1 GBP = 103.02
breaking news

കുമ്പസാര പീഡനം: വൈദികർക്ക് എതിരെ നടപടിയെടുക്കാൻ സഭാനേതൃത്വം

കുമ്പസാര പീഡനം: വൈദികർക്ക് എതിരെ നടപടിയെടുക്കാൻ സഭാനേതൃത്വം

കോട്ടയം: കുമ്പസാര ലൈംഗിക പീഡനക്കേസിലെ വൈദികർക്ക് എതിരെ നടപടി എടുക്കാൻ സഭാനേതൃത്വം. ഇതിനായി, ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് യോഗം ചൊവ്വാഴ്ച കോട്ടയത്ത് തുടങ്ങും. കേസിൽ പ്രതിചേർക്കപ്പെട്ട നാല് വൈദികരെയും സഭയിൽനിന്ന് പുറത്താക്കാൻ സൂനഹദോസിൽ തീരുമാനമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കുമ്പസാരമടക്കം വിശ്വാസ വിഷയങ്ങളിൽ മാറ്റം വേണമോ എന്ന കാര്യവും അഞ്ചു ദിവസത്തെ സുന്നഹദോസ് ചർച്ചചെയ്യും.

ഓർത്തഡോക്സ് പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട വൈദികരായ എബ്രഹാം വർഗീസ്, ജെയ്സ് കെ ജോർജ്, ജോബ് വി മാത്യു, ജോൺസൺ മാത്യു എന്നിവർക്കെതിരായ നടപടിയാകും സുന്നഹദോസിന്‍റെ പ്രധാനതീരുമാനം. മൂന്നു ഭദ്രാസനങ്ങളിലായി നടന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ട് സുന്നഹദോസ് ചർച്ച ചെയ്യും. വൈദികർക്കെതിരെ കടുത്ത നടപടി വേണമെന്നും വൈദികർ തുടർന്നാൽ വിശ്വാസമടക്കമുള്ള സഭാകാര്യങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നുമാണ് സഭയുടെ അഭിപ്രായം.

സഭാവസ്ത്രം തിരികെ വാങ്ങാൻ കഴിയില്ലെങ്കിലും സഭയിൽ നിന്ന് പുറത്താക്കി, ശുശ്രൂഷകളിൽ നിന്നും ആജീവനാന്തം വിലക്കേർപ്പെടുത്താനാണ് ആലോചിക്കുന്നത്. വൈദികരും അൽമായരും ഉൾപ്പെടുന്ന സഭാ മാനേജിങ് കമ്മിറ്റി ബുധനാഴ്ച ചേരുന്നുണ്ട്. കുറ്റക്കാരായ വൈദികർക്കെതിരെ നടപടി വേണമെന്ന ശുപാർശ കമ്മിറ്റിയും നൽകിയേക്കും. നടപടികൾ സംബന്ധിച്ച് വെള്ളിയാഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയും 26 മെത്രാപ്പൊലീത്തമാരും ആണ് സുന്നഹദോസിൽ പങ്കെടുക്കുന്നത്.

വിശ്വാസികൾ മാത്രമല്ല പൊതുജനവും ഉറ്റുനോക്കുന്നതാണ് സഭയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയ ലൈംഗിക പീഡന കേസിന് ശേഷം ചേരുന്ന സുന്നഹദോസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more