1 GBP = 103.14

മാധ്യമ ബന്ധങ്ങള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കി പബ്ലിക്ക് റിലേഷന്‍സ് ടീമുമായി യുക്മ

മാധ്യമ ബന്ധങ്ങള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കി പബ്ലിക്ക് റിലേഷന്‍സ് ടീമുമായി യുക്മ

റോജിമോന്‍ വര്‍ഗീസ് (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)

കാലഘട്ടത്തിന്റെ ആവശ്യകതകള്‍ മുന്‍കൂട്ടി കണ്ടെത്തുകയെന്നത് ഏതൊരു ജനകീയ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ ഘടകമാണ്. യു.കെ മലയാളീ അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയെ സംബന്ധിച്ചിടത്തോളം അതൊരു പ്രവര്‍ത്തന ശൈലി കൂടിയാണ്. സംഘടനയുടെ പ്രവര്‍ത്തന മേഖലകള്‍ വിപുലമാക്കുന്നതോടൊപ്പം, ആ പ്രവര്‍ത്തനങ്ങളും പുതിയ നയ പരിപാടികളുമെല്ലാം പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കേണ്ടത് അത്യന്താപേഷിതമാണെന്ന തിരിച്ചറിവില്‍ 2017 – 2019 പ്രവര്‍ത്തന വര്‍ഷത്തേക്ക് നാലു പി.ആര്‍.ഒ.മാരടങ്ങുന്ന ഒരു ടീമിനെയാണ് യുക്മ പബ്ലിക് റിലേഷന്‍ വിഭാഗം ചുമതല ദേശീയ നേതൃത്വം ഏല്‍പ്പിക്കുന്നത്.

യുക്മയുടെ കഴിഞ്ഞ അഞ്ച് ഭരണസമിതികളിലും പി.ആര്‍.ഒ. ആയി ഒരാള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു. കൂടാതെ ഓരോ പോഷക സംഘടനകള്‍ക്കും പ്രത്യേകം പി.ആര്‍.ഒമാരെ നിയമിക്കുകയുമായിരുന്നു. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കപ്പെട്ടതനുസരിച്ച് ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നതിനു പരിമിതികള്‍ ഏറെയുണ്ട്. കൂടാതെ സംഘടനയുടെ ഔദ്യോഗിക വാര്‍ത്തകളും പോഷകസംഘടനകളുടെ പരിപാടികളുമെല്ലാം ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയുമുണ്ട്. യുക്മയുടെ വിപുലീകരിക്കപെട്ടിട്ടുള്ള പ്രവര്‍ത്തന മേഖലകളെ സംബന്ധിച്ചും വിവിധ പരിപാടികളുടെ റിപ്പോര്‍ട്ടുകള്‍ ജനമനസ്സുകളിലേയ്ക്ക് പകര്‍ന്ന് നല്‍കേണ്ടതിനു എക്കാലവും യുക്മ സഹയാത്രികരായ മാധ്യമങ്ങള്‍ക്ക് കൃത്യതയോടു കൂടി വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കേണ്ടത് പ്രസ്ഥാനത്തിന്റെ കര്‍ത്തവ്യമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് നാല് പി.ആര്‍.ഒ.മാരുടെ ടീമിനെ നിയോഗിക്കുന്നതിനു യുക്മ ദേശീയ നേതൃത്വം തീരുമാനമെടുത്തിട്ടുള്ളത്.

കഴിഞ്ഞ ഭരണ സമിതിയിലെ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, പ്രഥമ ദേശീയ ജനറല്‍ സെക്രട്ടറിയും പി.ആര്‍.ഒയുമായിരുന്ന ബാല സജീവ് കുമാര്‍, മുന്‍ പി.ആര്‍.ഒ ആയിരുന്ന അനീഷ് ജോണ്‍, യോര്‍ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെ മുന്‍ സെക്രെട്ടറി വര്‍ഗ്ഗീസ് ഡാനിയേല്‍ എന്നിവരെ യുക്മയുടെ പുതിയ ഭരണസമിതിയിലെ പബ്ലിക്ക് റിലേഷന്‍സ് ടീം അംഗങ്ങളായി ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രഖ്യാപിച്ചു. വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പി.ആര്‍.ഒ. ടീം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ എക്സിക്യുട്ടീവ് കമ്മറ്റിയില്‍ എക്സ് ഓഫീഷ്യോ അംഗമായ സജീഷ് ടോം ഭരണസമിതിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍, സംഘടനാപരമായി നേരിട്ടുള്ള വിഷയങ്ങള്‍ എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ യുക്മ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ ചുമതല കൂടിയുള്ള സജീഷ് അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തയ്യാറാക്കുന്നതിന്റെ കൂടി ചുമതല വഹിക്കുന്നതായിരിക്കും.

ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ യുക്മ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു മേഖലയായ യുക്മ ചാരിറ്റി ഫൗണ്ടേറ്റേഷന്റെ പ്രവര്‍ത്തനങ്ങളും യുക്മ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളും ജനഹൃദയങ്ങളി ലെത്തിക്കുകയായിരിക്കും പരിചയ സമ്പന്നനായ ബാലസജ്ജീവ് കുമാറിന്റെ പ്രധാന ദൗത്യം.

യുക്മയുടെ എക്കാലത്തെയും ഏറ്റവും ജനപ്രിയ വേദികളായ യുക്മ കലാമേളയുടെ റിപ്പോര്‍ട്ടിങ്ങിനൊപ്പം യുക്മ കായിക മേളകള്‍, ഈ വര്‍ഷം കൂടുതല്‍ താല്‍പര്യത്തോടെ സമീപിക്കുന്ന വിവിധ ഗെയിംസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തുടങ്ങിയവ അനീഷ് ജോണിന്റെ പരിധിയില്‍ വരുന്ന മേഖലകളാണ്.

2017 -2019 പ്രവര്‍ത്തന വര്‍ഷങ്ങളില്‍ യുക്മ ഏറ്റവും പ്രതീക്ഷയോടെ വിഭാവനം ചെയ്യുന്ന ‘യുക്മ യൂത്ത് ‘ വിഭാഗത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നതോടൊപ്പം തികച്ചും നൂതനനമായി നടപ്പാക്കുവാന്‍ യുക്മ തയ്യാറെടുക്കുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം, യുക്മ ഹെല്‍പ് ലൈന്‍, യുക്മ ജ്വാല, നഴ്സസ് ഫോറം തുടങ്ങിയവ വര്‍ഗീസ് ഡാനിയലിന്റെ റിപ്പോര്‍ട്ടിങ് പരിധിയില്‍ വരുന്നു.

കൂടുതല്‍ കാര്യക്ഷമയ്ക്കും പ്രവര്‍ത്തന സൗകര്യത്തിന് വേണ്ടിയും ഓരോ പി.ആര്‍.ഒ. മാറും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടുന്ന മേഖലകള്‍ വിഭജിച്ചു നല്കിയിട്ടുണ്ടെങ്കിലും ഒരു ടീം എന്ന നിലയില്‍ കൂട്ടുത്തരവാദിത്തത്തോടെ ആയിരിക്കും പബ്ലിക്ക് റിലേഷന്‍സ് ടീം പ്രവര്‍ത്തിക്കുക. യുക്മ പബ്ലിക്ക് റിലേഷന്‍സ് ടീമിന് ദേശീയ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പും മറ്റു ദേശീയ നിര്‍വാഹക സമതി അംഗങ്ങളും എല്ലാ വിധ ആശംസകളും നേര്‍ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more