1 GBP = 103.91

നേഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ്; ശമ്പളം വര്‍ദ്ധിപ്പിച്ചേ മതിയാകുവെന്ന് നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; ചര്‍ച്ച പുരോഗമിക്കുന്നു

നേഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ്; ശമ്പളം വര്‍ദ്ധിപ്പിച്ചേ മതിയാകുവെന്ന് നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; ചര്‍ച്ച പുരോഗമിക്കുന്നു

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. നഴ്‌സുമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് വരുത്തി ഉടന്‍ തീരുമാനം എടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശമ്പളം വര്‍ധിപ്പിച്ച് തീരുമാനം അറിയിക്കാത്ത പക്ഷം സര്‍ക്കാര്‍ ഇറക്കുന്ന വിജ്ഞാപനത്തില്‍ പറയുന്ന വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ മാനേജ്‌മെന്റുകളെ അറിയിച്ചിട്ടുണ്ട്. മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എകെ ബാലന്‍, കെകെ ശൈലജ എന്നവരാണ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. മൂന്നുമണിക്കൂറിലധികമായി നടക്കുന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടാകും എന്ന സൂചനയാണ് ലഭിക്കുന്നത്.

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരം 12 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ചവിളിച്ചത്. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിതരാകും. അതുകൊണ്ടു തന്നെ വിഷയത്തെപ്പറ്റി ഒന്നുകൂടി ആലോചിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് സമയം നല്‍കിയിരിക്കുകയാണ്.

ചര്‍ച്ച ഇടയ്ക്ക് വച്ച് നിര്‍ത്തി മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് ആലോചിക്കാന്‍ സമയം നല്‍കുകയായിരുന്നു. മന്ത്രിമാര്‍ തിരിച്ചെത്തി ചര്‍ച്ച പുനരാരംഭിക്കുമ്പോള്‍ മാനേജ്‌മെന്റുകള്‍ നിലപാട് അറിയിക്കേണ്ടിവരും. മാനേജ്‌മെന്റുകള്‍ എന്തു തീരുമാനത്തില്‍ എത്തുമെന്ന കാത്തിരിപ്പിലാണ് എല്ലാവരും.

സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയാണെങ്കില്‍ മാനേജ്‌മെന്റുകള്‍ അതിനെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതേസമയം മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇതുവരെയും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാനേജ്‌മെന്റുകള്‍ നേരത്തേയെടുത്ത നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.

അടിസ്ഥാന ശമ്പളത്തില്‍ 35 ശതമാനം വര്‍ധനവ് എന്നാതായിരുന്നു നേരത്തെ മാനേജ്‌മെന്റുകള്‍ സ്വീകരിച്ചിരുന്ന നിലപാട്. കൂടിപ്പോയാല്‍ ഇത് 37 ശതമാനം വരെ ഉയര്‍ത്താം, അതായത്, 12000 രൂപ വരെ അടിസ്ഥാന ശമ്പളമായി നല്‍കാം എന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്. എന്നാല്‍ മാനേജ്‌മെന്റുകള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച് അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. കാത്തോലിക്ക സഭയുടെ കീഴിലുള്ള ആസ്പത്രികളുടെ അസോസിയേഷനും കേരളാ െ്രെപവറ്റ് ഹോസ്പിറ്റല്‍ ഓണേഴ്‌സ് അസേസിയേഷനുമാണ് 35 ശതമാനം വര്‍ധനവ് മാത്രമേ ശമ്പളത്തില്‍ വരുത്തൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്.

എംഇഎസ് ഉള്‍പ്പെടെയുള്ള മറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുകള്‍ ശമ്പളവര്‍ധനവ് കുറച്ചു കൂടി കൂട്ടാം എന്ന അഭിപ്രായക്കാരാണ്. ഇന്നത്തെ ചര്‍ച്ചയെ ഏറെ പ്രതീക്ഷയോടെയാണ് നഴ്‌സുമാര്‍ കാണുന്നത്. ഇത്തവണയും തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ സംസ്ഥാനവ്യാപകമായി സൂചനാപണിമുടക്കും അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more