1 GBP = 103.12

വേക്ഫീൽഡ് മലയാളി നവീൻ ഭാസ്കർ (37) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായി…. നവീൻ്റെ മരണത്തെ തുടർന്ന് അനാഥമാകുന്നത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബം….

വേക്ഫീൽഡ് മലയാളി  നവീൻ ഭാസ്കർ (37) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായി…. നവീൻ്റെ മരണത്തെ തുടർന്ന് അനാഥമാകുന്നത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബം….

വേക്ഫീൽഡ്:- വേക്ഫീൽഡ് മലയാളിയായ നവീൻ ഭാസ്കർ (37) ശനിയാഴ്ച രാത്രി 10.30 ന്  നിര്യാതയായി. കോവിഡ് രോഗം ബാധിച്ചുവെങ്കിലും തുടർന്ന് പരിശോധനയിൽ നെഗറ്റീവ് ആയി രോഗമുക്തി നേടിയിരുന്നു.  കോവിഡിൻ്റെ പാർശ്വഫലമായി ഉണ്ടായ ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് മരണം സംഭവിച്ചത്. ഇടുക്കി സ്വദേശിനി ആനി നവീൻ ആണ് ഭാര്യ. മൂന്ന് കുട്ടികളാണുള്ളത്. ആൻഡ്രിയ നവീൻ (11), കേസിയ നവീൻ (8), ജെറമിയ നവീൻ (3).

24 ദിവസത്തെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിന് ശേഷമാണ് മരണം സംഭവിച്ചത്. പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെ ഭാര്യയെ ഏല്‍പ്പിച്ചാണ് വെയ്ക്ഫീല്‍ഡിലെ നവീന്‍ ഭാസ്‌കര്‍ യാത്രയായിരിക്കുകയാണ്.തമിഴ്‌നാട് നീലഗിരിയിൽ ജനിച്ച നവീൻ്റെ  കുടുംബ ബന്ധങ്ങൾ കേരളത്തിലാണ്.  നവീന്‍ ഭാസ്‌കർ ഒരു മാസത്തോളം നീണ്ട ആരോഗ്യ പ്രശ്ങ്ങളെ തുടര്‍രാണ് ശനിയാഴ്ച രാത്രി പത്തരയോടെ മരണത്തിന് കീഴടങ്ങുന്നത്. മൂന്നു വയസുമുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള മുന്നൂ കുഞ്ഞുങ്ങളെ ആനിയുടെ കൈകളിലേല്‍പ്പിച്ചാണ് നവീന്‍ വിടപറഞ്ഞിരിക്കുന്നത്.

ഇന്നലെ യുക്മ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഗ്ലാസ്‌ഗോയിലെ രാജു സ്റ്റീഫന്റെയും നവീന്റെയും മരണങ്ങള്‍ക്കിടയില്‍ മണിക്കൂറുകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ മാസം സംഭവിച്ചതു പോലെ മരണങ്ങളുടെ പരമ്പര മെയ് മാസത്തിലെ ആദ്യ ദിനത്തിലും തുടക്കമിട്ടതിൻ്റെ ഭീതിയിലും വിഷമത്തിലുമാണ് യു കെ മലയാളികൾ. 

നവീൻ ഭാസ്കറിൻ്റെ കുടുംബത്തെ സഹായിക്കാൻ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണത്തിൽ സഹായം നൽകുവാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക

തമിഴ്‌നാട് നീലഗിരി സ്വദേശിയാണ് നവീന്‍ ഭാസ്‌കര്‍ എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. മലയാളിയായ ആനിയെ പരിചയപ്പെടുന്നതിനു മുന്‍പ് തന്നെ ഇദ്ദേഹത്തിന് കേരളവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. മലയാളം നന്നായി സംസാരിക്കുന്ന നവീൻ ഭാസ്കർ മാഞ്ചസ്റ്റർ ആസ്ഥാനമായ പെന്തക്കൊസ്തു ചർച്ചിൻ്റെ  പ്രാര്‍ത്ഥന കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു.

സ്റ്റുഡന്റ് വിസയില്‍ എത്തിയ നവീനും ആനിയും താത്കാലിക ജോലികള്‍ ചെയ്താണ് യുകെയില്‍ പിടിച്ചു നിന്നിരുന്നത്. നവീന്റെ അമ്മ അടക്കമുള്ള ബന്ധുക്കള്‍ നാട്ടിലാണ്. എന്നാല്‍ ആനിയുടെ മാതാപിതാക്കള്‍ യുകെയില്‍ തന്നെയാണ് താമസം. നവീന്റെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നതെന്നും സൂചനയുണ്ട്. സംസ്‌കാരം സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കുന്നതാണെന്ന്  കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കി. 

സ്വന്തമായി ബിസിനസ് തുടങ്ങുവാനുള്ള പ്രാരംഭ നടപടികൾ ചെയ്തുവെങ്കിലും കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ആരംഭിക്കുവാനായില്ല. അതിന് ശേഷംനഴ്സിങ് ഹോമുകളിലും ഓഫിസുകളിലുമൊക്കെ വെന്‍ഡിങ് മെഷീന്‍ റീഫില്‍ ചെയ്യുന്ന ജോലിയാണ് നവീന്‍ ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന് ഈ ജോലിയും നഷ്ടമായി. തുടര്‍ന്ന് ഏറെക്കാലം ജോലി ചെയ്യാതെ കഴിയുക ആയിരുന്നു. ഭാര്യ ആനി മോറിസണിൽ ചെയ്തിരുന്ന ചെറിയ ജോലിയില്‍ നിന്നുമുള്ള വരുമാനം കൊണ്ടാണ് കുട്ടികളെ പോറ്റിയിരുന്നത്. അടുത്തിടെ ആനിക്ക് ഹോസ്പിറ്റലില്‍ പാര്‍ട്ട് ടൈം ആയി കെയര്‍ അസിസ്റ്റന്റ് ജോലി ലഭിച്ചിരുന്നു. അതിൻ്റെ സന്തോഷത്തിനിടയിലാണ് തീരാദു:ഖമായി നവിൻ്റെ വേർപാട് ഉണ്ടായിരിക്കുന്നത്. 

മറ്റ് ജോലികൾ നഷ്ടപ്പെട്ടപ്പോൾ നവീൻ വീടിനു സമീപമുള്ള പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ കോവിഡിനെ തുടർന്നുള്ള  അസുഖങ്ങള്‍ അദ്ദേഹത്തെ പിടികൂടിയത്. കോവിഡ് ടെസ്റ്റുകളില്‍ തുടര്‍ച്ചയായി നെഗറ്റീവ് ആയിട്ടാണ് റിസള്‍ട്ട് വന്നതെങ്കിലും കോവിഡ് മുന്‍പ് ലക്ഷണങ്ങള്‍ കാട്ടാതെ വന്നുപോയിരിക്കാം എന്നാണ് കരുതപ്പെടുന്നത്. 

ശ്വാസകോശത്തില്‍ കോവിഡ് രോഗികള്‍ക്ക് കാണപ്പെടുന്നത് പോലെ കോശഭിത്തികളില്‍ സുഷിരം ഉണ്ടായിരുന്നതായാണ് ഡോക്ടര്‍മാര്‍ നല്‍കിയ വിവരം. ശ്വാസകോശ ഭിത്തിയിലെ ദ്വാരം തനിയെ അടയുമെന്നും  പ്രത്യേക ചികിത്സ ആവശ്യമെല്ലെന്നുമാണ് കുടുംബത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ 24 ദിവസമായി രോഗവുമായി മല്ലിട്ടുകൊണ്ടിരുന്ന നവീന്‍ രണ്ടാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. ഒടുവില്‍ പ്രതീക്ഷ നഷ്ടമായതോടെ വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ മെഡിക്കല്‍ സംഘം തീരുമാനിക്കുക ആയിരുന്നു. 

നവീൻ ഭാസ്കറിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ചാരിറ്റി കമ്മീഷൻ ട്രസ്റ്റി വർഗീസ് ഡാനിയേൽ, യോർക്ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ   തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ  ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more