1 GBP = 103.12

കനലെരിയുന്ന മനസ്സുമായി നിന്ന മത്സ്യത്തൊഴിലാളികൾക്ക് മുന്നിൽ കൂപ്പു കൈയുമായി നിന്ന് പ്രസംഗിച്ച പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ മാതൃകയാകുകയാണ്

കനലെരിയുന്ന മനസ്സുമായി നിന്ന മത്സ്യത്തൊഴിലാളികൾക്ക് മുന്നിൽ കൂപ്പു കൈയുമായി നിന്ന് പ്രസംഗിച്ച പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ മാതൃകയാകുകയാണ്

തിരുവനന്തപുരം: ഉറ്റവരെ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്കു മുന്നില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ കാഴ്ചവച്ച പ്രസംഗത്തെ പ്രശംസിച്ച് രാഷ്ട്രീയ കേരളം. രാഷ്ട്രീയ കക്ഷിഭേദമന്യേ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും പൂന്തുറയില്‍ കേന്ദ്രമന്ത്രി ഇടപെട്ട രീതിയെ അഭിനന്ദിക്കുകയാണ്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ കഴിഞ്ഞ ദിവസം ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനത്തെ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്.

തീരദേശത്ത് പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അതീവ ജാഗ്രതയിലായിരുന്നു. സംസ്ഥാന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, ജെ. മേഴ്‌സികുട്ടിയമ്മക്കും ഒപ്പമാണ് ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ദേശീയ സമിതിയംഗം വി.മുരളീധരനും മന്ത്രിയെ അനുഗമിച്ചു.

എരിയുന്ന മത്സ്യതൊഴിലാളികളുടെ മനം കുളിര്‍പ്പിക്കുന്നതായിരുന്നു നിര്‍മ്മല സീതാരാമന്റെ തമിഴിലെ പ്രസംഗം.

‘നാന്‍ കൈ കൂപ്പി കേക്ക്‌റേന്‍ ഇന്ത സമയത്തില് ദയവ് പണ്ണി പഴി പോട വേണ്ടാ..
എനക്ക് തെരിയും ഉങ്കളുടെ മനം..
നാനും പൊമ്പിളൈ താന്‍..
നാന്‍ ഉങ്കളെ കേക്ക്‌റേന്‍..
കേക്ക വേണ്ടി താന്‍ വന്തേന്‍..’ എന്നു പറഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരായ പഴികള്‍പോലും തന്റെ സാന്നിധ്യത്തില്‍ പറയുന്നത് വിലക്കി ഉയര്‍ന്ന രാഷ്ട്രീയബോധവും അവര്‍ കാട്ടി.

മുന്നറിയിപ്പു വൈകിയതിനെക്കുറിച്ചു വിവാദം വേണ്ട. ഇതേക്കുറിച്ചു പരസ്പരം പഴിചാരേണ്ടതില്ല. മറ്റു തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനു കേന്ദ്ര ഇടപെടല്‍ ഉണ്ടാകും. ഫിഷറീസ് മന്ത്രാലയം എന്ന ആവശ്യം പരിഗണിക്കുമെന്നും പ്രതിരോധമന്ത്രി ഉറപ്പുനല്‍കി.

മതിയെന്നു മല്‍സ്യതൊഴിലാളികള്‍ പറയുംവരെ തിരച്ചില്‍ തുടരും. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. മല്‍സ്യത്തൊഴിലാളുകളുടെ ജീവനും സ്വത്തിനും ഉറപ്പു നല്‍കുന്നു. എല്ലാ സന്നാഹവും ഉപയോഗിച്ചുള്ള തിരച്ചിലാണു നടത്തുന്നത്. മല്‍സ്യത്തൊഴിലാളികളെയും തിരച്ചിലിന്റെ ഭാഗമാക്കാന്‍ തയാറാണ്.

കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായപ്പോഴത്തേക്കാള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും അവര്‍ അറിയിച്ചു.

ചുഴലി കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനുള്ള സാങ്കേതികവിദ്യ മെച്ചപ്പെട്ടതല്ല. അതിനാല്‍, മുന്നറിയിപ്പു സംബന്ധിച്ചു തര്‍ക്കം വേണ്ട. നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലി കൊടുങ്കാറ്റ് ഈ ഭാഗത്ത് ഉണ്ടാകുന്നത്. ഉപഗ്രഹങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ശാസ്ത്രജ്ഞരാണു മുന്നറിയിപ്പു നല്‍കേണ്ടത്. വളരെ നേരത്തെ മുന്നറിയിപ്പ് ലഭിച്ചാല്‍ നന്ന്. ഇതില്‍ നാം ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ രാജ്യത്തെ സുപ്രധാന പ്രതിരോധ വകുപ്പ് വനിതയായ നിര്‍മ്മല സീതാരാമനില്‍ നല്‍കിയ പ്രധാനമന്ത്രിയുടെ നടപടിയില്‍ നെറ്റി ചുളിച്ച മലയാളികള്‍ക്ക് പോലും ഈ മന്ത്രിയുടെ പക്വതയോടു കൂടിയുള്ള ഇടപെടല്‍ അത്ഭുതമായി.

വെറുതെ ഒരു ചടങ്ങിന് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന രാഷ്ട്രീയക്കാരില്‍ നിന്നും തികച്ചും വ്യത്യസ്തമാവുകയായിരുന്നു അവര്‍. ആ ആത്മാര്‍ത്ഥത തന്നെയാണ് ഒപ്പം വന്ന സംസ്ഥാന മന്ത്രിമാരോട് പ്രതിഷേധം പ്രകടിപ്പിച്ചവരെ പോലും നിര്‍മ്മല സീതാരാമന് മുന്നില്‍ നിശബ്ദരാക്കിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more