1 GBP = 103.12

മലയാളികൾക്കഭിമാനമായി രാജ്യാഭിമാനം ഉയർത്തി വി കെ കൃഷ്ണമേനോൻ ഇനി ലണ്ടനിലെ ഹോൾബാനിൽ തലയെടുപ്പോടെ

മലയാളികൾക്കഭിമാനമായി രാജ്യാഭിമാനം ഉയർത്തി വി കെ കൃഷ്ണമേനോൻ ഇനി ലണ്ടനിലെ ഹോൾബാനിൽ തലയെടുപ്പോടെ

കോഴിക്കോട്∙ വി.കെ. കൃഷ്ണമേനോൻ ലണ്ടനിൽ ഇന്ത്യാഹൗസിനു സമീപത്തെ ഹോൾബാൻ എന്ന സ്ഥലത്തു തല ഉയർത്തി നിൽക്കും. കൃഷ്ണമേനോൻ ദീർഘകാലം ഇന്ത്യൻ‍ ഹൈക്കമ്മിഷണറായി സേവനം അനുഷ്ഠിച്ച കെട്ടിടത്തിലായിരിക്കും മേനോന്റെ അർധകായ ചെമ്പ് പ്രതിമ രാജ്യാഭിമാനം ഉയർത്തി നിൽക്കുക.

ലണ്ടനിലേക്കു കൊണ്ടു പോകുന്നതിനായി പ്രതിമ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ ഹരിദാസ് തെക്കേമുറി, ലണ്ടനിലെ ഏഷ്യൻലൈറ്റ് പത്രത്തിന്റെ മാനേജിങ് എഡിറ്റർ അനസുദീൻ അസീസ്, ബ്രിസ്ടോൾ കമ്പനി ഉടമ തെമ്പാലത്ത് രാമചന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

എംആർഡി ദത്തന്റെ ശിഷ്യനായ ശിൽപി സെൽവരാജ് എറണാകുളത്തെ പഞ്ചവർണം എന്ന സ്ഥാപനത്തിൽ വച്ചാണ് കൃഷ്ണമേനോന്റെ പ്രതിമ തയാറാക്കിയത്. എട്ട് മാസം കൊണ്ടാണ് നിർമാണം പൂർത്തിയായത്. ബ്രിട്ടനിൽ ഇന്ത്യയുടെ ആദ്യത്തെ ഹൈകമ്മിഷണറും ഇന്ത്യൻ പ്രതിരോധ മന്ത്രിയുമായിരുന്ന കൃഷ്ണമേനോനെ ഓർമിക്കുന്നതിനായി ലണ്ടനിൽ ഇതുവരെ ഒന്നും സ്ഥാപിച്ചിരുന്നില്ല. തുടർന്നാണ് അവിടുത്തെ മലയാളി കൂട്ടായ്മ പ്രതിമ സ്ഥാപിക്കൽ എന്ന ആശയവുമായി മുന്നോട്ടു വന്നത്.

ബുദ്ധിവൈഭവം കൊണ്ടും വ്യക്‌തി പ്രഭാവം കൊണ്ടും ലോകതലത്തിൽ ശ്രദ്ധ നേടിയ വ്യക്‌തിയായിരുന്നു വി.കെ കൃഷ്‌ണമേനോനെന്ന് പ്രതിമ ലണ്ടൻ പ്രതിനിധികൾക്ക് കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ രംഗത്തും സാർവ ദേശീയ രംഗത്തും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ആർക്കും വിസ്‌മരിക്കാനാകില്ല.

1947ന് മുൻ‍പ് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്‌തിക്ക് വേണ്ടിയും പിന്നീട് രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടിയും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. പുതിയ തലമുറ അദ്ദേഹത്തെക്കുറിച്ച് പഠിക്കുകയും അറിയുകയും വേണമെന്നും രാജ്യത്തിന്റെ ഇന്നത്തെ സ്‌ഥിതിയിൽ കൃഷ്‌ണമേനോന്റെ വ്യക്‌തിജീവിതം പുതുതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ഏഷ്യൻലൈറ്റ് പൊളിറ്റിക്കൽ അഡ്വൈസറും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമായ പി. ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. ഏഷ്യൻ ലൈറ്റ് മാനേജിങ് എഡിറ്റർ അനസുദീൻ അസീസ്, ലണ്ടനിലെ ബ്രിസ്‌ടോൾ ലബോറട്ടറി ഉടമ തെമ്പാലത്ത് രാമചന്ദ്രൻ, ഹരിദാസ് തെക്കേമുറി, കെ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more