1 GBP = 104.18

തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്ന് വി മുരളീധരന്‍

തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്ന് വി മുരളീധരന്‍

തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിദേശയാത്രയില്‍ ഒരു പ്രോട്ടോകോള്‍ ലംഘനവും നടത്തിയിട്ടില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും മുരളീധരന്‍ പറഞ്ഞു.

ഏത് അന്വേഷണം നടത്തണം എന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല. തനിക്കെതിരെ പാര്‍ട്ടിയില്‍ ഒരുതരത്തിലുമുള്ള പടയൊരുക്കം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് പ്രോട്ടോക്കോളിന്റെ ഏത് വകുപ്പിലാണ് ഇത്തരത്തിലൊരാള്‍ പങ്കെടുക്കരുത് എന്ന് പറയുന്നത്? അക്കാര്യം വിശദീകരിച്ചാല്‍ മറുപടി നല്‍കാം. ബിജെപിയില്‍ ഉണ്ടായ പടയൊരുക്കം അത് സിപിഎമ്മിന്റെ അഴിമതിക്കെതിരെയാണെന്നും വി. മുരളീധരന്‍ പറഞ്ഞു

മോദി സര്‍ക്കാരില്‍ ഒരുതരത്തിലുള്ള അഴിമതിയും സ്വജന പക്ഷപാതവും രാജ്യത്തെവിടെയും നടക്കാന്‍ അനുവദിക്കില്ല എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. അതുകൊണ്ട് ആര്‍ക്കെങ്കിലും അക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ കൊടുക്കാം. അതിന്മേല്‍ നടക്കുന്ന എല്ലാ അന്വേഷണങ്ങളും സുതാര്യമായിരിക്കും. എല്ലാ അന്വേഷണങ്ങളെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പിആര്‍ കമ്പനി മാനേജര്‍ സ്മിത മേനോനെ പ്രോട്ടോക്കോള്‍ ലംഘിച്ച് യുഎഇ സന്ദര്‍ശനത്തില്‍ പങ്കെടുപ്പിച്ചെന്ന ആരോപണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതിന് പിന്നാലെ ബിജെപിയിലും മഹിളാ മോര്‍ച്ചയിലും വിഷയം ചര്‍ച്ചയാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആരോപണം മുഖവിലയ്ക്കെടുക്കാന്‍ ബിജെപി ആദ്യം തയ്യാറായില്ലെങ്കിലും കേന്ദ്രത്തില്‍ പരാതി എത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ വിരുദ്ധ ചേരി വിവാദവുമായി രംഗത്തെത്തിയിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്.

പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന പരാതിയെ തുടര്‍ന്ന് വിദേശകാര്യ വകുപ്പില്‍നിന്നാണ് വിശദീകരണം തേടിയത്. എല്‍ജെഡി നേതാവ് സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് നടപടി. മുരളീധരന്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്ര പ്രതിനിധി സംഘത്തില്‍ എറണാകുളത്തെ പിആര്‍ കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോനാണ് മന്ത്രിക്കൊപ്പം യുഎഇ സന്ദര്‍ശിച്ചത്.

അബുദാബിയിലെ യോഗം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്മിത മേനോനെ മഹിള മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാക്കിയത്. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, എതിര്‍പ്പിന് ചുക്കാന്‍ പിടിച്ച എറണാകുളത്തെ മഹിളാ മോര്‍ച്ച നേതാവിന് സ്മിത മേനോനേക്കാള്‍ ഉന്നത സ്ഥാനം നല്‍കി വിമര്‍ശനങ്ങളുടെ മുനയൊടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

മുരളീധര പക്ഷത്തോട് അടുപ്പമുള്ള മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ക്കും സ്മിത മേനോന്റെ സ്ഥാനക്കയറ്റത്തോട് വിരുദ്ധാഭിപ്രായമായിരുന്നു. എന്നാല്‍ ശബരി മല സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് സ്മിതയ്ക്ക് ഭാരവാഹിത്തം നല്‍കിയത് എന്ന വിശദീകരണമാണ് നേതാക്കള്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, സമരത്തില്‍ പങ്കെടുത്ത മറ്റു പ്രവര്‍ത്തകര്‍ക്ക് ലഭിക്കാത്ത പ്രാധാന്യവും സ്ഥാനമാനങ്ങളും സ്മിത മേനോന് മാത്രം ലഭിക്കുന്നതില്‍ സംഘടനയ്ക്കുള്ളില്‍ മുറുമുറുപ്പുണ്ടായിരുന്നു. ഇത് നിലവിലെ പശ്ചാത്തലത്തില്‍ വീണ്ടും ഉയര്‍ന്നുവരുന്നുണ്ട്.

ബിജെപിയിലെ കൃഷ്ണദാസ് വിഭാഗം ആദ്യം മുരളീധരനെ ന്യായീകരിച്ചായിരുന്നു രംഗത്തെത്തിയത്. സ്മിത മേനോന്‍ യുഎഇയിലെ പരിപാടിയില്‍ പങ്കെടുത്തത് മാധ്യമ പ്രവര്‍ത്തക എന്ന നിലയിലായിരുന്നെന്ന മുരളീധരന്റെ വാദം തന്നെയായിരുന്നു ഇവരും ആവര്‍ത്തിച്ചത്. എന്നാല്‍ വിഷയം ഏറ്റെടുത്തുള്ള പ്രചാരണത്തിന് കൃഷ്ണദാസ് പക്ഷം തുടക്കമിട്ടുകഴിഞ്ഞു. മുരളീധന്റെ കേന്ദ്രമന്ത്രിസ്ഥാനത്തിന് പോലും കോട്ടം വരുത്തുന്ന രീതിയിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കൂടുതല്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെയിറക്കി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

മുരളീധരവിഭാഗത്തിന്റെ വെട്ടിനിരത്തലിന് ഇരയായ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ട്. നേരത്തെ, ശോഭ സുരേന്ദ്രനെ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍നിന്നും ഒതുക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ മുരളീധരനാണെന്ന് ചൂണ്ടിക്കാണിച്ച് ശോഭ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more