1 GBP = 103.12

മലയാളികളുൾപ്പെടെ പതിനായിരക്കണക്കിന് നഴ്‌സുമാർ ആദ്യദിന പണിമുടക്കിൽ; സമരത്തിന് പരിഹാരം കാണണമെന്ന് ഇംഗ്ലണ്ട് ചീഫ് നേഴ്സ്

മലയാളികളുൾപ്പെടെ പതിനായിരക്കണക്കിന് നഴ്‌സുമാർ ആദ്യദിന പണിമുടക്കിൽ; സമരത്തിന് പരിഹാരം കാണണമെന്ന് ഇംഗ്ലണ്ട് ചീഫ് നേഴ്സ്

ലണ്ടൻ: ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ മലയാളികളുൾപ്പെടെ പതിനായിരക്കണക്കിന് നഴ്‌സുമാർ പണിമുടക്ക് നടത്തി. എത്രയും വേഗം നഴ്‌സുമാരുടെ സമരത്തിന് ഒരു പരിഹാരം കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സ് പറയുന്നു.

കൂടുതൽ ശമ്പളത്തിനായി സമരം ചെയ്യാൻ നിർബന്ധിതരായതിൽ ജീവനക്കാർ രോഷവും സങ്കടവും പ്രകടിപ്പിച്ചു. അതേസമയം റോയൽ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ ശമ്പള ആവശ്യങ്ങൾ താങ്ങാനാവില്ലെന്ന് യുകെ സർക്കാർ അറിയിച്ചു. ശമ്പള അവലോകന ബോഡി ശുപാർശ ചെയ്ത വർദ്ധനവ് സർക്കാർ നടപ്പിലാക്കിയിരുന്നുവെന്നും പാൻഡെമിക്കിന് ശേഷം കഴിഞ്ഞ വർഷം നഴ്‌സുമാർക്ക് 3% അധികമായി ലഭിച്ചുവെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം ഉയരുന്ന ജീവിതച്ചിലവുകൾക്കിടയിൽ ശമ്പള വർദ്ധനവ് അനിവാര്യമാണെന്നാണ് യൂണിയനുകൾ വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ടിലെ നാലിലൊന്ന് ആശുപത്രികളിലും കമ്മ്യൂണിറ്റി ടീമുകളിലും വടക്കൻ അയർലണ്ടിലെ എല്ലാ ഹെൽത്ത് ബോർഡുകളിലും വെയിൽസിലെ ഒന്നൊഴികെ മറ്റെല്ലായിടത്തും പണിമുടക്കുകൾ നടന്നിട്ടുണ്ട്. സ്കോട്ട്ലൻഡിലെ നഴ്സുമാർ ഇന്ന് പണിമുടക്കുന്നില്ല, അവർ സ്കോട്ടിഷ് സർക്കാരിൽ നിന്നുള്ള ശമ്പള ഓഫർ പരിഗണിക്കുന്നു.

ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സ് ഡാം റൂത്ത് മെയ് ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ സമരം ചെയ്യുന്ന നഴ്‌സുമാരെ കണ്ടു. സമരത്തിന് അടിയന്തര പരിഹാരം ലഭിക്കുന്നതിന് ആർ സി എനും മറ്റ് യൂണിയനുകളുമായും ചർച്ച നടത്തണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. താൻ സർക്കാരിന് വേണ്ടിയല്ല സംസാരിക്കുന്നതെന്നും ചീഫ് നഴ്‌സ് എന്ന നിലയിൽ തന്റേതായ കാഴ്ചപ്പാടുകളുണ്ടെന്നും അവർ പറഞ്ഞു. രാജ്യത്തുടനീളമുള്ള വാർഡുകളിൽ പ്രവർത്തിക്കുന്ന നഴ്‌സുമാർക്ക് നന്ദി പറഞ്ഞ അവർ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നത് തുടരുമെന്നും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more