1 GBP = 93.01
breaking news

കോവിഡ്-19 വൈറസ് ബാധ ചെറുക്കാൻ മൗത്ത് വാഷ് ലായനികൾ സഹായിച്ചേക്കാമെന്ന് പുതിയ പഠനങ്ങൾ!

കോവിഡ്-19 വൈറസ് ബാധ ചെറുക്കാൻ മൗത്ത് വാഷ് ലായനികൾ സഹായിച്ചേക്കാമെന്ന് പുതിയ പഠനങ്ങൾ!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

 

കോവിഡ്-19 ന് കാരണക്കാരായ വൈറസുകൾ മനുഷ്യ ശരീരത്തിലെ കോശങ്ങളുമായി സ്വയം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന കൊഴുപ്പിന്റെ പുറം പാളി നശിപ്പിക്കാൻ മൗത്ത് വാഷ് ലായനികളിലെ രാസപദാർത്ഥങ്ങൾക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. പകർച്ച വ്യാധി സംക്രമണം തടയുന്നതിൽ ഒരു സുപ്രധാനമായ നാഴികക്കല്ലായി ഇത് മാറിയേക്കാം!

 

‘കവചിത വൈറസുകൾ’ എന്ന ഗണത്തിൽ പെട്ടവയാണ് കോവിഡ്-19 രോഗമുണ്ടാക്കുന്ന ‘സാർസ്-കോവ്-2 (SARS-CoV-2) വൈറസ്. അതായതു അവയുടെ ബാഹ്യഭാഗം കൊഴുപ്പു നിറഞ്ഞ ഒരു വലയം കൊണ്ട് ആവരണം ചെയ്യപ്പെട്ട നിലയിലാണ്. ഈ വലയം തകർക്കാൻ ആവുന്ന പദാർത്ഥങ്ങൾ കണ്ടെത്തലാണ് കോവിഡ്-19 പ്രധിരോധ മരുന്നുകളും വാക്‌സിനുകളും കണ്ടെത്താൻ ശ്രമിക്കുന്ന ഗവേഷകർക്ക് മുന്നിലുള്ള കീറാമുട്ടി.

 

ഇതിനിടയിലാണ്, മൗത്ത് വാഷ് ലായനി ഈ വൈറസിന്റെ പുറം പാളി തകർക്കാൻ സഹായിച്ചേക്കുമെന്നും അത് വഴി വായ, തൊണ്ട എന്നിവകളിലൂടെ വൈറസ് പകരുന്നത് തടയുവാൻ കഴിയുമെന്നും അന്താരാഷ്ട്ര ഗവേഷകരുടെ ഒരു സംഘം സൂചിപ്പിച്ചത്.

 

വൈറസ് വ്യാപനം തടയാനായി ഇടക്കിടക്ക് നമ്മുടെ കൈകൾ സോപ്പ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടുന്നതിന്റെ പ്രാധാന്യം ആരോഗ്യ പ്രവർത്തകർ നമ്മളെ ഓര്മിപ്പിക്കാറുണ്ട്. അക്കൂട്ടത്തിൽ ഇടക്കിടെ മൗത്ത് വാഷ് ലായനി ഉപയോഗിച്ച് വായ കൂടി കഴുകുന്നത് ഒരുപക്ഷെ ഗുണകരമായേക്കാം.

 

മാർക്കറ്റുകളിൽ നിലവിൽ ലഭ്യമായ മൗത്ത് വാഷ് ലായനികൾ കോവിഡ്-19 വൈറസുകളെ തടയുമെന്നു നിർമാതാക്കൾ ആരും അവകാശപ്പെടുന്നില്ല. സുപ്രധാനമായ അറിവുകൾ പകർന്നു നൽകിയേക്കാവുന്ന ഒരു മേഖലയാണെന്നാലും വളരെ പരിമിതമായ പഠനങ്ങളെ മൗത്ത് വാഷ് ലായനികളെക്കുറിച്ച് നടത്തപ്പെട്ടിട്ടുള്ളു എന്നാണ് കാർഡിഫ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള പഠന ഗവേഷകർ പറയുന്നത്. കൂടുതൽ ഗവേഷണ പ്രോജക്ടുകൾ വഴി വിവരങ്ങൾ വേഗത്തിൽ സമാഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

നോട്ടിംഗ്ഹാം, കൊളറാഡോ, ഒട്ടാവ, ബാഴ്‌സലോണ, കേംബ്രിഡ്ജിലെ ബാബ്രഹാം ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സർവകലാശാലകൾക്കൊപ്പം കാർഡിഫ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള വൈറോളജിസ്റ്റുകൾ, ലിപിഡ് സ്‌പെഷ്യലിസ്റ്റുകൾ, ആരോഗ്യ സംരക്ഷണ വിദഗ്ധർ എന്നിവരാണ് ടീമിനെ പിന്തുണയ്ക്കുന്നത്.

 

‘വായ കുലുക്കുഴിയുവാനായുള്ള മൗത്ത് വാഷിന്റെ സുരക്ഷിതമായ ഉപയോഗം ഇതേവരെ യു.കെയിലെ പൊതുജനാരോഗ്യ സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടില്ല,’ കാർഡിഫ് സർവകലാശാലയുടെ സിസ്റ്റംസ് ഇമ്മ്യൂണിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടർ പ്രൊഫസർ ഓ’ഡോണൽ പറയുന്നു.

 

ക്ലോറെക്സിഡൈൻ, സെറ്റൈൽപിരിഡിനിയം ക്ലോറൈഡ്, ഹൈഡ്രജൻ പെറോക്സൈഡ്, പോവിഡോൺ-അയഡിൻ എന്നിവയുൾപ്പെടെയുള്ള ഡെന്റൽ മൗത്ത് വാഷുകളുടെ ചേരുവകൾക്കെല്ലാം അണുബാധ തടയാനുള്ള കഴിവുണ്ടെന്നും, പക്ഷെ വൈദ്യശാസ്ത്രപരമായ വിലയിരുത്തലുകളുടെ ആവശ്യമുണ്ടെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

 

കൃത്യമായി പറഞ്ഞാൽ , ഈ രാസവസ്തുക്കൾ കോവിഡ്-19 ന് ന് കാരണമാകുന്ന വൈറസിന്റെ ‘വൈറൽ ആവരണം’ അല്ലെങ്കിൽ ‘കൊഴുപ്പ് ആവരണം’ എന്നറിയപ്പെടുന്ന ബാഹ്യ കൊഴുപ്പ് പാളിയെ തടസ്സപ്പെടുത്തുന്നു.

 

കൊറോണ വൈറസ് ഉൾപ്പെടെ മറ്റു സാധാരണ വൈറസുകളൊക്കെയും മനുഷ്യകോശങ്ങളുമായി ബന്ധിപ്പിക്കാൻ ഈ ‘കൊഴുപ്പ് ആവരണം’ സഹായിക്കുന്നു.

 

 

ആവരണത്തിന്റെ ഉപരിതലത്തിലുള്ള ‘ഗ്ലൈക്കോപ്രോട്ടീൻ’ എന്ന് വിളിക്കുന്ന നിർദ്ദിഷ്ട സ്പൈക്ക് പ്രോട്ടീനുകൾ രോഗിയുടെ സെൽ ഉപരിതലത്തിലെ ആഗ്ര തന്തുക്കളെ തിരിച്ചറിയുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നതുവഴി രോഗിയുടെ ശരീരത്തിൽ വൈറസ് കോശങ്ങൾ സജീവമാക്കാനും പെരുകാനും ഇടയാക്കുന്നു.

 

ആതിഥേയ ശരീരത്തിലെ സെല്ലുകളിലെ ആഗ്ര തന്തുക്കളുമായി സംവദിക്കാനുള്ള സ്പൈക്ക് ഗ്ലൈക്കോപ്രോട്ടീനുകളുടെ കഴിവ് മൗത്ത് വാഷ് രാസവസ്തുക്കൾ നശിപ്പിച്ചേക്കാം.

 

കൊറോണ വൈറസ് നിർജ്ജീവമാക്കുന്നതിനുള്ള ഒരു മാർഗ്ഗമായി ഫാറ്റി മെംബറേൻ നശിപ്പിക്കുന്നതിന്റെ പങ്കിനെ സംബന്ധിച്ച് ഇതുവരെ വിശദമായ പഠനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് ഗവേഷകർ പറയുന്നു.

 

വൈറസുകൾ‌ക്ക് ജനിതക പരിണാമം സംഭവിക്കുമ്പോൾ പോലും ഈ ബാഹ്യ ‘കൊഴുപ്പ് ആവരണം’ മാറ്റങ്ങൾക്കു വിധേയമാകുന്നില്ല എന്നുള്ള വസ്തുത ഈ മഹാമാരിയെ തടയാനായി മൗത്ത് വാഷ് രാസവസ്തുക്കൾക്ക് കഴിയുമോ എന്ന വിഷയത്തിൽ അടിയന്തിരമായ ഗവേഷണങ്ങൾ നടത്തേണ്ടുന്ന ആവശ്യകത ഉയർത്തിക്കാട്ടുന്ന ഒരു ഘടകം തന്നെയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more