1 GBP = 103.97
breaking news

മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്: പി. ശശിയുടെ സഹോദരൻ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്: പി. ശശിയുടെ സഹോദരൻ അറസ്റ്റിൽ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പി.എയാണെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരൻ പി. സതീശനെ കസബ പൊലീസ് അറസ്റ്റു ചെയ്തു. ഐ.പി.സി 420-ാം വകുപ്പ് പ്രകാരമാണ് കേസ്. ആശ്രിത നിയമനത്തിന്റെ പേരിലും കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്തും ഫറോക്ക് സ്വദേശികളായ രണ്ട് സ്ത്രീകളിൽ നിന്നും കോഴിക്കോട് ഒളവണ്ണ സ്വദേശികളായ രണ്ട് യുവാക്കളിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് സതീശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യവെ മരിച്ച ഭർത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഫറോക്ക് സ്വദേശിയായ പ്രതിഭയിൽ നിന്ന് രണ്ടര ലക്ഷം രൂപ പല തവണയായി പി. സതീശൻ കൈപ്പറ്റിയതായാണ് പരാതി. വിശ്വാസ്യതയ്ക്കായി രണ്ട് ലക്ഷത്തിന്റെ ചെക്ക് നൽകിയിരുന്നു. എന്നാൽ ജോലി ലഭിച്ചില്ല. ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങുകയും ചെയ്തു.
ഇവരുടെ ബന്ധുക്കളായ ഒളവണ്ണ സ്വദേശി അക്ഷയിൽ നിന്നും മാത്തോട്ടം സ്വദേശി സുജിത്തിൽ നിന്നും ഇയാൾ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. ഇരുവരും കസബ സ്റ്റേഷനിൽ പരാതി നൽകി. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും പേര് പറഞ്ഞായിരുന്നു തട്ടിപ്പെന്ന് പരാതിക്കാരായ സുജിത്ത്, അക്ഷയ് എന്നിവർ പറഞ്ഞു. കണ്ണൂർ എയർപോർട്ടിൽ പ്ലാനിംഗ് എൻജിനിയർ, ഓഫീസ് സ്റ്റാഫ് എന്നീ ജോലികളായിരുന്നു ഇവർക്ക് വാഗ്ദാനം ചെയ്തത്. പാർട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. മുഖ്യമന്ത്രിയുടെ നാടായ പിണറായിക്കാരനാണെന്നും അദ്ദേഹത്തിന്റെ 13 പി.എമാരിൽ ഒരാളാണെന്നുമാണ് പറഞ്ഞിരുന്നത്. നവംബറിൽ ജോലി ശരിയാവുമെന്നും പറഞ്ഞിരുന്നു. ജോലി ലഭിക്കാതായപ്പോൾ യുവാക്കൾ സതീശനുമായി ഫോണിൽ ബന്ധപ്പെട്ടു. പണം തിരിച്ചു തരാമെന്ന് അറിയിച്ചെങ്കിലും പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായ ശേഷമാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്ന് യുവാക്കൾ പറഞ്ഞു. സിൻഡിക്കേറ്റ് ബാങ്ക് അക്കൗണ്ടിൽ സതീശൻ പണം പറ്റിയതിന്റെ രസീത് ഇരുവരും പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more