1 GBP = 103.12

സമ്പർക്ക പട്ടിക കൂടാൻ സാധ്യത; രോഗ ഉറവിടം കണ്ടെത്താൻ ശ്രമിക്കും: ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്

സമ്പർക്ക പട്ടിക കൂടാൻ സാധ്യത; രോഗ ഉറവിടം കണ്ടെത്താൻ ശ്രമിക്കും: ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്

കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടിക കൂടാൻ സാധ്യതയുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താൻ എല്ലാ തരത്തിലും ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചത്.ഇന്നലെ 188 കോണ്ടാക്ടുകൾ കണ്ടെത്തി. 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ് കൂടുതൽ കോണ്ടാക്ടുകൾ ഉണ്ടാവും. സോഴ്സ് കണ്ടെത്തലും പ്രധാനമാണ്. ഇവ രണ്ടിനും പ്രാധാന്യം നൽകി മുന്നോട്ടുപോകുമെന്ന് തീരുമാനിച്ചു. ചോദ്യാവലിയുമായി ഭവനസന്ദർശനം നടത്താനും തീരുമാനിച്ചു. കുട്ടിക്ക് രോഗം ബാധിച്ചതെവിടെ നിന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിലവിൽ കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. ഒരു ആരോഗ്യപ്രവർത്തകന് കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ പനിയുണ്ടായതായി പറയുന്നു. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള 7 പേരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട്. നിപ ബാധക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും. ചാത്തമംഗലത്ത് ജാഗ്രതാനിർദ്ദേശം നൽകി. നിലവിലെ സാഹചര്യം നിരീക്ഷിക്കാനും മറ്റ് കാര്യങ്ങൾക്കുമായും മന്ത്രിമാർ ഇവിടെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചിരുന്നു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ് സംസ്കാര ചടങ്ങുകൾ ചെയ്തത്. അടക്കുന്നതിന് മുമ്പ് മയ്യത്ത് നമസ്കാരം നടത്തി.

നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ചു. മുക്കം നഗരസഭയിലെ 3 കിലോമീറ്റർ പരിധിയിൽ കണ്ടെയ്‌ൻമെന്റ് സോൺ. കൊടിയത്തൂർ പഞ്ചായത്തിലെ 3 കിലോമീറ്റർ പരിധിയിലും കണ്ടെയ്‌ൻമെന്റ് സോൺ. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ തുറക്കാം.

ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുൻസിപ്പാലിറ്റി, പുത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളുമാണ് കണ്ടയിമെന്റ് സോൺ ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more