1 GBP = 103.85
breaking news

യുകെ മലയാളികളെ ആവേശം കൊള്ളിക്കാന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് വീണ്ടുമെത്തുന്നു; ഇക്കുറി അതിഥിയായെത്തുന്നത് ജനകീയ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി

യുകെ മലയാളികളെ ആവേശം കൊള്ളിക്കാന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് വീണ്ടുമെത്തുന്നു; ഇക്കുറി അതിഥിയായെത്തുന്നത് ജനകീയ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി

ജോര്‍ജ് എടത്വ

യുകെയിലെ സംഗീത പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡിന് ആശംസകള്‍ നേരുവാന്‍ ഇക്കുറി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എത്തുന്നു. മറ്റക്കര – അയര്‍ക്കുന്നം സംഗമത്തിന്റെ ഭാഗമായി യുകെയില്‍ എത്തുന്ന മുന്‍ മുഖ്യമന്ത്രി ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ അതിഥിയായി എത്തുന്നതിന് സമ്മതിച്ചതായി സംഘാടകര്‍ അറിയിച്ചു. സൗത്താംപ്റ്റണിലെ കലാകാരന്മാരുടെയും കലാസ്വാദകരുടെയും സംഘടനയായ കലാഹാംപ്ഷെയര്‍ മലയാള സിനിമാ സംഗീത ശാഖയിലെ കുലപതികള്‍ക്ക് സമര്‍പ്പിക്കുന്ന ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം’ ആറാം പതിപ്പിന് ആശംസകള്‍ അറിയിക്കുന്നതിനാണ് മുന്‍ മുഖ്യമന്ത്രിയും ജനപ്രിയ നായകനുമായ ഉമ്മന്‍ ചാണ്ടി എത്തുന്നത്.

തിരക്കിട്ട യുകെ സന്ദര്‍ശനത്തിലും കലാ ഹാംപ്ഷയറിന്റെ ഭാരവാഹികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കുടിയേറ്റത്തിന്റെ കവാടമായ തുറമുഖ നഗരിയിലേക്ക് ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദിയിലേക്ക് വരാമെന്ന് ജനനായകന്‍ സമ്മതിച്ചത്. 2017 ഏപ്രില്‍ 30 വൈകുന്നേരം അഞ്ചു മണി മുതല്‍ സൗത്താംപ്റ്റണിലെ സെന്റ് ജോര്‍ജ് കാത്തലിക് സ്‌കൂളിലാണ് ഓള്‍ഡ് ഈസ് ഗോള്‍ഡിന് തിരി തെളിയുക.

മലയാള സംഗീത രംഗത്തെ അനശ്വര പ്രതിഭകളായ, നിരവധി ചലച്ചിത്ര ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസിനെ കീഴടക്കിയ വയലാര്‍, ദേവരാജന്‍, പി. ഭാസ്‌കരന്‍, ബാബുരാജ്, സലീല ചൗധരി, ജോണ്‍സന്‍, രവീന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി, ഒ.എന്‍.വി. കുറുപ്പ്, യേശുദാസ്, ജയചന്ദ്രന്‍, പി. സുശീല, പി. ലീല, മാധുരി, വാണി ജയറാം, ചിത്ര തുടങ്ങി ചലച്ചിത്ര ഗാന ശാഖയിലെ എല്ലാ മഹാരഥന്മാര്‍ക്കും പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് യുകെയുടെ എല്ലാ പ്രധാന നഗരങ്ങളിലെയും പ്രശസ്തരായ മലയാളി ഗായികാ ഗായകര്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദിയില്‍ ഒന്ന് ചേരുന്നത്.

പഴയ ഗാനങ്ങളുടെ ആസ്വാദകര്‍ക്ക് ഒരു വിഭവ സമൃദ്ധമായ വിരുന്നായിട്ടാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് അണിയിച്ചൊരുക്കുന്നത്. കൂടാതെ നമ്മുടെ പുതിയ തലമുറക്ക് നമ്മുടെ മഹാരഥന്മാരെ പരിചയപ്പെടുത്തുക എന്ന ദൗത്യവും ഇതിനൊപ്പമുണ്ടെന്ന് കലയുടെ ഭാരവാഹികള്‍ അറിയിച്ചു. നമ്മുടെ അതിവേഗ ജീവിത സാഹചര്യങ്ങളില്‍ കര്‍ണ്ണക്കടോല്‍ക്കരങ്ങളായി അണയുന്ന പുതിയ സംഗീതരീതികള്‍ക്കിടയില്‍ ജീവാമൃതം പോലെ എത്തുന്ന നനുത്ത സംഗീതത്തിന്റെ തേന്മഴ പൊഴിയുന്ന ഈ സംഗീത അര്‍ച്ചനയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവിനെ ഉപയോഗിക്കുന്ന ഒരു പറ്റം കലാകാരന്മാരാണ് കല എന്ന സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ ഈ വര്‍ഷത്തെ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന ‘അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം’ സംഗീത അര്‍ച്ചനയില്‍ സമാഹരിക്കപ്പെടുന്ന തുക കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കുമെന്ന് കലയുടെ ഭാരവാഹികള്‍ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ നായര്‍, ജെയ്സണ്‍ മാത്യു ബത്തേരി, സിബി മാത്യു മേപ്രത്ത് തുടങ്ങിയവരടങ്ങുന്ന കമ്മിറ്റി ഈ സംഗീത അര്‍ച്ചനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഉണ്ണികൃഷ്ണന്‍ നായര്‍: 07980378426

ജെയ്സണ്‍ ബത്തേരി: 07872938694

സിബി മേപ്രത്ത്: 07790854050

വിലാസം:

St. George Catholic School

Leaside Way

Southampton

SO163DQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more