ലണ്ടൻ: ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ കാർഡ് ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കാൻ ഇന്ത്യൻ സർക്കാരിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ എയർലൈൻ ചെക്കിൻ കൗണ്ടറുകൾ മുതൽ ഇന്ത്യയിൽ എത്തുമ്പോൾ വരെ പരിശോധനകളുണ്ടാകും.
ആജീവനാന്ത വീസ എന്ന നിലയിലാണ് ഒസിഐ കാർഡ് പരിഗണിക്കപ്പെടുന്നതെങ്കിലും, 20 വയസിൽ താഴെയുള്ളവരും 50 വയസിനു മുകളിലുള്ളവരും ഓരോ തവണ പാസ്പോർട്ട് എടുക്കുമ്പോഴും ഇതു പുതുക്കിയിരിക്കണം. മുഖത്തു വരുന്ന ജൈവശാസ്ത്രപരമായ മാറ്റങ്ങൾ കണക്കിലെടുത്താണ് ഇങ്ങനെയൊരു ചട്ടം.
21 മുതൽ 50 വരെ പ്രായമുള്ളവർക്ക് ഒസിഐ കാർഡ് പുതുക്കേണ്ടതില്ല. ഈ ചട്ടങ്ങൾ നേരത്തെ മുതൽ പ്രാബല്യത്തിലുള്ളതാണെങ്കിലും ഇതുവരെ കർക്കശമായി നടപ്പാക്കിയിരുന്നില്ല. ഇവ പാലിക്കാത്തതുകൊണ്ടു മാത്രം ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കാറുമില്ല. എന്നാൽ, പാസ്പോർട്ട് സാധുവായതായിരിക്കണം. അതുകൊണ്ട് പാസ്പോർട്ട് പുതുക്കിയവർ ഒസിഐ കാർഡുകൂടി പുതുക്കിയിട്ടുവേണം ഇന്ത്യയിലേക്കുള്ള യാത്ര തരപ്പെടത്തേണ്ടത്. അല്ലെങ്കിൽ പഴയ പാസ്സ്പോർട്ട് കൂടി കയ്യിൽ കരുതണം. ഒസിഐ കാർഡിൽ പഴയ പാസ്സ്പോർട്ട് നമ്പറാകും രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവുകൾ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇപ്പോൾ തന്നെ ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ എയർലൈൻ അധികൃതർ കർശന പരിശോധനകൾ നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ വിമാനത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് നാട്ടിലെ ഇമ്മിഗ്രെഷൻ വിഭാഗവുമായും എയർലൈൻ അധികൃതർ ബന്ധപ്പെട്ട് കൃത്യത ഉറപ്പ് വരുത്തുന്നുണ്ട്. അമ്പത് വയസ്സ് ആയവരുടെ ബ്രിട്ടീഷ് പാസ്പോർട്ട് കാലാവധി കഴിഞ്ഞില്ലെങ്കിൽ പുതിയ പാസ്സ്പോർട്ട് എടുക്കുന്നത് വരെ നിലവിലെ ഒസിഐ കാർഡ് തന്നെ ഉപയോഗിക്കാമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഒസിഐ കാർഡുകൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്കും അപേക്ഷകൾ നൽകുന്നതിനും ഈ ലിങ്ക് സന്ദർശിക്കുക
click on malayalam character to switch languages