1 GBP = 103.61
breaking news

പിള്ള -എൻ.സി.പി ലയന നീക്കം: നിഷേധിച്ച് ഇരു പാർട്ടികളും

പിള്ള -എൻ.സി.പി ലയന നീക്കം: നിഷേധിച്ച് ഇരു പാർട്ടികളും

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടെയും കേസുകൾ നീളുന്നത് എൻ.സി.പിയുടെ മന്ത്രിസഭാ പുനഃപ്രവേശനത്തിന് വിലങ്ങായി നിൽക്കെ, ബാലകൃഷ്ണ പിള്ള നയിക്കുന്ന കേരള കോൺഗ്രസ്- ബിയെ പാർട്ടിയിൽ ലയിപ്പിച്ച് കെ.ബി. ഗണേശ് കുമാറിലൂടെ മന്ത്രിസ്ഥാനമുറപ്പിക്കാൻ എൻ.സി.പി നേതൃത്വത്തിൽ ഒരു വിഭാഗം നീക്കം തുടങ്ങി.

അഖിലേന്ത്യാ നേതൃത്വത്തിന്റെ അറിവോടെ കേരള കോൺഗ്രസ്- ബി നേതാവ് ആർ. ബാലകൃഷ്ണപിള്ളയുമായി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ അനൗപചാരിക സംഭാഷണം നടത്തിയതായി അറിയുന്നു. എന്നാൽ ഇത് പാർട്ടിതലത്തിലോ ഇടത് മുന്നണി നേതൃതലത്തിലോ ഔദ്യോഗികമായി ചർച്ച ചെയ്തിട്ടില്ല. എൻ.സി.പിക്കകത്താകട്ടെ, എ.കെ. ശശീന്ദ്രൻ വിഭാഗം ഈ നീക്കത്തോട് ശക്തമായി വിയോജിക്കുകയാണ്. തോമസ് ചാണ്ടിക്കും വലിയ യോജിപ്പില്ലെന്നാണ് വിവരം. പാർട്ടിക്കുള്ളിലെ പൊതുവികാരമറിഞ്ഞ ശേഷം ബാലകൃഷ്ണപിള്ള- ശരദ്പവാർ കൂടിക്കാഴ്ചയ്ക്ക് ജനുവരി ആദ്യവാരത്തിൽ അവസരമൊരുക്കാനാണ് പീതാംബരൻ മാസ്റ്ററുടെ ശ്രമമെന്നാണറിയുന്നത്.

ഇന്ന് എൻ.സി.പി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. ഇന്നത്തെ യോഗത്തിൽ ലയനവിഷയമൊന്നും അജൻഡയിലില്ല.

ഫോൺകെണി വിവാദത്തിൽ രാജിവച്ച എ.കെ. ശശീന്ദ്രന് ജുഡിഷ്യൽ കമ്മിഷൻ അനുകൂലമായി റിപ്പോർട്ട് നൽകിയെങ്കിലും ഹൈക്കോടതിയിലെ കേസിൽ തീർപ്പായിട്ടില്ല. ഭൂമി കൈയേറ്റ വിവാദത്തിൽ രാജിവച്ച തോമസ് ചാണ്ടിയുടെ കേസും കോടതിയിലാണ്. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഇടത് മുന്നണിയിലെ ഘടകകക്ഷിയായ എൻ.സി.പിക്ക് രണ്ട് എം.എൽ.എമാരാണ്. ഒരംഗമുള്ള കോൺഗ്രസ്-എസ് മന്ത്രിസഭയിലിരിക്കുമ്പോൾ എൻ.സി.പിക്ക് പുറത്ത് നിൽക്കേണ്ട ഗതികേടാണ്.

ലയനനീക്കം ഇപ്പോൾ പാർട്ടി ആലോചിച്ചിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും ലയനനീക്കം എന്ന തരത്തിൽ നടക്കുന്ന ചർച്ച അനാവശ്യമെന്ന് കേരള കോൺഗ്രസ്- ബി നേതാവ് ആർ. ബാലകൃഷ്ണപിള്ളയും പറഞ്ഞു. ഇല്ലാത്ത കാര്യത്തിലാണ് പ്രചാരണം നടക്കുന്നത് എന്നും കൂട്ടിച്ചേർത്തു.

എൻ.സി.പിയിൽ ലയിച്ച് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സി.എം.പി എം.എൽ.എ എൻ. വിജയൻ പിള്ള, ആർ.എസ്.പി ലെനിനിസ്റ്റ് അംഗം കോവൂർ കുഞ്ഞുമോൻ എന്നിവരുമായും ചർച്ചകൾ നടന്നെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം നടന്നെങ്കിലും വാർത്ത ഇരുവരും നിഷേധിച്ചു. മനസിൽ പോലും ചിന്തിക്കാത്ത കാര്യമെന്നാണ് വിജയൻപിള്ള പ്രതികരിച്ചത്. മാദ്ധ്യമപ്രവർത്തകർ വിളിച്ച് ചോദിക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്യം താൻ അറിയുന്നത് എന്ന് കോവൂർ കുഞ്ഞുമോനും പറഞ്ഞു. എൻ.സി.പിയിൽ ലയിച്ച് മന്ത്രിയാകാനില്ലെന്ന് കെ.ബി. ഗണേശ് കുമാറും പറഞ്ഞു. ലയനവാർത്ത അടിസ്ഥാനരഹിതമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more