1 GBP = 103.95

ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി നരേന്ദ്ര മോദി; മീറ്റിംഗ് ജൂൺ 24ന്

ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി നരേന്ദ്ര മോദി; മീറ്റിംഗ് ജൂൺ 24ന്

പ്രധാനമന്ത്രിയുമായി നേരിട്ടുള്ള കൂടിക്കാഴ്ച ആയതിനാൽ യോഗത്തിലെത്തുന്ന നേതാക്കൾ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ വിവിധ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 24ന് സംഘടിപ്പിച്ചിരിക്കുന്ന സർവകക്ഷി യോഗത്തിൽ ജമ്മു കാശ്മീരിലെ പ്രമുഖ പാർട്ടിയിലെ നേതാക്കൾക്ക് എല്ലാം തന്നെ ക്ഷണമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാല് മുൻ മുഖ്യമന്ത്രിമാരടക്കം പതിനാല് നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കു ചേരാൻ നേതാക്കളെ ക്ഷണിച്ചത്. നാഷണൽ കോൺഫറൻസ് നേതാവ് ഫാറുഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. കോൺഗ്രസ് നേതാവ് താരാ ചന്ദ്, പീപ്പിൾസ് കോൺഫറൻസ് നേതാവ് മുസാഫർ ഹുസൈൻ ബൈഗ്, ബിജെപി നേതാക്കളായ നിർമ്മല്‍ സിംഗ്, കവീന്ദർ ഗുപ്ത. സിപിഎം നേതാവ് യൂസഫ് തരിഗാമി എന്നിവരാണ് യോഗത്തിൽ ക്ഷണിക്കപ്പെട്ട പ്രമുഖർ.

ഇതിന് പുറമെ ജമ്മു കശ്മീര്‍ അപ്നി പാർട്ടി (JKAP)അധ്യക്ഷൻ അൽതാഫ് ബുഖാരി, പീപ്പിൾസ് കോൺഫറൻസ് അംഗം സജ്ജാദ് ലോൺ, ജമ്മു കാശ്മീർ കോൺഗ്രസ് അധ്യക്ഷൻ ജി.എ.മിർ, ബിജെപിയുടെ രവീന്ദർ റെയ്ന, പാന്തേഴ്സ് പാർട്ടി നേതാവ് ഭീം സിംഗ് എന്നിവരെയും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ച ശേഷം നടക്കുന്ന ആദ്യ സർവകക്ഷി യോഗം കൂടിയാണിത്. ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖരും യോഗത്തിൽ പങ്കെടുത്തേക്കും. കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം ലഭിച്ചെന്ന് കശ്മീർ മുൻമുഖ്യമന്ത്രി കൂടിയായ ഒമർ അബ്ദുള്ള സ്ഥിരീകരിച്ചിട്ടുണ്ട്. പാർട്ടി അധ്യക്ഷന്‍റെ നിർദേശപ്രകാരം തുടർ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. പാർട്ടി അധ്യക്ഷൻ ഫാരൂഖ് അബ്ദുള്ള വൈകാതെ തന്നെ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിന്‍റെ ക്ഷണം ലഭിച്ച സാഹചര്യത്തിൽ പിഡിപിയും യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും തുടർ തീരുമാനങ്ങൾ ഉണ്ടാവുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more