1 GBP = 103.38

മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഹൈക്കമാൻഡിന്റെ പരിഗണനയിലെന്ന് സൂചനകൾ

മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഹൈക്കമാൻഡിന്റെ പരിഗണനയിലെന്ന് സൂചനകൾ

കൊച്ചി: കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുതിര്‍ന്ന നേതാവും എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം പിപി തങ്കച്ചന് പകരം യുഡിഎഫ് കണ്‍വീനറായി മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരനെയും നിയമിക്കാനാണ് ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഇതിനൊപ്പം പിപി തങ്കച്ചനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യവും പാര്‍ട്ടി കേന്ദ്രനേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ട്.

കേരളത്തിലെ നേതാക്കളില്‍ തന്നെ കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് ഏകകണ്ഠമായ ധാരണയുണ്ടാകില്ലെന്ന് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് ബോധ്യമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഗ്രൂപ്പുകള്‍ക്ക് അധീതനായ മുതിര്‍ന്ന നേതാവിനെ കെപിസിസി അധ്യക്ഷനാക്കാനാണ് പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ ആലോചന. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ പാര്‍ട്ടിനേതൃത്വം പിസിസി അധ്യക്ഷനാക്കാന്‍ ആലോചിക്കുന്നത്. എകെ ആന്റണിയുടെ പൂര്‍ണ പിന്തുണ മുല്ലപ്പള്ളിക്കുണ്ട്. മാത്രമല്ല, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാനായിരുന്ന മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനത്തില്‍ രാഹുല്‍ ഗാന്ധിയും അതീവ തൃപ്തനാണ്. മാത്രമല്ല ക്ലീന്‍ ഇമേജുള്ള നേതാവെന്നതും മുല്ലപ്പള്ളിക്ക് പ്ലസ് പോയിന്റുകളാണ്.

നേരത്തെ, വിഎം സുധാരനെ ഹൈക്കാന്‍ഡ് നേരിട്ടാണ് കെപിസിസി നേതൃത്വത്തില്‍ കൊണ്ടുവന്നത്. സംസ്ഥാനത്തെ ഇരുഗ്രൂപ്പുകളിലെയും നേതാക്കളാരും പിന്തുണയ്ക്കാതിരുന്നപ്പോള്‍ എകെ ആന്റണിയുടെ പിന്തുണയോടെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മുന്‍കൈയെടുത്താണ് സുധീരനെ കേരളത്തിലെ പാര്‍ട്ടി അധ്യക്ഷനാക്കിയത്. ഇതുപോലെ മുല്ലപ്പള്ളിയെയും കെപിസിസി പ്രസിഡന്റാക്കാനാണ് ഹൈക്കാന്‍ഡിന്റെ തീരുമാനം.

കൊടിക്കുന്നേല്‍ സുരേഷ്, കെവി തോമസ് എന്നിവരെയും ഹൈക്കമാന്‍ഡ് പരിഗണിച്ചെങ്കിലും ഇരുവരോടും സംസ്ഥാനനേതൃത്തിനുള്ളത്ര എതിര്‍പ്പ് മുല്ലപ്പള്ളിയോടുണ്ടാകില്ലെന്ന നിഗമനത്തെ തുര്‍ന്നാണ് അദ്ദേഹത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

നേരത്തെ, പിസി വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ എ ഗ്രൂപ്പ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുന്നോട്ടുവച്ചതായും ഇതിന് ബദലായി കെപിസിസി വൈസ് പ്രസിഡന്റ്കൂടിയായ വിഡി സതീശന്‍, മുന്‍ മന്ത്രി കെ സുധാകരന്‍ എന്നിവരുടെ പേരുകള്‍ ഐ ഗ്രൂപ്പും മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രതിപക്ഷ നേതാവ് ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തലയായതിനാല്‍ കെപിസിസി അധ്യക്ഷസ്ഥാനം തങ്ങള്‍ക്ക് വേണമെന്നാണ് എ ഗ്രൂപ്പിന്റെ വാദം. ഈ സാഹചര്യത്തിലാണ് വിഷ്ണുനാഥിന്റെയും തിരുവഞ്ചൂരിന്റെയും പേരുകള്‍  ഗ്രൂപ്പ് മുന്നോട്ടുവച്ചത്.  വിഡി സതീശനെ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ പേര് മുന്നോട്ടുവയ്ക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചത്. ഇതിനൊപ്പം പ്രാദേശിക, ജാതിപരിഗണനയുടെ അടിസ്ഥാനത്തില്‍ കെ സുധാകരന്റെ പേരും ഗ്രൂപ്പ് വയ്ക്കുകയായിരുന്നു. പ്രതിപക്ഷനേതാവ് നായര്‍ സമുദായാംഗമായതിനാല്‍ ഈഴവ വിഭാഗത്തില്‍ നിന്നുള്ള സുധാകരന്‍ കെപിസിസി അധ്യക്ഷനാകട്ടെയെന്ന നിലപാടിലാണ് അവര്‍. അതിനൊപ്പം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിലെ പ്രധാന ഭാരവാഹികളെല്ലാം തെക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തിലാണ് മലബാറിലെ പ്രബലനേതാവായ സുധാകരന്റെ പേര്‍ അവര്‍ നിര്‍ദേശിച്ചത്.

ഈ മാസം ആറ്, ഏഴ് തിയതികളില്‍ ദില്ലിയിലെത്തി പാര്‍ട്ടി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താന്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസന്‍, വിഎം സുധീരന്‍ എന്നിവരോട് പാര്‍ട്ടി കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ, പിപി തങ്കച്ചന് പകരം യുഡിഎഫിന് ഊര്‍ജ്വസ്വലനായ ഒരു കണ്‍വീനറെ നിയോഗിക്കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കെ മുരളീധരനെ കണ്‍വീനറാക്കാനാണ് ആലോചന. അദ്ദേഹത്തിന്റെ സംഘാടകമികവും മറ്റ് പാര്‍ട്ടി നേതാക്കളുമായുള്ള അടുപ്പവും കേന്ദ്രനേതൃത്വം പരിഗണിക്കുകയായിരുന്നുവെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more