1 GBP = 104.02

ഉത്തര കൊറിയന്‍ മിസൈല്‍ വ്യോമപാതയില്‍ ; ഞെട്ടിത്തരിച്ച് വിമാന യാത്രക്കാര്‍

ഉത്തര കൊറിയന്‍ മിസൈല്‍ വ്യോമപാതയില്‍ ; ഞെട്ടിത്തരിച്ച് വിമാന യാത്രക്കാര്‍

വാഷിംഗ്ടണ്‍: ഉത്തരകൊറിയ നവംബറില്‍ നടത്തിയ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത്. ഉത്തരകൊറിയ നടത്തിയ ഈ മിസൈല്‍ പരീക്ഷണം സഞ്ചരിച്ചത് വ്യോമപാതയിലാണെന്നും സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്ന വിമാന യാത്രികര്‍ സാക്ഷികളായെന്നുമാണ് അമേരിക്ക ആരോപിക്കുന്നത്.

ആഗോളതലത്തിലെ എതിർപ്പിനെ വകവെയ്ക്കാതെ കിം ജോംഗ് ഉൻ നടത്തുന്ന ഈ പരീക്ഷണങ്ങൾ ധാര്‍ഷ്ട്യത്തിന്റെ തെളിവാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് സാക്ഷികളാകുമ്പോൾ സാന്‍ഫ്രാന്‍സിസ്കോ-ഹോങ്കോങ് വിമാനം ലക്ഷ്യസ്ഥാനത്തിന് 280 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സൂചിപ്പിക്കുന്നത്.

ഈ വ്യോമപരിധിയില്‍ അന്ന് 9 വിമാനങ്ങള്‍ ആ സമയത്തുണ്ടായിരുന്നു. 716 വിമാനങ്ങള്‍ ഈ വ്യോമപരിധിയിയിലൂടെ ആ ദിവസം സഞ്ചരിച്ചുവെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് അറിയിച്ചതെന്നും ടില്ലേഴ്സണ്‍ പറഞ്ഞു. എന്നാൽ ഏത് വിമാനത്തിലെ യാത്രക്കാരാണ് വിക്ഷേപണം കണ്ടതെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല.

ലോക രാജ്യങ്ങളുടെ എതിർപ്പിനെ മറികടന്നാണ് നവംബറിൽ ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. 53 മിനിറ്റോളം നീണ്ടുനിന്ന പരീക്ഷണവിക്ഷേപണത്തില്‍ ഭൂഖണ്ഡാന്തര മിസൈല്‍ 2500 മൈല്‍ ഉയരത്തിലെത്തിയ ശേഷമാണ് ജപ്പാന്റെ വടക്ക്പടിഞ്ഞാറന്‍ തീരത്തിന് 155 മൈല്‍ അകലെ പതിച്ചത്.

ഉത്തര കൊറിയയുടെ മിസൈൽ കണ്ടെന്ന് ഹോങ്കോങ് ആസ്ഥാനമായ കാത്തായ് പസഫിക് എയര്‍വെയ്സ് ലിമിറ്റഡും കൊറിയന്‍ എയര്‍ലൈൻസ് കമ്പനിയും നേരത്തെ അറിയിച്ചിരുന്നു. പുതിയ പ്രശ്നത്തിന്റെ പേരിൽ വ്യോമ പാതയിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് കമ്പനി. അമേരിക്ക ഉന്നയിച്ച പുതിയ വാദം ഉത്തരകൊറിയക്ക് മേൽ കൂടുതൽ നിരോധനം ഏർപ്പെടുത്തുന്നതിന് കാരണമാകും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more