1 GBP = 103.14

ഓഖി ദുരിതാശ്വാസം: പിണറായി സര്‍ക്കാര്‍ മാതൃകയാണെന്ന് സൂസപാക്യം

ഓഖി ദുരിതാശ്വാസം: പിണറായി സര്‍ക്കാര്‍ മാതൃകയാണെന്ന് സൂസപാക്യം

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാര്‍ മികച്ച മാതൃകയാണെന്ന് തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം. ഓഖി ദുരന്തത്തെ തുടര്‍ന്നുള്ള പുനരധിവാസ പദ്ധതികളില്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥയെ ഒരിക്കലും സഭ ചോദ്യം ചെയ്തിട്ടില്ലെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന അഭിപ്രായമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത തയാറാക്കിയ വരുമാനദായക പദ്ധതി ധനസഹായ വിതരണത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മരണപ്പെട്ടവര്‍ക്കും കാണാതായവര്‍ക്കും കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപ നഷ്ടപരിഹാരം വേഗത്തില്‍ നല്‍കി. സാധാരണ നഷ്ടപരിഹാര വിതരണം വര്‍ഷങ്ങള്‍ വൈകിയാണ് ലഭിക്കാറുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ വളരെ പെട്ടന്ന് നഷ്ടപരിഹാരം വിതരണം ചെയ്തു. കേരളം ചെയ്തതുപോലെ ചെയ്യണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഓഖി ദുരിതബാധിത കുടുംബങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയിട്ടുണ്ട് . മത്സ്യത്തൊഴിലാളി കുടംബങ്ങളോടൊപ്പം നില്ക്കാനുള്ള സര്‍ക്കാരിന്റെ മനോഭാവം പ്രശംസനീയമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

ഓഖിയില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ദുരന്തത്തില്‍പ്പെട്ട 143 മത്സ്യത്തൊഴിലാളികളുടെ 387 മക്കളുടെ എല്‍കെജി പഠനം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള ചെലവ് സര്‍ക്കാര്‍ നല്കാനുള്ള പ്രത്യേക പാക്കേജാണ് തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓഖി പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഫാദര്‍ തിയോഡേഷ്യസ്, ടിഎസ്എസ്എസ് ഫൊറോനാ കോഓര്‍ഡിനേറ്റര്‍ ഫാദര്‍ ജസ്റ്റിന്‍ ജൂഡിന്‍, സാമൂഹ്യ ശുശ്രൂഷാ ഡയറക്ടര്‍ ഫാദര്‍ ടി ലെനിന്‍ രാജ്, കോവളം ഫൊറോനാ വികാരി ഡോദര്‍ ബിബിന്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more