1 GBP = 103.68

എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യന്‍സ്

എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യന്‍സ്

പുലിമടയില്‍ പെട്ടു പോയ പൂച്ചക്കുട്ടികളുടെ അവസ്ഥയായിരുന്നു ഇന്നലെ ഡല്‍ഹിയുടേത്. പരിചയ സമ്പത്തും, ഓള്‍റൗണ്ട് മികവും കൊണ്ട് മുംബൈ അക്ഷരാര്‍ഥത്തില്‍ ഡല്‍ഹിയെ തറപറ്റിച്ചു. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായതിനാല്‍ ഒരവസരം കൂടിയുണ്ടെന്നതാണ് ഡല്‍ഹിയുടെ ആശ്വാസം

ആദ്യ ക്വാളിഫയറില്‍ ടോസ് ഭാഗ്യം ലഭിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രയേസ് അയ്യര്‍, മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഉരുളയില്‍ തന്നെ കല്ലുകടിച്ച പോലെ മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡീക്കോക്ക് ഒന്നാം ഓവറില്‍ തന്നെ 15 റണ്‍സ് നേടി. എന്നാല്‍ രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യമായി മടങ്ങി. ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടാത്ത കലിപ്പിലുള്ള സൂര്യകുമാര്‍ യാദവും ഡി കോക്കും ചേര്‍ന്ന് മുംബൈ സ്‌കോര്‍ബോര്‍ഡ് തിടുക്കത്തില്‍ തന്നെ മുന്നോട്ട് നീക്കി.

പവര്‍പ്ലേ ഓവറുകള്‍ക്ക് ശേഷം മടങ്ങിയെത്തിയ അശ്വിന്‍ തന്നെയാണ് ഡിക്കോക്കിനെയും വീഴ്ത്തിയത്. ശേഷം സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് മുംബൈ സ്‌കോര്‍ നൂറു കടത്തി. അര്‍ദ്ധ സെഞ്ച്വറി നേടിയ ശേഷമാണ് യാദവ് പുറത്താവുന്നത്. കിറോണ്‍ പൊള്ളാര്‍ഡ് പൂജ്യത്തില്‍ പുറത്തായി. ക്രുണാല്‍ പാണ്ട്യയും പെട്ടെന്ന് പുറത്തായപ്പോള്‍ മുംബൈ ഒന്നു പതറി. പിന്നീടുണ്ടായത് അക്ഷരാര്‍ഥത്തില്‍ വെടിക്കെട്ടായിരുന്നു. അവസാന മൂന്ന് ഓവറുകളില്‍ ഹര്‍ദിക്ക് പാണ്ഡ്യയും ഇഷന്‍ കിഷനും കൂടി ചേര്‍ത്തത് 60 റണ്‍സ് ആയിരുന്നു. കിഷന്‍ അര്‍ധശതകം തികച്ച് പുറത്താകാതെയും നിന്നു.

201 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് മത്സരത്തിലെ ഒരു ഘട്ടത്തില്‍ പോലും മുംബൈയുടെ മേല്‍ ആധിപത്യം പുലര്‍ത്താനായില്ല. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിന് മുമ്പ് തന്നെ ഡല്‍ഹിയുടെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ഡ്രസിംഗ് റൂമിലെത്തി. ന്യൂസിലന്‍ഡ് പെയ്‌സര്‍ ട്രെന്‍ഡ് ബോള്‍ട്ടും ഇന്ത്യന്‍താരം ജസ്പ്രീത് ബുംറയും ഡല്‍ഹിയുടെ നടുവൊടിച്ചു. പന്തും അയ്യരും കളി മറന്നപ്പോള്‍ ഡല്‍ഹി പിന്നിലായി. തുടരെ തുടരെ വിക്കറ്റുകള്‍ വീഴുമ്പോഴും ഒരുഭാഗത്ത് മാര്‍ടക്ക് സ്റ്റോയിനസ് ഡല്‍ഹിക്ക് പ്രതീക്ഷയേകി. എന്നാല്‍ സ്റ്റെയിന്‍സിന്റെ മുന്നേറ്റവും ഭ്രുംറ തന്റെ രണ്ടാം സ്‌പെല്ലില്‍ മടക്കിയതോടെ രോഹിതും സംഘവും ഫൈനലിലേക്കുളള ടിക്കറ്റ് ഉറപ്പിച്ചു. ഇത് ആറാം തവണയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. നാലു കിരീടങ്ങളാണ് നിലവില്‍ മുംബൈയ്ക്ക് ഉള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more