1 GBP = 103.89

ഇടപാടുകാരെ ഊരാ കടക്കെണിയിൽ അകപ്പെടുത്തുന്ന ഓവർഡ്രാഫ്റ്റ് തന്ത്രത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി സ്റ്റെപ് ചെയ്ഞ്ച് ചാരിറ്റി

ഇടപാടുകാരെ ഊരാ കടക്കെണിയിൽ അകപ്പെടുത്തുന്ന ഓവർഡ്രാഫ്റ്റ് തന്ത്രത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി സ്റ്റെപ് ചെയ്ഞ്ച് ചാരിറ്റി

ബാലാ സജീവ്‌കുമാർ

അടിയന്തിര ആവശ്യങ്ങൾക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന രണ്ട് ദശലക്ഷത്തിലധികം കുടുംബങ്ങളെ മോചനം ലഭ്യമാകാത്ത തരത്തിൽ കടക്കെണിയിൽ പെടുത്തിയിരിക്കുകയാണ് യു കെ യിലെ ബാങ്കുകൾ എന്ന് ഈയിടെ നടത്തിയ ഒരു ഗവേഷണത്തിൽ നിന്നും മനസ്സിലാക്കുന്നു എന്നും, അണ് അറേഞ്ച്ഡ് ഓവർഡ്രാഫ്റ്റ് ഫീ ഇനത്തിൽ ബാങ്കുകൾ നടത്തുന്ന കൊള്ളക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആണെന്നും സ്റ്റെപ് ചെയ്ഞ്ച് ചാരിറ്റി വെളിപ്പെടുത്തി. യു കെ യിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വായ്‌പാ പദ്ധതിയാണ് ഓവർഡ്രാഫ്റ്റ് സൗകര്യം. ചുരുങ്ങിയ കാലയളവിലേക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ ഇടപാടുകാരനെ സഹായിക്കുക എന്ന സദുദ്ദേശത്തോടെ ആണ് ഈ സൗകര്യം ആവിഷ്കരിച്ചിട്ടുള്ളത് എങ്കിലും, അനിയന്ത്രിതമായി, വേണ്ടത്ര ആസൂത്രണമില്ലാതെ ഈ സൗകര്യത്തിന്റെ വായ്‌പാ പരിധി വർദ്ധിപ്പിച്ചു കൊടുത്ത് ഇടപാടുകാരനെ സ്ഥിരമായി കടക്കെണിയിൽ പെടുത്തുന്ന ബാങ്കുകൾ ചെയ്യുന്നത്. നീണ്ട വർഷങ്ങളായി ഈ കടക്കെണിയെ മറികടക്കാൻ കഴിയാത്ത നിരവധി കുടുംബങ്ങൾ യു കെ യിൽ ഉണ്ട് എന്നാണ് കണ്ടെത്തൽ.

അടിയന്തിര ആവശ്യങ്ങളായ ഭക്ഷണം, ജീവിത ചിലവുകൾ, മറ്റു ബില്ലുകൾ എന്നിവ താങ്ങാൻ കഴിയാത്ത കുടുംബങ്ങളാണ് കൂടുതലായും ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കുന്നതും, നിവർത്തിയില്ലാതെ വായ്‌പാ പരിധി ഉയർത്തി വാങ്ങുന്നതും. വായ്പാ പരിധിയിൽ കൂടുതൽ തുക ഉപയോഗിക്കുന്ന ഇടപാടുകാരനെ പല ബാങ്കുകളും പല വിധത്തിലാണ് പലിശ ഈടാക്കി കടക്കെണിയുടെ ഊരാക്കുടുക്കിൽ പെടുത്തുന്നത്. ഒരു പെൻസ് എങ്കിലും അധികം ചിലവഴിച്ച ഇടപാടുകാരനിൽ നിന്നും ഒരു ദിവസം ആറ് പൗണ്ട് വീതം ഫീസായി വാങ്ങുന്ന ബാങ്കുകൾ ഉണ്ട് എന്നും ഈ ചാരിറ്റി കണ്ടെത്തി. ഇത് തികച്ചും അന്യായമാണ് എന്നും, ഇടപാടുകാരന് വഹിക്കാൻ കഴിയുന്ന അത്ര തുക മാത്രമേ ഫീസിനത്തിലും, പലിശ ഇനത്തിലും വാങ്ങുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ വേണ്ട കരുതലുകൾ ബാങ്കുകളും, റെഗുലേറ്റർമാരും അടിയന്തിരമായി എടുക്കേണ്ടത് ഉണ്ട് എന്നും സ്റ്റെപ് ചെയ്ഞ്ച് ചാരിറ്റിയുടെ പോളിസി വിഭാഗം തലവൻ പീറ്റർ ടട്ടൻ പറഞ്ഞു. കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നവരെ സഹായിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചാരിറ്റിയാണ് സ്റ്റെപ് ചെയ്ഞ്ച്.

പല ബാങ്കുകളും സുതാര്യമായ നിർദ്ദേശങ്ങളും അണ് അറേഞ്ച്ഡ് ഓവർഡ്രാഫ്റ്റ് ഫീസിൽ ഇളവുകളും നടത്തി കൊടുത്ത് ഇടപാടുകാരെ സഹായിക്കുന്നുണ്ട് എങ്കിലും, കൃത്യമായ നിയമനിർമ്മാണത്തിന്റെ അപര്യാപ്തത ഇക്കാര്യത്തിൽ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു കെ യിലെ മറ്റൊരു ചാരിറ്റിയായ സിറ്റിസൺസ് അഡ്വൈസ് ക്രെഡിറ്റ് കാർഡ് കമ്പനികൾക്കെതിരെയാണ് ആഞ്ഞടിച്ചത്. ആറു ദശലക്ഷത്തിലധികം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളോട് അനുവാദം പോലും ചോദിക്കാതെയാണ് ക്രെഡിറ്റ് കാർഡ് കമ്പനികൾ വായ്പാപരിധി ഉയർത്തിക്കൊടുത്ത് കടക്കെണിയിൽ പിടിച്ചു നിർത്താൻ ശ്രമിക്കുന്നത് എന്ന് ഇവർ കണ്ടെത്തി.
ക്രിസ്തുമസ് പോലെയുള്ള ആഘോഷ വേളകളിൽ ഓവർഡ്രാഫ്‌റ്റും, ക്രെഡിറ്റ് കാർഡുമൊക്കെ ഉപയോഗിച്ച് ആഘോഷിക്കുന്ന മലയാളികൾ ജാഗരൂകരാകുക- നിങ്ങൾ നടന്നടുക്കുന്നത് ഒരിക്കലും മോചനമില്ലാതെ യു കെ യിലെ ദശ ലക്ഷക്കണക്കിന് ആൾക്കാർ കൈകാലിട്ടടിക്കുന്ന കടക്കയത്തിലേക്കാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more