1 GBP = 104.13

മുല്ലപ്പെരിയാര്‍; ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് ഒ പനീര്‍ശെല്‍വം

മുല്ലപ്പെരിയാര്‍; ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് ഒ പനീര്‍ശെല്‍വം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 ല്‍ നിന്നും152 അടിയാക്കി ഉയര്‍ത്തുന്നതിനായി ബേബി ഡാം ബലപ്പെടുത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ഔദ്യോഗികമായി ജലം തുറന്നുവിട്ട ശേഷം തേക്കടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ക്കു മുമ്പ് വിഛേദിക്കപ്പെട്ട വൈദ്യുതി അണക്കെട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വേഗത്തിലാക്കുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം സുപ്രിം കോടതിയുടെ അനുമതിയോടെയായിരിക്കും ജലനിരപ്പ് ഇപ്പോഴനുവദിച്ചിട്ടുള്ള 142 ല്‍ നിന്നും 152 അടിയാക്കി ഉയര്‍ത്തുക. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം തേക്കടിയിലെത്തിയത്.

127.40 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടില്‍ നിന്നും ജലനിരപ്പ് ഉയര്‍ന്നതോടെ സെക്കന്റില്‍ 1400 ഘന അടി ജലം തുറന്നു വിട്ടിരുന്നു. ഇത് ഞായറാഴ്ച താത്ക്കാലികമായി നിര്‍ത്തിയ ശേഷമാണ് ഔദ്യോഗികമായി 300 ഘന അടി ജലം തുറന്നു വിട്ടത്. തേക്കടി ഷട്ടറില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. തേനി എംപി പാര്‍ത്ഥിപന്‍, കമ്പം എംഎല്‍എ ജക്കയ്യന്‍, തേനി കളക്ടര്‍ പല്ലവി പല്‍ദേവ്, എസ്പി ഭാസക്കരന്‍, തേനി കര്‍ഷക സംഘം നേതാവ് ദര്‍വേശ് സാഹിബ് തുടങ്ങി നിരവധി പ്രമുഖരും തേക്കടിയിലെത്തിയിരുന്നു.

അണക്കെട്ടിലേക്ക് 1467 ഘന അടി ജലമാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്. വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 30 ഉം തേക്കടിയില്‍ 2.6 മില്ലീമീറ്റര്‍ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. ജലനിരപ്പ് വീണ്ടും ഉയരുന്നതോടെ തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം തുറന്നു വിടും. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ 42 അടി ജലമാണുള്ളത്. 71 അടിയാണ് വൈഗ അണക്കെട്ടിന്റെ സംഭരണ ശേഷി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more