1 GBP = 103.97

നട്ടാല്‍ കുരുക്കാത്ത നുണകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നവര്‍ ജാഗ്രതൈ… ഓണ്‍ലൈന്‍ ഹേറ്റ് ക്രൈമുകള്‍ പ്രചരിപ്പിക്കുന്നത് തടയിടാന്‍ നടപടിയുമായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ്

നട്ടാല്‍ കുരുക്കാത്ത നുണകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നവര്‍ ജാഗ്രതൈ… ഓണ്‍ലൈന്‍ ഹേറ്റ് ക്രൈമുകള്‍ പ്രചരിപ്പിക്കുന്നത് തടയിടാന്‍ നടപടിയുമായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ്

ഓണ്‍ലൈന്‍ വഴി എന്തും എഴുതിപ്പിടിപ്പിച്ച് വെറുപ്പും വിദ്വേഷവും പരത്താമെന്നും ആളുകളെ അപമാനിക്കാമെന്നും കരുതുന്നവര്‍ ജാഗ്രതൈ… നിങ്ങളുടെ ശ്രമങ്ങള്‍ ഇനി ബ്രിട്ടനില്‍ വിലപ്പോവില്ല. സോഷ്യല്‍ മീഡിയ വഴി ഹേറ്റ് ക്രൈമുകള്‍ നടത്തുന്നവരെ നേരിടാനുള്ള പദ്ധതിയുമായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് രംഗത്തെത്തി. ഓഫ്‌ലൈന്‍ കുറ്റങ്ങള്‍ക്ക് സമാനമായി തന്നെ ഇത്തരം കുറ്റകൃത്യങ്ങളെ പരിഗണിക്കാനാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ജനപ്രീയ സോഷ്യല്‍ മീഡിയ വഴി ആളുകളെ മുന്‍വിധിയോടെ അക്രമിക്കുന്നത് ക്രിമിനല്‍ കുറ്റമായി മാറും.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സ്ത്രീവിദ്വേഷികളുടേയും വംശീയ വാദികളുടേയും സ്വവര്‍ഗ്ഗ വിരുദ്ധരുടേയും ആശയങ്ങളുടെ പ്രജനന സ്ഥലമായി മാറിയിരിക്കുകയാണെന്ന് ഹിക്ക്മാന്‍ ആന്‍ഡ് റോസ് സോളിസിറ്റേഴ്‌സിലെ ജനറല്‍ ക്രൈം മേധാവി ജെന്നി വില്‍റ്റ്‌ഷെയര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങളെ തടയുന്നതിന് കൂടുതല്‍ ശക്തമായ നിമയങ്ങള്‍ ആവശ്യമാണെന്നും ജെന്നി പറഞ്ഞു.

സോഷ്യല്‍ മീഡിയകള്‍ വഴി വെറുപ്പ്, മത, വംശീയ അധിക്ഷേപങ്ങള്‍, സ്വവര്‍ഗ്ഗാനുരാഗ വിരുദ്ധ കമന്റുകള്‍ എന്നിവ പ്രചരിപ്പിക്കുന്നതായുള്ള പരാതികളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിയമം പരിഷ്‌കരിക്കാന്‍ സിപിഎസ് തീരുമാനിച്ചത്. 2015-16 വര്‍ഷത്തില്‍ മാത്രം പ്രോസിക്യൂട്ടര്‍മാര്‍ 15,442 ഹേറ്റ് ക്രൈം കേസുകള്‍ കൈകാര്യം ചെയ്തതായി കണക്കുകള്‍ പറയുന്നു. ഇത് എക്കാലത്തേയും വലിയ റെക്കോര്‍ഡാണ്. ഓണ്‍ലൈനിലും ഓഫ് ലൈനിലും ഇത്തരം ഹേറ്റ് ക്രൈമുകള്‍ക്ക് ഒരേ രീതി തന്നെയാണ് ഉള്‌ലത്. എന്നാല്‍ ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയയും ഇത്തരംപെരുമാറ്റങ്ങള്‍ വര്‍ദ്ധിക്കാനൊരു കാരണമായിട്ടുണ്ട്.

ഇത്തരത്തിലുള്ള ഹേറ്റ് ക്രൈമുകള്‍ വന്‍ കലാപത്തിന് വഴിയൊരുക്കാനുള്ള സാധ്യതകളുണ്ടെന്ന് ഡയറക്ടര്‍ ഓഫ് പബ്ലിക്ക് പ്രോസിക്യൂഷന്‍ ആയ അലിസണ്‍ സാന്‍ഡേഴ്‌സ് ഗാര്‍ഡിയന്‍ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ഹേറ്റ് ക്രൈമുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും കുറ്റമായിരിക്കും. ഓണ്‍ലൈനിലൂടെ ഭയം ജനിപ്പിക്കുന്നത് ഒരാളെ ശാരീരികമായി ഉപദ്രവിക്കുന്നതിന് തുല്യമാണ് എന്നും സാന്‍ഡേഴ്‌സ് മുന്നറിയിപ്പുകള്‍ നല്‍കുന്നു. ഹേറ്റ് ക്രൈമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗവണ്‍മെന്റ് പരാജയമാണ് എന്ന് സമൂഹത്തിലെ വിവിധ ന്യൂനപക്ഷങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ഹേറ്റ് ക്രൈം ചെയ്യുന്നവര്‍ പിടിക്കപ്പെടുന്നില്ലെന്ന് ബ്രിട്ടനിലെ 52 ശതമാനം ജൂതന്‍മാരും വിശ്വസിക്കുന്നുണ്ടെന്ന് ക്യാമ്പെയ്ന്‍ എഗെയ്‌നസ്റ്റ് ആന്റി സെമറ്റിസം പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more