1 GBP = 103.16

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് ; ഭീകരരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ ഫ്രാന്‍സിലേക്ക്‌

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് ; ഭീകരരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ ഫ്രാന്‍സിലേക്ക്‌

ന്യൂഡല്‍ഹി: കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ സംഘം (എന്‍ഐഎ) പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യംചെയ്യാന്‍ ഫ്രാന്‍സിലേക്ക്. 2015 നവംബറില്‍ പാരീസില്‍ നടന്ന ഭീകരാക്രമണകേസിലെ പ്രതികളെ ചോദ്യം ചെയ്യുകയാണ് യാത്രയുടെ ലക്ഷ്യം. ഇത് രണ്ടാമത്തെ തവണയാണ് എന്‍ഐഎ ഫ്രാന്‍സിലേക്ക് പോകുന്നത്‌.

എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജാ മൊയ്തീന് പാരിസ് ആക്രമണക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഫ്രാന്‍സിലെ അന്വേഷണസംഘം കേരളത്തിലെത്തി സുബ്ഹാനിയെ ചോദ്യംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 2015 നവംബറില്‍ പാരിസിലെ തീയേറ്ററില്‍ നടന്ന വെടിവയ്പിലടക്കം 130 പേരെ കൊലപ്പെടുത്തിയ അബ്ദുല്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമായിരുന്നെന്ന് സുബ്ഹാനി എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

ഫ്രഞ്ച് പൗരനായിരുന്നു തന്റെ യൂണിറ്റ് കമാന്‍ഡര്‍ എന്നാണു സുബ്ഹാനി നല്‍കിയ മൊഴി. പാരിസ് ആക്രമണം അന്വേഷിക്കുന്ന ഏജന്‍സി ആവശ്യപ്പെട്ടാല്‍ സുബ്ഹാനിയെ ചോദ്യം ചെയ്യുന്നതിന് എന്‍.ഐ.എ അവസരമൊരുക്കുമെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

നേരത്തേ, ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ചെന്നൈ വിമാനത്താവളം വഴിയാണ് തുര്‍ക്കിയിലെ ഇസ്താംബുളിലെത്തിയതെന്നും, പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിയവരോടൊപ്പം അവിടെ നിന്ന് ഐസിസിന്റെ സ്വാധീന മേഖലയായ ഇറാക്കിലേക്ക് കടക്കുകയായിരുന്നെന്നും, ഈ കാലത്താണ് പാരിസ് ആക്രമണത്തിനു നേതൃത്വം നല്‍കിയ സലാഹ് അബ്ദുസലാം, അബ്ദുല്‍ ഹമീദ് അബൗദ് എന്നിവരെ പരിചയപ്പെട്ടതെന്നും സുബ്ഹാനി വെളിപ്പെടുത്തിയിരുന്നു.

അതേസമയം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യും ലഭിച്ച വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more