1 GBP = 104.37
breaking news

‘ഈശോ ദൈവപുത്രനാണെന്ന വിശ്വാസം പരമ പ്രധാനം’: മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ; കവന്‍ട്രി റീജിയണ്‍ കണ്‍വന്‍ഷന്‍ ഭക്തിസാന്ദ്രം; അവസാന ഒരുക്ക കണ്‍വന്‍ഷന്‍ ഇന്ന് സൗത്താംപ്റ്റണില്‍ ……

‘ഈശോ ദൈവപുത്രനാണെന്ന വിശ്വാസം പരമ പ്രധാനം’: മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ; കവന്‍ട്രി റീജിയണ്‍ കണ്‍വന്‍ഷന്‍ ഭക്തിസാന്ദ്രം; അവസാന ഒരുക്ക കണ്‍വന്‍ഷന്‍ ഇന്ന് സൗത്താംപ്റ്റണില്‍ ……

 ഫാ. ബിജു കുന്നയ്ക്കാട്ട്

കവന്‍ട്രി: ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ ദേവാലയത്തില്‍ വരുന്ന ഓരോ അവസരത്തിലും മനസിലുണ്ടാവേണ്ട ഏറ്റവും പ്രധാന ചിന്ത ഈശോ ദൈവപുത്രനാണെന്ന വിശ്വാസമായിരിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന് മുന്നൊരുക്കമായി വിശ്വാസികളെ ആത്മീയമായി സജ്ജമാക്കുന്ന ഒരുക്ക ഏകദിന കണ്‍വന്‍ഷനില്‍ കവന്‍ട്രിയില്‍ ദിവ്യ ബലിയര്‍പ്പിച്ചു വചന സന്ദേശത്തെ നല്‍കുകയായിരുന്നു അദ്ദേഹം. ഒറ്റുകാരന്റെ മനസുമായി നടന്നത് കൊണ്ട് ബാക്കി ശിഷ്യന്മാരെല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സ്വീകരിച്ചപ്പോള്‍ യൂദാസ് സ്വീകരിച്ചത് വെറും അപ്പകഷ്ണം മാത്രമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബര്‍മ്മിങ്ഹാം, നോട്ടിങ്ങ്ഹാം, സൗത്താംപ്റ്റണ്‍ എന്നീ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കവന്റീര്‍ റീജിയനില്‍ നിന്ന് നൂറുകണക്കിനാളുകള്‍ ഈ ഏകദിന ഒരുക്ക കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തി. ദൈവവുമായി വ്യക്തിപരമായ ബന്ധം ഉണ്ടാക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും ജീവിതാന്ത്യത്തെ ഓര്‍ത്ത് വേണം ഈ ഭൂമിയില്‍ ജീവിക്കാനെന്നും നേരത്തെ വചന ശുശ്രൂഷ നല്‍കിയ ബ്രദര്‍ റെജി കൊട്ടാരം പറഞ്ഞു. ദിവ്യകാരുണ്യ ആരാധനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും ഫാ. സോജി ഓലിക്കല്‍, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ഫാന്‍സുവാ പത്തില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പീറ്റര്‍ ചേരാനെല്ലൂരിന്റെ നേതൃത്വത്തില്‍ ഗായക സംഘം സംഗീത ശുശ്രൂഷ നല്‍കി.

ഏകദിന ഒരുക്ക കണ്‍വന്‍ഷനിലെ അവസാന കണ്‍വന്‍ഷന്‍ ഇന്ന് സൗത്താംപ്റ്റണ്‍ റീജിയനില്‍ നടക്കും. Immaculate Catholic Church , Stubington , Bells Lane , PO142PL ല്‍ വച്ച് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. സൗത്താംപ്റ്റണ്‍ റീജിയന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എട്ടു റീജിയണുകളിലായി ഒക്ടോബറില്‍ നടക്കുന്ന രൂപതാതല ധ്യാനം അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലാണ് നയിക്കുന്നത്. അഭിഷേകാഗ്‌നി ധ്യാനത്തിനായി ഇനിയുള്ള മാസങ്ങളില്‍ പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്നതിനായി തയ്യാറാക്കിയ പ്രത്യേക പ്രാര്‍ത്ഥനാ കാര്‍ഡുകള്‍ എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലും ഉടനെ തന്നെ എത്തിക്കുമെന്ന് ബിഷപ്പിന്റെ സെക്രട്ടറി ഫാ. ഫാന്‍സുവാ പത്തില്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more