1 GBP = 103.14

യുകെയിലെ മലയാളികൾക്ക് അഭിമാനമായി മലയാളി വിദ്യാർത്ഥി നെവിൻ ബിനോയ് ഇംഗ്ലണ്ട് നാഷണൽ വോളീബോൾ ടീമിൽ….

യുകെയിലെ മലയാളികൾക്ക് അഭിമാനമായി മലയാളി വിദ്യാർത്ഥി നെവിൻ ബിനോയ് ഇംഗ്ലണ്ട്  നാഷണൽ വോളീബോൾ ടീമിൽ….

അലക്സ് വർഗീസ്

ലണ്ടൻ:- ഇംഗ്ലണ്ടിലെ പതിനേഴ്‌ വയസിന് താഴെയുള്ള കുട്ടികളുടെ വോളിബോള്‍ ദേശീയ ടീമിന്റെ ജഴ്‌സിയണിയാൻ നെവിൻ ബിനോയ് എന്ന പതിനാറു വയസുകാരന് സെലക്ഷൻ ലഭിച്ചു. ആദ്യമായിട്ടാണ് ഒരു മലയാളി വിദ്യാർത്ഥിക്ക് ഇംഗ്ലണ്ടിന്റെ ഏതെങ്കിലും ഒരു ദേശീയ ടീമിലേക്ക് അവസരം കിട്ടുന്നത്. നമ്മുടെ കുട്ടികൾ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിനൊപ്പം, യുകെയിലെ കായിക രംഗത്തും ഉന്നതകളിലെത്തിച്ചേരുന്നു എന്നത് മലയാളികള്‍ക്ക് തികച്ചും അഭിമാനകരമാണ്.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി സ്വദേശിയായ ബിനോയ് ജേക്കബ് മക്കോളിൽ മിനി ബിനോയ് ദമ്പതികളുടെ മൂത്ത മകനായ നെവിൻ ബിനോയ് എന്ന പതിനാറ് വയസുകാരനാണ് ഈ അസുലഭ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയായത്.

ലണ്ടനടുത്തുള്ള എഡ്മണ്ടണിലാണ് ബിനോയിയും കുടുംബവും താമസിക്കുന്നത്. ബ്രിട്ടീഷ്‌ വോളിബോള്‍ ചരിത്രത്തില്‍ ആദൃമായിട്ടാണ് ഒരു ഇന്ത്യന്‍ കുട്ടിക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിക്കുന്നതെന്ന് ദേശീയ ടീമിന്റെ പരിശീലകൻ കൂടിയായ ലൂയിസ് ബെൽ പറഞ്ഞു.

പഠനത്തിലും, ക്രിക്കറ്റ്‌, റഗ്ബി, അത്ലറ്റിക്സ് തുടങ്ങി എല്ലാ മേഖലകളിലും മിടുക്കനായ നെവിൻ നോർത്ത് ലണ്ടനിലെ ക്യു.ഇ ഗ്രാമർ സ്കൂളിലെ ജി.സി.എസ്. ഇ വിദ്യാര്‍ഥിയാണ് .

സ്കൂളില്‍ അവിചാരിതമായി വോളിബോള്‍ കളിയില്‍ പങ്കെടുത്തപ്പോള്‍ കണ്ടുനിന്ന പരിശീലകൻ നെവിന്റെ കഴിവ് തിരിച്ചറിഞ്ഞു വോളിബോള്‍ രംഗത്തേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലം സൗത്ത് ഗേറ്റിലെ പരിശീല കേന്ദ്രത്തിൽ കടുത്ത പരിശീലത്തിന് ശേഷമാണ് ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്.

നെവിന്റെ പിതാവ് ബിനോയ് മികച്ച കായിക താരവും കായികാധ്യാപകനുമാണ്. ബിനോയ് ജേക്കബ്, യുകെയിലെത്തുന്നതിന് മുൻപ് കോടഞ്ചേരി വേനപ്പര ഹോളി ഫാമിലി ഹൈസ്കൂളിലെ ഫിസിക്കല്‍ എജുക്കേഷൻ അദ്ധ്യാപകനായിരുന്നു. മകന്‌ ഇംഗ്ലണ്ട് ടീമിന്‍റെ ജഴ്സിയണിയാൻ കിട്ടിയ ഭാഗ്യത്തിന് ദൈവത്തിന് നന്ദി പറയുകയാണ് ബിനോയിയും കുടുംബവും. വലിയ സന്തോഷത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെന്നും, ഇതിനകം ഈ വിവരം അറിഞ്ഞ വളരെയധികം സുഹൃത്തുക്കൾ അഭിനന്ദനങ്ങൾ അറിയിച്ച് വിളിച്ചതായും ബിനോയ് പറഞ്ഞു.

നെവിൻ ഇപ്പോള്‍ കേറ്ററിംഗിലെ ദേശീയ വോളീബോൾ അക്കാദമിയിൽ കടുത്ത പരിശീലനത്തിലാണ്. ഇപ്പോൾ നടന്ന് വരുന്ന ദേശീയ ക്യാമ്പിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിലുള്ള പര്യടനവും, അമേരിക്കൻ പര്യടനവുമുണ്ടാകും. ബ്രസീലിന്റെ മുൻ ക്യാപ്റ്റൻ നെവിന്റെ വോളീബോൾ കളിയിലെ മികവിനെ അഭിനന്ദിച്ചു.

നെവിന്റെ മാതാപിതാക്കൾ ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ബിനോയ് മിനി ദമ്പതികൾക്ക് നെവിനെ കൂടാതെ രണ്ട് ആൺമക്കൾ കൂടിയുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന പവിനും, നഴ്സറിയിൽ പഠിക്കുന്ന ഏതനും. നെവിന്റെ അഭിമാനകരമായ നേട്ടത്തിന് യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അഭിനന്ദനം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more