1 GBP = 103.02
breaking news

നിർഭയ കേസ്: പ്രതിയുടെ റിവ്യൂ ഹർജി ഇന്ന് പരിഗണിക്കും

നിർഭയ കേസ്: പ്രതിയുടെ റിവ്യൂ ഹർജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെ നൽകിയിട്ടുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. സുപ്രീംകോടതി ശരിവച്ച വധശിക്ഷയ്‌ക്കെതിരെ പ്രതിയായ മുകേഷ് സിംഗ് (29) നൽകിയിട്ടുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വാദം കേൾക്കുക. കഴിഞ്ഞ മേയ് അഞ്ചിനാണ് കേസിലെ പ്രതികളായ അക്ഷയ് താക്കൂർ (31), മുകേഷ് സിംഗ്, പവൻ ഗുപ്ത (23), വിനയ് ശർമ്മ (23) എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്. നിർഭയ സംഭവത്തെ മനുഷ്യത്വത്തിന് വിലയില്ലാത്ത മറ്റ് ഏതോ ലോകത്ത് നടന്ന നിഷ്ഠൂര സംഭവമായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വിധി.

2014 സെപ്തംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ആർ.എം.ലോധ പുറപ്പെടുവിച്ച ശ്രദ്ധേമായ വിധിപ്രകാരം വധശിക്ഷയ്‌ക്ക് വിധിച്ച പ്രതികൾ നൽകുന്ന റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ മൂന്നംഗ ബെഞ്ച് അരമണിക്കൂർ എങ്കിലും വാദം കേൾക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതുപക്രാരം പ്രതികളുടെ ഹർജികളിൽ തുറന്ന കോടതിയിലാണ് വാദം കേൾക്കുക. പ്രതികളുടെ റിവ്യൂ ഹർജിയും തള്ളിയാൽ നിയമവ്യവസ്ഥയിലെ അവസാന മാർഗമായ തിരുത്തൽ ഹർജി നൽകാനാകും. തുടർന്ന്, രാഷ്ട്രപതിക്ക് ദയാഹർജിയും നൽകാം.

2012 ഡിസംബർ 16ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ആൺസുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന യുവതിയെ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ചാണ് ആറ് പേർ കൂട്ടമാനഭംഗത്തിനിരയാക്കിയത്. 13ദിവസം ഇന്ത്യയിലും തുടർന്ന് സിംഗപ്പൂരിലും ചികിത്സയിൽ കഴിഞ്ഞ യുവതി ഡിസംബർ 29ന് മരണത്തിന് കീഴടങ്ങി.
കേസിലെ മുഖ്യപ്രതി രാംസിംഗിനെ വിചാരണവേളയിൽ 2013 മാർച്ചിൽ തീഹാർ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പ്രതി മൂന്ന് വർഷത്തെ ശിക്ഷ പൂർത്തിയാക്കി നേരത്തെ പുറത്തിറങ്ങി. മറ്റ് നാല് പേർക്കും 2013 സെപ്തംബർ 13നാണ് സാകേതിലെ അതിവേഗ കോടതി ജഡ്ജി യോഗേഷ് ഖന്ന വധശിക്ഷ വിധിച്ചത്. ഇത് 2014 മാർച്ചിലും ഈ വർഷം മേയിൽ സുപ്രീംകോടതിയും ശരിവച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more