1 GBP =
breaking news

യു കെ യിലെ ഏതു നേഴ്‌സിനും കരഗതമാക്കാവുന്നതാണ് വിജയങ്ങൾ ! അവബോധനമുണർത്തി യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ നേഴ്‌സസ് ഫോറം കൺവെൻഷൻ സമാപിച്ചു

യു കെ യിലെ ഏതു നേഴ്‌സിനും കരഗതമാക്കാവുന്നതാണ് വിജയങ്ങൾ ! അവബോധനമുണർത്തി യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ നേഴ്‌സസ് ഫോറം കൺവെൻഷൻ സമാപിച്ചു

ബാല സജീവ്‌കുമാർ, യുക്മ പി ആർ ഓ

ടൺബ്രിഡ്ജ് വെൽസിലെ സെന്റ് ഫിലിപ്പ് ചർച്ച് ഹാളിൽ വച്ചു യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേഴ്‌സസ് കോൺഫറൻസ് വിജ്ഞാനപ്രദമായ ക്ലാസ്സുകൾ കൊണ്ടും ശില്പശാലകൾ കൊണ്ടും, പങ്കാളിത്തം കൊണ്ടും സമ്പൂർണ്ണമായിരുന്നു. യുക്മ നേഴ്‌സസ് ഫോറം നാഷണൽ പ്രസിഡന്റ് ബിന്നി മനോജ് ഉത്‌ഘാടനം ചെയ്ത് ഫെബ്രുവരി പത്താം തീയതി ശനിയാഴ്ച പന്ത്രണ്ട് മണിയോടെ ആരംഭി ച്ച നേഴ്‌സസ് കോൺഫറൻസിൽ അൻപതോളം പേരാണ് രെജിസ്റ്റർ ചെയ്ത് പങ്കെടുത്തത്. നേഴ്‌സസ് ഫോറത്തിന്റെ ആവിർഭാവത്തെപ്പറ്റിയും, ആവശ്യകതയെപ്പറ്റിയും, ഇപ്രകാരമുള്ള മീറ്റിങ്ങുകൾ വഴിയുള്ള നേട്ടങ്ങളെപ്പറ്റിയും ഉദ്‌ഘാടന പ്രസംഗത്തിൽ ബിന്നി മനോജ് പ്രതിപാദിക്കുകയും പങ്കെടുക്കുന്ന എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുകയും ചെയ്തു.

സുഖപ്രദമായ ഒരു മേഖലയിൽ എത്തിപ്പെട്ടാൽ വളർച്ച മുരടിക്കുമെന്നതിന്റെ ഉദാഹരണമാണ് പല മലയാളി നേഴ്സുമാരുടെയും തൊഴിൽ പരമായ ഉന്നമനത്തിനു തടസ്സമാകുന്നത് എന്ന് പരോക്ഷ സൂചന നൽകി, പരിശ്രമികളാകാൻ ഉൽബോധിപ്പിക്കുന്ന പ്രഭാഷണമാണ് കോൺഫറൻസ് നയിച്ച വെസ്റ്റ് സസ്സക്സ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ റെസ്പിറേറ്ററി വിഭാഗം മേധാവിയും ട്രെയ്‌നറുമായ ജൊവാൻ കിൽഗാരിഫ് നടത്തിയത്. ഇനി വയ്യ എന്ന തോന്നലും മടിയും മാറ്റിവച്ച് ചുറുചുറുക്കോടെ പുതിയ മേഖലകൾ വെട്ടിപ്പിടിക്കുന്നത് ആസ്വദിക്കാൻ മലയാളി നേഴ്‌സുമാരെ അവർ ആഹ്വാനം ചെയ്തു. പുതിയ മേഖലകളിൽ ജോലി തേടുംപോഴും, ജോലിയിൽ ഉയർച്ചക്ക് അപേക്ഷിക്കുമ്പോഴും പലർക്കും കടമ്പയാകുന്ന ഇന്റർവ്യൂ എന്ന മാരണത്തെ എങ്ങനെ മനോഹരിയാക്കാം എന്ന വിഷയത്തിൽ ക്‌ളാസ് എടുത്തത് റെഡിച്ച് പ്രിൻസസ് അലക്‌സാൻഡ്ര ഹോസ്പിറ്റലിലെ മേട്രൺ ആയ രജി ജോർജ്ജ് ആയിരുന്നു

മാനക്കേട് ഭയന്ന് ചെറിയ ശിക്ഷകളും വാണിങ്ങുകളും കിട്ടുമ്പോൾ അതിനെ അപ്പീൽ നൽകി ചലഞ്ച് ചെയ്യാതെ ഗുരുതരമായ പ്രശ്നങ്ങളിൽ എത്തിപ്പെടുന്ന മലയാളി നേഴ്‌സുമാരെ യുക്മ നേഴ്‌സസ് ഫോറം ലീഗൽ സെൽ ചുമതലയുള്ള തമ്പി ജോസ് പരാമർശിച്ചു സംസാരിച്ചു. രഹസ്യ സ്വഭാവത്തോട് കൂടി കാര്യങ്ങൾ പരിഗണിച്ച് ആവശ്യമായ സഹായവും ഉപദേശവും യുക്മ നേഴ്‌സസ് ഫോറം ലീഗൽ സെല്ലിൽ നിന്നും ആവശ്യക്കാർക്ക് ലഭ്യമാണെന്ന് ഉദാഹരണങ്ങൾ സഹിതം അദ്ദേഹം വ്യക്തമാക്കി.

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളായ അജിത്ത് വെണ്മണി, നേഴ്‌സസ് ഫോറം കോർഡിനേറ്റർ ആയ റൊണാൾഡോ മാനുവൽ, ആതിഥേയരായ കെന്റ് സഹൃദ വൈസ് പ്രസിഡന്റ് ബീന , യുക്മ സാംസ്കാരിക വേദി അംഗം ജേക്കബ് കോയിപ്പള്ളി എന്നിവർ നേഴ്‌സസ് കൺവെൻഷന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ചിട്ടയോടെയുള്ള പരിപാടികളുടെ നടത്തിപ്പിനുമായി നേഴ്‌സസ് ഫോറം നാഷണൽ പ്രസിഡന്റ് ബിന്നി മനോജിനൊപ്പം ഉണ്ടായിരുന്നു.
നേഴ്‌സസ് ഫോറം കൺവെൻഷനിൽ പങ്കെടുത്തവർ അനുഭവങ്ങളും പ്രശ്നങ്ങളും പരസ്പരം പങ്കു വക്കുകയും തുറന്ന ചർച്ചകളിലൂടെയും എക്സ്പെർട്ട് ഉപദേശങ്ങളിലൂടെയും ബോധവാന്മാരാകുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും നാല് മണിക്കൂർ സി പി ഡി പോയിന്റുകളും ലഭിക്കുകയും ചെയ്തു
. പങ്കെടുത്ത എല്ലാവർക്കും റൊണാൾഡോ നന്ദി പ്രകാശിപ്പിച്ച്, സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് അഞ്ചുമണിയോടെ കോൺഫെറെൻസ് പര്യവസാനിച്ചു.

നോർത്ത് വെസ്റ്റ് റീജിയണിൽ യുക്മ യൂത്ത് പ്രോഗ്രാം നടക്കുകയായിരുന്നതിനാൽ ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയ യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, യുക്മ നേഴ്‌സസ് ഫോറം കോർഡിനേറ്റർ സിന്ധു ഉണ്ണി എന്നിവർ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ നേഴ്‌സസ് കോൺഫെറൻസിന് ആശംസകൾ അറിയിച്ചു

Post Your Comments Here ( Click here for malayalam )

Press Esc to close
show more