1 GBP = 104.08

നിപ പരത്തിയത് വവ്വാലുകളല്ലെന്ന് പ്രാഥമിക പരിശോധന ഫലം

നിപ പരത്തിയത് വവ്വാലുകളല്ലെന്ന് പ്രാഥമിക പരിശോധന ഫലം

കോഴിക്കോട്: നിപ വൈറസ് പരത്തിയത് വവ്വാലകളല്ലെന്ന് പ്രാഥമിക പരിശോധനാ ഫലം. പേരാമ്പ്രയിലെ ചെങ്ങരോത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച വളച്ചുകെട്ടി വീട്ടിലെ കിണറ്റില്‍ നിന്ന് പിടികൂടിയ വവ്വാലിന്റെ രക്തം ശേഖരിച്ച് വിദഗ്ധപരിശോനയ്ക്കായി ഭോപ്പാലിലെ കേന്ദ്രലാബിലേക്ക് അയച്ചിരുന്നു. ഈ രക്ത പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം പേരാമ്പ്ര മേഖലയില്‍ ആദ്യം ഉണ്ടാകുകയും പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പടരുകയും ചെയ്ത നിപ വൈറസ് രോഗം പരത്തിയത് വവ്വാലുകളല്ലെന്ന് വ്യക്തമായിരിക്കുകയാണ്.

അതേസമയം, വിശദമായ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മാത്രമേ വവ്വാല്‍ രോഗകാരിയായോ എന്നത് സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ. വവ്വാലുകളെ കൂടാതെ ആട്, പശു, പന്നി എന്നീ മൃഗങ്ങളുടെ അടക്കം 21 സാമ്പിളുകളാണ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. രക്തമടക്കമുള്ള ശ്രവങ്ങള്‍ ശേഖരിച്ചാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിലാണ് വവ്വാലുകള്‍ മൂലമല്ല രോഗം പരന്നതെന്ന പ്രാഥമിക റിപ്പോര്‍ട്ട് വന്നത്. 21 പരിശോധനഫലത്തിലും നിപ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.

പേരാമ്പ്ര മേഖലയില്‍ നിപ രോഗബാധയുണ്ടാതിനെ തുടര്‍ന്ന് മൂസയുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തുകയും ഇവയാകാം വൈറസ് വാഹകരായതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മൂസയുടെ വീട്ടില്‍ നിന്ന് പിടികൂടിയ വവ്വാലുകള്‍ ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളാണന്നും കായ്കനികള്‍ ഭക്ഷിക്കുന്ന വര്‍ഗ്ഗത്തില്‍പ്പെട്ട വവ്വാലുകളാണ് നിപ വൈറസ് പരത്തുന്നതെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചിരുന്നു. എങ്കിലും പരിശോധനാ ഫലം വരട്ടെയെന്ന നിലപാടിലായിരുന്നു അധികൃതര്‍.

മൂസയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി മൂസയും മക്കളായ സാബിത്തും സാലിഹും കൂടി ഇവിടുത്തെ വീട്ടുവളപ്പിലുള്ള കിണര്‍ വൃത്തിയാക്കിയിരുന്നു. ഈ കിണറ്റില്‍ നിരവധി വവ്വാലുകള്‍ ആവസിച്ചിരുന്നു. പിന്നീട് ഈ മാസം അഞ്ചിന് സാബിത്ത് പനി ബാധിച്ച് മരിക്കുകയും പത്ത് ദിവസത്തിനുശേഷം സാലിഹിനും തുടര്‍ന്ന് പിതാവ് മൂസയ്ക്കും പനി പിടിപെടുകയുമായിരുന്നു. മൂസയുടെ സഹോദര ഭാര്യ മറിയത്തിനും പിനി പിടിപെട്ടിരുന്നു.

സാലിഹ് ഈ മാസം 18ന് മരിച്ചു. പിന്നാലെ 19 ന് മറിയവും മരിച്ചു. ഇതോടെയാണ് നിപ വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് മൂസയും മക്കളും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കിയ വിവരം വ്യക്തമായതും കിണര്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതും. തുടര്‍ന്ന് കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തുകയും ഇവയുടെ രക്തം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. കിണര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മണ്ണിട്ടു മൂടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വവ്വാലുകള്‍ ആണ് നിപ വൈറസ് പരത്തിയതെന്ന് വ്യാപകമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനിടെ രോഗം ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്ന മൂസ ഇന്നലെ മരിച്ചിരുന്നു.

അതേസമയം, മരിച്ച സാബിത്ത് നേരത്തെ മലേഷ്യയിലേക്ക് യാത്ര നടത്തിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിപ വൈറസ് ബാധ കണ്ടെത്തിയതിന് പിന്നാലെ ഇക്കാര്യവും പലരും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും വവ്വാലുകളെ പ്രധാനമായും സംശയിച്ചിരുന്നതിനാല്‍ മലേഷ്യന്‍ യാത്രയുടെ കാര്യം ആരും അത്ര ഗൗരവത്തോടെയെടുത്തിരുന്നില്ല. വവ്വാലുകള്‍ മൂലമല്ല നിപ പേരാമ്പ്ര മേഖലയിലെത്തിയതെന്ന് വ്യക്തമായ സാഹചര്യത്തില്‍ മലേഷ്യന്‍ യാത്രയടക്കമുള്ള കാര്യങ്ങളും പരിശോധിക്കും.

അതേസമയം,സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.  ഇതുവരെ 12 പേര്‍ നിപ വൈറസ് മൂലം മരിച്ചുവെന്നും വൈറസ് ബാധയേറ്റ മൂന്നുപേര്‍ ചികിത്സയിലാണെന്നും സ്ഥിരീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഓസ്‌ട്രേലിയയില്‍ നിന്നുള്ള കൂടുതല്‍ ഫലപ്രദമായ മരുന്നിന്റെ 50 ഡോസ് സംസ്ഥാനത്തേക്ക് എത്തിച്ചതായും  കോഴിക്കോട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും വരും ദിവസങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമാണ് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. സംസ്ഥാനത്ത് നിപ വൈറസ് നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി. രോഗം വ്യാപകമായി പടരുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഫലപ്രദമായി നല്‍കി മരുന്നിന്റെ 50 ഡോസ് സംസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും വിദഗ്ദസംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം ഇത് നല്‍കി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ഹ്യൂമന്‍ മോണോ ക്ലോണിന്‍ ആന്റിബോഡി എന്ന മരുന്നാണ് ഓസ്‌ട്രേയിലയില്‍ നിന്നും എത്തിച്ചത്. നേരത്തെ എത്തിച്ച പ്രതിരോധ ഗുളികയായ റിബവൈറിന്‍ ചികിത്സയിലുള്ളവര്‍ക്ക് നല്‍കി തുടങ്ങി. നവമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോക ആരോഗ്യസംഘടന നല്ല രീതിയിലുള്ള സഹായം വാഗ്ദാനം ചെയ്തുവെന്നും രണ്ടാമത്തെ മരണത്തോടെ രോഗകാരണം കണ്ടു പിടിക്കാന്‍ കഴിഞ്ഞതില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചുവെന്നും മന്ത്രി പറഞ്ഞു.

ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച് പുതിയ മരുന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more