1 GBP = 103.38

നഴ്‌സുമാരുടെ ജനകീയ മാര്‍ച്ച് സെക്രട്ടറിയേറ്റിലേക്ക് : നാളെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക്; സമരത്തിന് പിന്തുണയുമായി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളും

നഴ്‌സുമാരുടെ ജനകീയ മാര്‍ച്ച് സെക്രട്ടറിയേറ്റിലേക്ക് : നാളെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക്; സമരത്തിന് പിന്തുണയുമായി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളും

തിരുവനന്തപുരം: നഴ്‌സുമാരുടെ വേതന പ്രശ്‌നത്തിന് നാളെ മുഖ്യമന്ത്രി വിളിച്ചിട്ടുള്ള ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിനാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെയും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെയും തീരുമാനം.അതോടെ , സംസ്ഥാനത്തെ സ്വകാര്യആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാവും. മാന്യമായ വേതനം ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി നേഴ്‌സിംഗ് വിദ്യാര്തഥികളും അധ്യാപക സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ന് നേഴ്‌സിംഗ് സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടന്ന ജനകീയ മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

ആവശ്യങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് നഴ്‌സിംഗ് സംഘടനകള്‍.ആരോഗ്യ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജൂലായ് 10 ന് നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ച വേതനത്തില്‍ നിന്ന് ഒരു പൈസ പോലും കൂട്ടി നല്‍കാനാവില്ലെന്ന് ആശുപത്രി ഉടമകളും പറയുന്നു.ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ആശ്രയിച്ചാവും കാര്യങ്ങള്‍.

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി വിവിധ ജില്ലകളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ ഇന്നലെ വിദ്യാര്‍ത്ഥികളും മുദ്രാവാക്യം മുഴക്കി .നഴ്‌സിംഗ് അദ്ധ്യാപകരുടെ സംഘടനയും അഭിവാദ്യമര്‍പ്പിക്കാനെത്തി. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ശുപാര്‍ശയനുസരിച്ചുള്ള അടിസ്ഥാന ശമ്പളം നല്‍കുക,ട്രെയിനി സമ്പ്രദായം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് നഴ്‌സിംഗ് സംഘടനകള്‍ ഉന്നയിക്കുന്നത്. 20 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 20,000 രൂപ കിട്ടിയേ തീരൂ .ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്‌ളാബനുസരിച്ച് 200 കിടക്കയെങ്കിലുമുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്കേ അലവന്‍സുകളുള്‍പ്പെടെ 20,000 രൂപ ലഭിക്കൂ.അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയാല്‍ അതിനൊപ്പമുള്ള അലവന്‍സുകളുടെ കാര്യത്തില്‍ ചര്‍ച്ചയാവാമെന്നാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ അഭിപ്രായം.

നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ആശുപത്രികളുടെ പ്രവര്‍ത്തനം നടത്താനുള്ള നീക്കം ചട്ടവിരുദ്ധമാണെന്നും സമരക്കാര്‍ പറയുന്നു.പഠനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയും കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെയും രജിസ്‌ട്രേഷന്‍ എടുത്ത ശേഷമേ രോഗികളെ പരിചരിക്കാവൂ എന്നാണ് വ്യവസ്ഥ.അതേ സമയം, ജൂലായ് 10 ന് ആരോഗ്യ, തൊഴില്‍ മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ച ശമ്പള വര്‍ദ്ധനയില്‍ ഒരു രൂപ പോലും കൂട്ടി നല്‍കാനാവില്ലെന്ന് ആശുപത്രി ഉടമകള്‍ പറയുന്നു. 20 ബെഡില്‍ താഴെയുള്ള ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് 18,000 രൂപയില്‍ കൂടുതല്‍ ശമ്പളം നല്‍കുക പ്രയാസമാണ്.ഒന്നും രണ്ടും ഡോക്ടര്‍മാരുള്ള ആശുപത്രികളുടെ വരുമാനവും ,കൊടുക്കേണ്ടി വരുന്ന വേതനവും തമ്മില്‍ പൊരുത്തപ്പെടില്ലെന്നും അവര്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more