1 GBP = 103.12

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം: ഡല്‍ഹിയിലും കശ്മീരിലും എന്‍ഐഎ റെയ്ഡ്

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം: ഡല്‍ഹിയിലും കശ്മീരിലും എന്‍ഐഎ റെയ്ഡ്

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്ന സംഘടനകളെ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ജമ്മു കശ്മീരിലും ഡല്‍ഹിയിലും റെയ്ഡ് നടത്തി. ഇതെ തുടര്‍ന്ന് വിവിധ കശ്മീര്‍വിമോചന നേതാക്കള്‍ക്കും സംഘടനകള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

എസ്എഎസ് ഗീലാനി ഉള്‍പ്പെടെയുള്ള പ്രമുഖ ഹുറിയത് നേതാക്കള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജീസ്റ്റര്‍ ചെയ്തിട്ടുള്ളത്. കശ്മീര്‍ വിഘടനവാദത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന വിവിധ സംഘടനകളുടെ സഖ്യകക്ഷിയായ ഹൂറീയത്ത് കോണ്‍ഫറന്‍സ് നേതാക്കന്മാരണ് കുറ്റാരോപിതരില്‍ ഏറെയും.

സൈന്യത്തിനെതിരെ കല്ലെറിയാനും സ്‌കൂളുകള്‍ അടക്കമുള്ള ഗവണ്മെന്റ് സ്ഥാപനങ്ങള്‍ കത്തിക്കാനുമുള്ള ഫണ്ട് പാകിസ്താനില്‍ നിന്നാണ് സ്വീകരിക്കുന്നത് എന്നാണ് ആരോപണം.

ഡല്‍ഹിയില്‍ എട്ട് കേന്ദ്രങ്ങളിലും കശ്മീരില്‍ 14 കേന്ദ്രങ്ങളിലുമാണ് ശനിയാഴ്ച പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. കശ്മിരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്താനിലെ ലഷ്‌കര്‍ കേന്ദ്രങ്ങളില്‍ നിന്ന് പണം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് റെയ്ഡ്. ഹവാല ഇടപാടുകാരുടെ കേന്ദ്രങ്ങളിലാണ് പരിശോധന. കശ്മീരില്‍ ഒരിടത്ത് നിന്നും 1.25 കോടി രൂപ കണ്ടെടുത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദായ നികുതി വകുപ്പും റെയ്ഡില്‍ സഹകരിച്ചു.

സയ്യിദ് അലി ഷാ ഗീലാനി അടക്കമുള്ള ഹുറീയത് നേതാക്കള്‍ക്കെതിരെയാണ് എഫ്‌ഐആര്‍. നയീം ഖാന്‍, ഫറൂഖ് അഹമ്മദ് ദര്‍, ഹാഫിസ് സയീദ് എന്നിവരും എഫ്‌ഐആറിലുണ്ട്. നയീം ഖാന്‍, ബിട്ടാ കരാടെ, ജാവേദ് ബാബ ഗാസി എന്നിവരുടെ വീടുകളും ഡല്‍ഹിയിലെയും ഹരിയാനയിലെയും ചിലയിടങ്ങളുമാണ് റെയ്ഡ് ചെയ്തത്. ഡല്‍ഹിയിലെ ഹവാല പണമിടപാടുകാരുടെ താമസസ്ഥലങ്ങളും റെയ്ഡ് ചെയ്തു. ലഷ്‌കര്‍ഇതയ്ബ തലവന്‍ ഹാഫിസ് സയ്യിദ്, ലഷ്‌കര്‍ഇ തയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളുടെ പേരിലും എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് സ്റ്റിംഗ് ഓപ്പറേഷനില്‍ വെളിപ്പെടുത്തിയ നയീം ഖാന്റെകശ്മീരിലെ വീട്ടിലും റെയ്ഡ് നടന്നു. ഒരു ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് റെയ്ഡ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more