1 GBP =
breaking news

നീതിബോധമുള്ളവര്‍ അടുത്തയാഴ്ച തിയേറ്ററുകള്‍ ബഹിഷ്‌കരിക്കുമെന്ന് മുരളി തുമ്മാരുകുടി

നീതിബോധമുള്ളവര്‍ അടുത്തയാഴ്ച തിയേറ്ററുകള്‍ ബഹിഷ്‌കരിക്കുമെന്ന് മുരളി തുമ്മാരുകുടി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ചിറങ്ങിയ നടിമാരെ അഭിനന്ദിച്ച് മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കാലം മാറിയതറിയാതെ കേരളം എന്ന ഒരു ചെറിയ പ്രദേശത്തെ സിനിമാ ലോകത്ത് ചക്രവര്‍ത്തിമാരായും മഹാനടന്മാരായും തന്ത്രശാലികളായും തമാശക്കാരായും ഒക്കെ ഞെളിഞ്ഞിരിക്കുന്നവരുടെ ഒരു സംഘത്തില്‍ നിന്നും സ്വന്തം കരിയറിന് വന്‍ നഷ്ടം ഉണ്ടാകും എന്നറിയാമായിരുന്നിട്ടും പുറത്തു പോകാന്‍ കുറച്ചു ചങ്കൂറ്റം ഒക്കെ വേണമെന്നും അദ്ദേഹം പറയുന്നു.

അടുത്തയാഴ്ചയിലെ ഏതെങ്കിലും ഒരു ദിവസം നീതിബോധം ഉള്ള മലയാളികള്‍ മൊത്തമായി സിനിമാ തീയേറ്ററുകള്‍ ബഹിഷ്‌കരിക്കുകയാണ്. തിരശ്ശീലക്ക് പിന്നിലുള്ള താരങ്ങളുടെ പെരുമാറ്റവും പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ട് എന്ന് ദന്തഗോപുര നിവാസികള്‍ അറിയണമെന്നും തുമ്മാരുകുടി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

അമ്മയെ കീഴടക്കുന്ന ആഭാസം…

അമ്മ എന്ന് പേരുള്ള മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയില്‍ നിന്നും ഭാവനയും റീമ കല്ലിങ്ങലും ഉള്‍പ്പടെ ഉള്ള നാല് പെണ്‍കുട്ടികള്‍ രാജിവച്ചു എന്ന വാര്‍ത്ത ഏറെ അഭിമാനത്തോടെയും ഭയത്തോടെയും ആണ് വായിച്ചത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സ്ത്രീ പ്രാതിനിധത്തിന് അര്‍ഹമായ ഒരു അംഗീകാരവും കൊടുക്കാതെ, കാലം മാറിയതറിയാതെ കേരളം എന്ന ഒരു ചെറിയ പ്രദേശത്തെ സിനിമാ ലോകത്ത് ചക്രവര്‍ത്തിമാരായും മഹാനടന്മാരായും തന്ത്രശാലികളായും തമാശക്കാരായും ഒക്കെ ഞെളിഞ്ഞിരിക്കുന്നവരുടെ ഒരു സംഘത്തില്‍ നിന്നും സ്വന്തം കരിയറിന് വന്‍ നഷ്ടം ഉണ്ടാകും എന്നറിയാമായിരുന്നിട്ടും എതിര്‍പ്പുകള്‍ പരസ്യമായി പറഞ്ഞു പുറത്തു പോകാന്‍ കുറച്ചു ചങ്കൂറ്റം ഒക്കെ വേണം. അത് നമ്മുടെ പുതിയ തലമുറയിലെ കുറച്ചു പെണ്കുട്ടികള്‍ക്കെങ്കിലും ഉണ്ട്. അവരെക്കുറിച്ച് അഭിമാനമേ ഉള്ളൂ. അതേ സമയം കേരളസമൂഹം മുഴുവന്‍ ഭൂതക്കണ്ണാടിയും വച്ച് നോക്കിയിരിക്കുന്ന ഒരു പ്രസ്ഥാനത്തിലെ നേതാക്കള്‍ ഇത്രയും ധാര്‍ഷ്ട്യത്തോടെ ആണ് സ്ത്രീകളുടെ വിഷയത്തില്‍ പെരുമാറുന്നതെങ്കില്‍ തിരശീലക്ക് പിന്നില്‍ കാമറക്കണ്ണുകള്‍ക്കകലെ സ്ത്രീകളോടുള്ള ഇവരുടെ പേരുമാറ്റം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും പേടിയാകുന്നു. സിനിമയുടെ ലോകത്തിനകത്ത് നിലനില്‍ക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ എന്തൊക്കെ സഹിക്കുന്നുണ്ടാകും ?, വെയ്ന്‍സ്റ്റീനെ പോലെ ഉള്ള ഫ്രാങ്കന്‍സ്റ്റീന്‍ മോണ്‍സ്റ്ററുകള്‍ നമ്മുടെ മുന്നില്‍ തന്നെ ഉണ്ടായിരിക്കില്ലേ ?.

ഒരു കാര്യം കൂടി നമ്മള്‍ ശ്രദ്ധിക്കണം. ഈ സംഘടനയുടെ പ്രവര്‍ത്തന രീതിക്കും തീരുമാനങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിലെ മാടമ്പി മനോഭാവവും ആയിരിക്കുന്ന കടല്‍ക്കിഴവന്മാരുടെ കാര്യം പോട്ടേ, ഈ നൂറ്റാണ്ടിലെ ജ്വലിക്കുന്ന യുവത്വമായി വെള്ളിത്തിരയില്‍ ഒക്കെ തിളങ്ങുന്നവര്‍ ഒക്കെ വാലും കാലിന്റിടയില്‍ വച്ച് വിനീത വിധേയരായി നില്‍ക്കുകയാണ്. ഇരുപതോ മുപ്പതോ കൊല്ലം സിനിമയില്‍ പ്രവര്‍ത്തിച്ചു പേരും പണവും നേടി ഇനി സിനിമ ഇല്ലെങ്കിലും ജീവിച്ചു പോകാന്‍ കഴിവുള്ള സീനിയര്‍ നടിമാര്‍ക്കും രാജി വക്കണം എന്നത് പോകട്ടെ, ഒന്ന് പ്രതികരിക്കാന്‍ പോലും തോന്നിയില്ല. കഷ്ടം തന്നെ മൊയ്ലാളീ…

ഇന്നലെ എന്റെ സുഹൃത്ത് സംഗീത് സുരേന്ദ്രന്‍ പറഞ്ഞത് പോലെ മലയാള സിനിമ എന്നത് രണ്ടു നൂറ്റാണ്ടായി രണ്ടോ മൂന്നോ താരങ്ങള്‍ക്ക് ചുറ്റും കിടന്നു കറങ്ങുന്ന ഒരു പരസ്പര സഹായ സഹകരണ സംഘം ആണ്. ആ താരങ്ങളുടെ ഇഷ്ടത്തിനെതിരായി ഒന്നും നടക്കില്ല. അവര്‍ക്ക് ഇഷ്ടപ്പെടാത്തവരെ സിനിമയില്‍ ചാന്‍സ് നല്‍കാതെ പുറത്താക്കാന്‍ ഉള്ള കഴിവ് ഈ താരങ്ങള്‍ക്ക് ഉണ്ട്. ഇത്തരം സ്വേച്ഛാധിപത്യപരമായ പ്രവര്‍ത്തികളെ നേരിടാനാണ് സാധാരണ ഗതിയില്‍ ആളുകള്‍ സംഘടന ഉണ്ടാക്കുന്നത്. പക്ഷെ മലയാള സിനിമയുടെ കാര്യത്തില്‍ സംഘടന പോലും താര രാജാക്കന്മാരുടെ കൈപ്പിടിക്കുള്ളിലാണ്. സ്വന്തം അവസരം മറ്റൊരു സൂപ്പര്‍ താരം തട്ടിക്കളഞ്ഞു എന്നൊരു അംഗം പരാതി പറഞ്ഞിട്ടും സംഘടന ഒന്നും ചെയ്തില്ല എന്നാണ് ഭാവന ഇന്ന് പറഞ്ഞിരിക്കുന്നത്. ഇതിന് മുന്‍പ് സംഘടന തന്നെ മുന്‍കൈ എടുത്ത് ചില നടന്മാരെ സിനിമാ രംഗത്ത് നിന്നും ഒതുക്കിയതായ പരാതികള്‍ ഉണ്ടായിരുന്നു. നീതിയും ജനാധിപത്യവും മനുഷ്യാവകാശവും ഒക്കെ നില നില്‍ക്കുന്ന ലോകത്ത് ഇത്തരം പെരുമാറ്റങ്ങള്‍ക്ക് മോബിങ്ങ് എന്നാണ് പേര്. അത് നിയമപരമായി കുറ്റകരമാണ്. തൊഴില്‍ സ്ഥലത്ത് ആളുകള്‍ക്ക് വേണ്ടത്ര മനുഷ്യാവകാശ സംരക്ഷണം ഉള്ള ഒരു സ്ഥലത്തായിരുന്നുവെങ്കില്‍ കോടതി ഇടപെട്ട് ഈ സംഘടനയെ പിരിച്ചു വിട്ടേനേ.

സഘടനയില്‍ ഉള്ള സ്ത്രീകള്‍ ബഹു ഭൂരിപക്ഷവും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നും ഒരു സ്ത്രീയാണ് കുറ്റാരോപിതനായ ആളെ സംഘടനയില്‍ തിരികെ എത്തിക്കാന്‍ വേണ്ടി വാദിച്ചതെന്നും ഒക്കെ വായിച്ചു. ഇതില്‍ ഒട്ടും അതിശയം ഇല്ല. സ്ത്രീധനം ഉളപ്പടെ സ്ത്രീവിരുദ്ധമായ എല്ലാ ആചാരങ്ങളും നിലനിര്‍ത്താനും നടപ്പിലാക്കാനും മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നില നില്‍ക്കുന്ന പെണ്‍ സുന്നത്തിന് കുട്ടികളെ ഒരുക്കി നിറുത്തുന്നതും പിടിച്ചു കൊടുക്കുന്നതും ഒക്കെ സ്ത്രീകള്‍ തന്നെയാണ്. അതുകൊണ്ട് ആ ആചാരം ശരിയാകുന്നില്ലല്ലോ. സ്ത്രീകളെ പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന സ്ത്രീകളുടെ കുലം നമ്മുടെ സിനിമാ നടികളുടെ ഇടയിലും കുറ്റിയറ്റു പോയിട്ടില്ല എന്ന് മാത്രം കരുതിയാല്‍ മതി. ചരിത്രത്തില്‍ അവര്‍ക്ക് പ്രത്യേകിച്ച് സ്ഥാനം ഒന്നുമില്ല.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ പൊതുസമൂഹത്തിന്റെ ചിന്തകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചു താരങ്ങള്‍ വിലസുന്നത് ? സിനിമ കാണുന്ന കേരളത്തിലെ ജനങ്ങള്‍ ബുദ്ധി ശൂന്യരാണെന്നോ അല്ലെങ്കില്‍ രണ്ടു ദിവസം കഴിയുമ്പോള്‍ ഇതെല്ലാം മറക്കുമെന്നോ ഒക്കെ ഉള്ള ചിന്തയില്‍ നിന്നാണ് ഈ അഹംഭാവം ഉണ്ടാകുന്നത്. അത് സത്യമാണെന്ന് നാം തെളിയിക്കുമോ എന്നാണ് ഇനിയുള്ള ദിവസങ്ങളിലെ സമൂഹത്തിന്റെ നിലപാടില്‍ നിന്നും വ്യക്തമാക്കേണ്ടത്.

കേരളത്തിലെ പൊതുസമൂഹം ഇതിനോട് പ്രതികരിച്ചില്ലെങ്കില്‍ നഷ്ടം പറ്റാന്‍ പോകുന്നത് ധീരതയോടെ മുന്നോട്ടു വന്ന നമ്മുടെ ഈ പെണ്‍കുട്ടികള്‍ക്ക് തന്നെയാണ്. നാളെ ആളുകള്‍ അവരോട് ചോദിക്കും ‘നിനക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ, ഒച്ചയുണ്ടാക്കിയത് കൊണ്ട് നിങ്ങളുടെ അവസരങ്ങള്‍ പോയി. മിണ്ടാതിരുന്നവര്‍ ഒക്കെ അഭിനയിക്കുന്നു. നേതാക്കള്‍ക്കൊന്നും ഒന്നും പറ്റിയതുമില്ല’. സത്യമല്ലേ ?, നീതിക്ക് വേണ്ടി നില്‍ക്കുന്നവര്‍ക്ക് കരിയര്‍ നഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് സന്ദേശം ആണ് അത് നല്‍കുന്നത് ?. നമുക്ക് നീതി ബോധം ഉള്ള ഒരു സമൂഹം ഉണ്ടാക്കേണ്ടേ ?

Post Your Comments Here ( Click here for malayalam )

Press Esc to close
show more