1 GBP = 103.87

സഭാമക്കള്‍ സഭയുടെ കൂട്ടായ്മയോട് ചേര്‍ന്ന് ചിന്തിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍ …..പ്രസ്റ്റണ്‍ ഏകദിന കണ്‍വന്‍ഷന്‍ ഭക്തിസാന്ദ്രമായി …അടുത്ത കണ്‍വന്‍ഷന്‍ 19ന് കവന്‍ട്രിയില്‍….

സഭാമക്കള്‍ സഭയുടെ കൂട്ടായ്മയോട് ചേര്‍ന്ന് ചിന്തിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍ …..പ്രസ്റ്റണ്‍ ഏകദിന കണ്‍വന്‍ഷന്‍ ഭക്തിസാന്ദ്രമായി …അടുത്ത കണ്‍വന്‍ഷന്‍ 19ന് കവന്‍ട്രിയില്‍….

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: സഭയോട് ചേര്‍ന്ന് ചിന്തിക്കുന്നവരും സഭയുടെ കൂട്ടായ്മയില്‍ ദൈവത്തെ കണ്ടെത്തുന്നവരുമാകണം ദൈവമക്കളെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. അഭിഷേകാഗ്‌നി കണ്‍വന്‍ഷന് മുന്നോടിയായുള്ള ഒരുക്കധ്യാനത്തില്‍ പ്രസ്റ്റണ്‍ റീജിയനില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായ്ക്കു വേണ്ടി മാത്രം എന്ന പോലെ രണ്ടാം തവണ ഈശോ പ്രത്യക്ഷപ്പെടുമ്പോഴും എല്ലാ ശിഷ്യന്മാരും ഒരുമിച്ചിരുന്ന അവസരത്തില്‍ തന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടത് സഭയുടെ കൂട്ടായ്മയില്‍ ഈശോ സന്നിഹിതനാകുന്നതിന്റെ സൂചനയാണെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ഏകദിന ഒരുക്കധ്യാനത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, വചനശുശ്രൂഷകരായ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, ക്രിസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിസ്റ്റേഴ്സും അല്‍മായരുമടക്കം പ്രസ്റ്റണ്‍ റീജിയന് കീഴിലുള്ള വിവിധ വിശുദ്ധ കേന്ദ്രങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു.

ഭൗതീക നന്മകളേക്കാളും രോഗ സൗഖ്യങ്ങളേക്കാളും ഈശോയുടെ ഉണ്ടാകുന്ന വ്യക്തിപരമായ ബന്ധത്തിനാണ് നാം ധ്യാനങ്ങളില്‍ ശ്രദ്ധിക്കേണ്ടതെന്ന് വചനപ്രഘോഷണം നടത്തിയ ബ്രദര്‍ റെജി കൊട്ടാരം ഓര്‍മ്മിപ്പിച്ചു. എസ്തപ്പാനോസിന്റെ സഹനവും സന്മാതൃകയും പൗലോസിന് മാനസാന്തരത്തിന് കാരണമായത് പോലെ മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുടെയും സഹനത്തിലൂടെയും നാം മാധ്യസ്ഥം വഹിക്കുന്നത് വലിയ നന്മ മറ്റുള്ളവരില്‍ ഉളവാക്കുമെന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയുടെ ശക്തി ഓര്‍മ്മിപ്പിച്ചു ഫാ. സോജി ഓലിക്കലും പറഞ്ഞു. പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്‍കിയ സംഗീത ശുശ്രൂഷയും ദൈവാനുഭവം പകര്‍ന്നു.

ഏകദിന ഒരുക്ക കണ്‍വന്‍ഷന്റെ കവന്‍ട്രി റീജിയണ്‍ ധ്യാനം പത്തൊന്‍പതാം തീയതി തിങ്കളാഴ്ച Holy Cross & Francis Church , 1 Signal Hayes Road Walmley , B76 2RS ല്‍ വച്ച് നടക്കുമെന്ന് റീജിയണ്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ജയ്സണ്‍ കരിപ്പായി അറിയിച്ചു. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഈ അനുഗ്രഹീത ദിവസത്തിലേക്ക് കവന്‍ട്രി റീജിയന് കീഴിലുള്ള വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്ന് എല്ലാ വിശ്വാസികളെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more