1 GBP = 104.11

പഞ്ചാബ് നാഷണൽ ബാങ്കിൽ 11,000 കോടി രൂപയുടെ തട്ടിപ്പ്ര; പിന്നിൽ രത്നവ്യാപാരിയായ നീരവ് മോദിയെന്ന് സി ബി ഐ

പഞ്ചാബ് നാഷണൽ ബാങ്കിൽ  11,000 കോടി രൂപയുടെ തട്ടിപ്പ്ര; പിന്നിൽ രത്നവ്യാപാരിയായ നീരവ് മോദിയെന്ന് സി ബി ഐ

മുംബയ്: പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബയ് ബ്രാഡി ഹൗസ് ശാഖയിൽ 11,342 കോടിയുടെ തട്ടിപ്പ് നടന്നു. ഇതിന്റെ പിന്നിൽ രത്നവ്യാപാരിയായ നീരവ് മോദിയാണെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. ഇതേ ബാങ്കിൽ 280 കോടിയുടെ മറ്റൊരു തട്ടിപ്പിന് നിലവിൽ ഇയാൾ സി.ബി.ഐ അന്വേഷണം നേരിടുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഒരേ വ്യക്തിതന്നെ ഒരേ ബാങ്കിനെതിരെ തട്ടിപ്പ് നടത്തുന്ന അസാധാരണ സംഭവമായിരിക്കുകയാണിത്.

ബാങ്കിന്റെ ഗാരന്റിയിൽ വിദേശത്ത് നിന്നാണ് പണം പിൻവലിച്ചത്. ബാങ്ക് നൽകിയ പരാതിയിൽ സി.ബി.ഐയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് ശാഖയുടെ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെ പത്ത് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 11,342 കോടിയുടെ തട്ടിപ്പിന് പിന്നിൽ രത്നവ്യാപാരിക്ക് പുറമേ മറ്റുചില അക്കൗണ്ട് ഉടമകളുമുണ്ടെന്ന് സൂചനയുണ്ടെങ്കിലും ആരുടെയും പേരുകൾ ബാങ്ക് പുറത്തുവിട്ടിട്ടില്ല. ഈ പണമിടപാടുകൾ ചൂണ്ടിക്കാട്ടി ഇവർ മറ്റു ചില ബാങ്കുകളിൽ നിന്നു വൻതുക വായ്പ സംഘടിപ്പിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യം 280 കോടിയുടെ തട്ടിപ്പ് രത്നവ്യാപാരി നീരവ് മോദി, ഭാര്യ എമി, സഹോദരൻ നിഷാൽ, ഒരു ബിസിനസ് പങ്കാളി എന്നിവർ ചേർന്നാണ് നടത്തിയത്. ബാങ്കിന്റെ പരാതിയിൽ ഇവരെ പ്രതികളാക്കി സി.ബി.ഐ ഈ മാസം 5ന് കേസ് രജിസ്റ്റർ ചെയ്തു.

അതിനിടെയാണ് ഇന്നലെ 11,342 കോടിയുടെ തട്ടിപ്പിന്റെ സൂചന ബാങ്കിന് കിട്ടിയത്. തുടർന്ന് രത്നവ്യാപാരിക്കെതിരെ മറ്റൊരു കേസും ബാങ്ക് നൽകി. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.

മറ്റ് 3 ബാങ്കുകൾക്കും പണം പോകും
11,000 കോടിയുടെ തട്ടിപ്പിൽ പഞ്ചാബ് നാഷണൽ ബാങ്കിനെ കൂടാതെ യൂണിയൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും ഉൾപ്പെട്ടിട്ടുണ്ട്. ഈ നാല് ബാങ്കുകൾക്കും പണം നഷ്ടമാകും.

ബാങ്കുകൾ തമ്മിലുള്ള ആശയ വിനിമയ സംവിധാനത്തിന്റെ ഭാഗമായി ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് (എൽ.ഒ.യു) നൽകാറുണ്ട്. ”ഞങ്ങളുടെ ബാങ്കിലെ അക്കൗണ്ട് ഉടമയായ ഇന്നയാൾക്ക് നിങ്ങളുടെ ബാങ്ക് ഇത്ര രൂപ കടം നൽകണം അതിന്റെ ഉത്തരവാദിത്വം ഞങ്ങൾ ഏൽക്കുന്നു” എന്നതാണ് എൽ.ഒ.യുവിന്റെ അടിസ്ഥാനം. ഇങ്ങനെ പഞ്ചാബ് നാഷണൽ ബാങ്ക് യൂണിയൻ, അലഹബാദ്, ആക്സിസ് ബാങ്കുകൾക്ക് എൽ.ഒ.യു നൽകി. വിദേശത്തുള്ള ഒരു ജുവലറി ഉടമയ്ക്ക് (രത്നവ്യാപാരി നീരവ് മോദിയാണ് അതിന്റെ ഉടമ എന്നാണ് സി.ബി.ഐ സംശയിക്കുന്നത്) പണം നൽകാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് ഈ ബാങ്കുകൾ അവരുടെ വിദേശത്തുള്ള ശാഖകൾ വഴി പണം നൽകി. ഇത് 2010 മുതൽ നടക്കുന്നതാണ്. ഇതിനിടെ പഞ്ചാബ് നാഷണൽ ബാങ്ക് ജുവലറി ഉ‌ടമയോട് നൽകിയ പണത്തിന്റെ 10 ശതമാനം മാർജിനായി അധികം വേണമെന്ന് ആവശ്യപ്പെട്ടു. അത് നൽകാൻ അയാൾ തയ്യാറായില്ല. തുടർന്ന് എൽ.ഒ.യു പിൻവലിക്കുന്നതായി പഞ്ചാബ് ബാങ്ക് മറ്റ് ബാങ്കുകളെ അറിയിച്ചു. ഹോങ്കോംഗിലെ ജുവലറിക്ക് പണം നൽകിയ ശാഖ അവിടത്തെ സാമ്പത്തിക നിയന്ത്രണ സമിതിയെയും റിസർവ് ബാങ്കിനെയും വിവരം അറിയിച്ചു. തുടർന്നാണ് കേസായത്. ഹോങ്കോംഗിന് പുറമേ ദുബായ്, ന്യൂയോർക്ക് എന്നിവിടങ്ങളിലും ഈ ഉടമയ്ക്ക് ജുവലറികളുണ്ട്. പണം നൽകിയ ബാങ്കുകൾ കേസ് നൽകിയിരിക്കുന്നത് ജുവലറി ഉടമയ്ക്ക് എതിരെ അല്ല. പഞ്ചാബ് നാഷണൽ ബാങ്കിന് എതിരെയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more