1 GBP = 103.79
breaking news

ഒളിമ്പിക്സ് സ്വർണം; ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് നീരജ് ചോപ്ര

ഒളിമ്പിക്സ് സ്വർണം; ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് നീരജ് ചോപ്ര

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടി ചരിത്ര നേട്ടം കുറിച്ചതിന് പിന്നാലെ അത്ലറ്റിക്സ് റാങ്കിങ്ങിലും വൻനേട്ടമുണ്ടാക്കി ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഇന്ത്യക്കായി സ്വർണം നേടിയ പ്രകടനം നീരജ് ചോപ്രയെ ജാവലിൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കാണ് എത്തിച്ചത്. ഒളിമ്പിക്സ് സ്വർണം നേടിയ ബലത്തിൽ 1315 പോയിന്റുകളുമായാണ് താരം രണ്ടാം സ്ഥാനത്ത് എത്തിയത്.

ജർമനിയുടെ ജൊഹനാസ് വെറ്ററാണ് ഒന്നാം സ്ഥാനത്ത്. 1396 പോയിന്റാണ് ജർമൻ താരത്തിനുള്ളത്. പോളണ്ടിന്‍റെ മാര്‍കിന്‍ ക്രുകോസ്കി, ചെക്ക്​ റിപബ്ലിക്കിന്‍റെ യാക്കുബ് വാഡ്‌ലിച്ച്, ജർമനിയുടെ ജൂലിയന്‍ വെബര്‍എന്നിവരാണ്​ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. ഇതിൽ നാലാം സ്ഥാനത്തുള്ള യാക്കുബ് വാഡ്‌ലിച്ചായിരുന്നു നീരജിന് പുറകിൽ രണ്ടാം സ്ഥാനക്കാരനായി വെള്ളി നേടിയത്. അതേസമയം ഒന്നാം സ്ഥാനത്തുള്ള വെറ്റർക്ക് ഒളിമ്പിക്സ് ഫൈനലിൽ അവസാന റൗണ്ടിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.

ടോക്യോയിൽ ആധികാരികമായ പ്രകടനം കാഴ്ചവെച്ചായിരുന്നു നീരജ് ചോപ്രയുടെ സുവർണ നേട്ടം. 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. ഒളിമ്പിക്സിൽ അത്​ലറ്റിക്​സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമായിരുന്നു നീരജ് ചോപ്ര ഇന്ത്യക്ക് നേടിക്കൊടുത്തത്​. ഇതോടൊപ്പം അഭിനവ്​ ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന നേട്ടം കൂടി നീരജ് ചോപ്ര സ്വന്തമാക്കി.

നീരജ് ചോപ്ര നേടിയ സ്വർണ മെഡൽ ഇന്ത്യക്ക് ഒളിമ്പിക്സിൽ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം നടത്തുന്നതിനും സഹായകമായി. നീരജിന്റെ സ്വർണമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നേടിയത്. ഒളിമ്പിക്സിൽ ഇതിന് മുൻപ് 2012 ലണ്ടൻ ഒളിമ്പിക്സിൽ നിന്നും നേടിയ ആറ് മെഡലുകളായിരുന്നു ഇന്ത്യയുടെ ഉയർന്ന മെഡൽ നേട്ടം. ഇതിനു പുറമെ മെഡൽ പട്ടികയിലും ഇന്ത്യക്ക് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. അവസാന ദിനം വരെ 66ാ൦ സ്ഥാനത്തായിരുന്ന ഇന്ത്യ നീരജ് ചോപ്ര സ്വർണം നേടിയതോടെ 48ാ൦ സ്ഥാനത്തേക്ക് ഉയർന്ന് ആദ്യ 50 സ്ഥാനങ്ങൾക്കുള്ളിൽ ഫിനിഷ് ചെയ്തു. ലണ്ടൻ ഒളിമ്പിക്സിൽ നേടിയ 67ാ൦ സ്ഥാനമായിരുന്നു ഇതുവരെ ഒളിമ്പിക്സിൽ ഇന്ത്യയുടെ മികച്ച ഫിനിഷ്.

മെഡൽ നേടി ചരിത്രം കുറിച്ച നീരജിന് സമ്മാനങ്ങളുടെ പെരുമഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സമ്മാനത്തുകയുടെ ഇനത്തിൽ ഏകദേശം 13 കോടിയോളം രൂപ ലഭിച്ച താരത്തിന് ഹരിയാന സർക്കാർ ക്ലാസ്-1 സർക്കാർ ജോലിയും ഭൂമിയും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ പഞ്ച്കുളയിൽ അത്ലറ്റിക്സിനായി ഒരു സെന്റർ ഓഫ് എക്‌സലൻസി തുടങ്ങുമെന്നും ഇതിന്റെ മേധാവിയായി നീരജിന് അധികാരമേൽക്കാമെന്നും ഹരിയാന മുഖ്യമന്ത്രിയായ മനോഹർ ലാൽ ഖട്ടർ പറഞ്ഞിരുന്നു. ഇതിന് പുറമെ മഹീന്ദ്ര മോട്ടോർസ് ചെയർമാനായ ആനന്ദ് മഹീന്ദ്ര കമ്പനിയുടെ പുതിയ എസ് യു വി മോഡലായ എക്സ്‌യുവി 700ന്റെ ആദ്യ പതിപ്പ് താരത്തിന് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. കരസേനയിൽ കമ്മിഷൻഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഹരിയാനയിലെ പാനിപ്പത്തിലെ ഖന്ദ്ര ഗ്രാമത്തിൽ നിന്നും വരുന്ന നീരജ് ചോപ്ര.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more