1 GBP = 103.87

“Let’s Break It Together” ൽ വാദ്യ സംഗീതത്തിന്റെ നൂപുര ധ്വനികൾ മുഴങ്ങിയ രാഗസന്ധ്യയിൽ നോർത്താംപ്ടണിലെ ആഞ്ചലീൻ, ഓസ്റ്റിൻ സഹോദരങ്ങളും ജോഹാൻ, ജൂവൽ സഹോദരങ്ങളും കെറിനും ചേർന്നൊരുക്കിയത് സംഗീത നിറച്ചാർത്ത്…..

“Let’s Break It Together” ൽ വാദ്യ സംഗീതത്തിന്റെ  നൂപുര ധ്വനികൾ മുഴങ്ങിയ രാഗസന്ധ്യയിൽ നോർത്താംപ്ടണിലെ ആഞ്ചലീൻ, ഓസ്റ്റിൻ സഹോദരങ്ങളും ജോഹാൻ, ജൂവൽ സഹോദരങ്ങളും കെറിനും ചേർന്നൊരുക്കിയത് സംഗീത നിറച്ചാർത്ത്…..

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ  ഓർഡിനേറ്റർ)


കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ നോർത്താംപ്ടണിൽ നിന്നുള്ള ആഞ്ചലീൻ സെബി, ഓസ്റ്റിൻ സെബി, കെറിൻ സന്തോഷ്, ജോഹാൻ ജോബി ജോൺ, ജൂവൽ ജോബി ജോണും ചേർന്നൊരുക്കിയത് സ്നേഹ സംഗീതത്തിന്റെ നിറച്ചാർത്ത്.

സംഗീതാസ്വാദകർ ഓർമകളിൽ നിറം മങ്ങാതെ സൂക്ഷിക്കുന്ന ഒരു പിടി മനോഹര ഗാനങ്ങൾ കുട്ടികൾ പാടിയത് പ്രേക്ഷകർ  ഹൃദയങ്ങളിൽ ഏറ്റുവാങ്ങി. കീബോർഡിലും ഡ്രംസിലും സൂപ്പർ ഹിറ്റ് ഗാനങ്ങൾ വായിച്ച് ആഞ്ചലീനും ഓസ്റ്റിനും ജോഹാനും പ്രേക്ഷക പ്രശംസകൾ ഏറ്റ് വാങ്ങിയപ്പോൾ ശ്രുതി മധുര ഗാനങ്ങൾ ആലപിച്ച് കെറിനും ജൂവലും ആസ്വാദക ഹൃദയങ്ങളിൽ ഇടം പിടിച്ചു.


കെറിൻ മനോഹരമായി ആലപിച്ച “ലോകം മുഴുവൻ സുഖം പകരാനായ്” എന്ന പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ലൈവിൽ “ചിരാതുകൾ” എന്ന ഗാനം കീബോർഡിൽ ശ്രുതി മധുരമായ് വായിച്ച ആഞ്ചലീന ലൈവിനെ മറ്റൊരു മൂഡിലേക്ക് മാറ്റി. കുട്ടികളുടെ ഇഷ്ട ഗാനമായ “കണ്ണാം തുമ്പീ പോരാമോ” എന്ന ഗാനം പാടി കെറിൻ കൈയ്യടി നേടിയപ്പോൾ ആഞ്ചലീനും ഓസ്റ്റിനും ചേർന്ന് “ഡാൻസ് മങ്കി” എന്ന ഗാനം കീബോർഡിലും ഡ്രംസിലും വളരെ ഭംഗിയായി അവതരിപ്പിച്ചു.

 
മലയാളികളുടെ നൊസ്റ്റാൾജിക് പാട്ടുകളിലൊന്നായ “അല്ലിയാമ്പൽ” പാടി ലൈവിൽ രംഗപ്രവേശം ചെയ്ത ജൂവൽ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസകൾക്ക് പാത്രമായി. തുടർന്ന് വന്ന ജോഹാൻ ഡ്രംസിൽ ഏറെ ഭംഗിയോടെ പെർഫോം ചെയ്തപ്പോൾ, “മഞ്ഞൾ പ്രസാദം”, “എത്രയോ ജൻമമായ്”, “ചെമ്പരത്തി പൂവേ ചൊല്ല്”, “വൈശാഖ സന്ധ്യേ” എന്നീ സൂപ്പർ ഹിറ്റ് ഗാനങ്ങൾ വളരെ നന്നായി ആലപിച്ച കെറിൻ താനൊരു ഭാവി വാഗ്ദാനമാണെന്ന് സ്വയം തെളിയിക്കുകയായിരുന്നു. കെറിനും ജൂവലും ആലപിച്ച മനോഹര ഗാനങ്ങളുടെ ഇടവേളകളിൽ ഡ്രംസിൽ പെർഫോം  ചെയ്ത ഓസ്റ്റിനും ജോഹാനും ആസ്വാദകരുടെ മനം കുളിർപ്പിക്കുന്ന പ്രശംസകൾ ഏറ്റ് വാങ്ങി. കീബോർഡിൽ മനോഹരമായി പെർഫോം ചെയ്ത ജോഹാൻ ഡ്രംസിനോടൊപ്പം കീബോർഡിലുമുള്ള തന്റെ കഴിവ് തെളിയിച്ചു. “ഉയിരിൽ തൊടും”, മൊസാർട്ടിന്റെ “ടർക്കിഷ് മാർച്ച്” എന്നീ ഗാനങൾ കീബോർഡിൽ അതിസുന്ദരമായി വായിച്ച ആഞ്ചലീന “വാതിൽക്കലെ വെള്ളരിപ്രാവ്” എന്ന മനോഹര ഗാനം വായിച്ച് ഷോ അവസാനിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമായിരുന്നു ലൈവിൽ. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന ഈ കൌമാര പ്രതിഭകളുടെ  പ്രകടനം ഇതിനോടകം ആയിരങ്ങൾ കണ്ടു കഴിഞ്ഞു. ലൈവിൽ ആങ്കറായി എത്തിയ സോണിയ ജോബി കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഷോ വളരെ ഭംഗിയായി നയിച്ചു.

  
“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, കുട്ടികളുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലൈവിൽ വന്ന സെബി കാച്ചപ്പിള്ളി കുട്ടികൾക്കായി ഇത് പോലൊരു വേദി ഒരുക്കി കുട്ടികളുടെ കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും നന്ദി അറിയിക്കുകയും ചെയ്തു.പഠനത്തിലും സംഗീതത്തിലും ഒരുപോലെ മികവ് തെളിയിച്ച് മുന്നേറുന്ന ആഞ്ചലീൻ, ഓസ്റ്റിൻ, കെറിൻ , ജോഹാൻ, ജൂവൽ എന്നീ കൌമാര പ്രതിഭകൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

കഴിഞ്ഞ വ്യാഴാഴ്ച “Let’s Break It Together” നോർത്താംപ്റ്റണിൽ നിന്നുള്ള കൊച്ചു കൂട്ടുകാർ അവതരിപ്പിച്ച പരിപാടി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 22/08/2020 ശനി വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more