകളെയും പരസ്യമായി വിമർശിച്ചു. പാശ്ചാത്യർ പരസ്പര പിന്തുണ നൽകുന്നതിനാലാണ് ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയത്. തങ്ങൾ വീണ്ടും ചതിക്കപ്പെട്ടു. ഇംഗ്ലണ്ട് ഒഴികഴിവുകൾ കണ്ടെത്തുകയാണ് എന്നും റമീസ് രാജ വ്യക്തമാക്കി. ഈ തിരിച്ചടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോക ക്രിക്കറ്റിലെ കരുത്തുറ്റ ടീം ആയി പാകിസ്താൻ മാറണം. എങ്കിൽ മറ്റ് ടീമുകൾ നമ്മളുമായി മത്സരങ്ങൾ കളിക്കാൻ വരിനിൽക്കും. ഈ വിഷമസ്ഥിതിയും പാകിസ്താൻ മറികടക്കും എന്നും റമീസ് രാജ വ്യക്തമാക്കി.

ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. പാകിസ്താൻ പര്യടനത്തിൽ നിന്ന് പിൻമാറാനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ തീരുമാനം മുൻനായകൻ മൈക്കൽ വോൺ സ്വാഗതം ചെയ്തു. താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മത്സരങ്ങൾ യുഎഇയിൽ നടത്താൻ ശ്രമിക്കണമെന്നും വോൺ പറഞ്ഞു.

ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന വാർത്ത വന്നിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നായിരുന്നു റിപ്പോർട്ട്.

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more