1 GBP = 103.84
breaking news

ഇന്ത്യൻ പ്രവാസികൾ രാജ്യത്തിന്‍റെ ഗുഡ് വിൽ അംബാസിഡർമാർ -മോദി

ഇന്ത്യൻ പ്രവാസികൾ രാജ്യത്തിന്‍റെ ഗുഡ് വിൽ അംബാസിഡർമാർ -മോദി

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസികൾ ഇന്ത്യയുടെ ഗുഡ് വിൽ അംബാസിഡർമാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസ്കത്തിലെ ബോഷർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഒമാൻ-ഇന്ത്യ ബന്ധം പുതിയ തലത്തിലേക്ക് ഉയരുകയാണ്. ഒമാനും ഇന്ത്യയും തമ്മിൽ 5000 വർഷം മുമ്പേ വ്യാപാര ബന്ധമുണ്ടെന്നും മോദി പറഞ്ഞു.

പുതിയ ഇന്ത്യ എന്ന സ്വപ്‍നം സാക്ഷാത്കരിക്കുന്നതിൽ പ്രവാസികൾ പങ്കാളികൾ ആയിരിക്കും. പുതിയ ഇന്ത്യയിൽ പദ്ധതികൾ നീട്ടികൊണ്ടു പോകില്ല. അഴിമതിയുണ്ടാകില്ല. കഴിഞ്ഞ നാലു വർഷത്തിനിടെ മോദി എത്ര കൊണ്ടുപോയി എന്ന് ചോദിച്ചിട്ടില്ല, എത്ര കൊണ്ടു വന്നു എന്നാണ് ചോദിക്കുന്നത്. 2022നുള്ളിൽ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ കാണാം. മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യാമെന്നും മോദി വ്യക്തമാക്കി.

മസ്‌ക്കത്ത് റോയൽ വിമാനത്താവളത്തിലെത്തിയ മോദിയ്ക്ക് ഒമാൻ ഉപപ്രധാനമന്ത്രി സെയിദ് ഫഹദ് ബിൻ മഹ്‌മൂദിന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ക്യാബിനറ്റ് മന്ത്രിമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഇന്ത്യൻ പ്രതിനിധികളും സന്നിഹിതരായിരുന്നു.
10 വർഷങ്ങൾക്ക് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെ താൻ ഒമാനിൽ കുറച്ച് സമയം ചെലവഴിച്ചെന്ന്  മോദി പറഞ്ഞു. അന്ന് ഒമാനിൽ വച്ച് കണ്ട ചിലരെ വീണ്ടും ഇവിടെ വച്ച് കാണാൻ കഴിഞ്ഞു. ഒമാനിലെത്തുകയെന്നത് തന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് മറ്റൊരു മിനി ഇന്ത്യയാണ് തനിക്ക് ഇന്ന് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മോദിയുടെ ചടങ്ങിൽ പങ്കെടുക്കുന്ന 25,000 പേരെയും കർശന സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് കടത്തി വിട്ടത്. മൊബൈൽ ഫോൺ ഒഴികെ മറ്റു വസ്തുക്കളൊന്നും കൈവശം സൂക്ഷിക്കാൻ അനുവദിക്കുന്നില്ല. പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണം, വെള്ളം എന്നിവ എംബസി അധികൃതർ തന്നെ വിതരണം ചെയ്യും. ഒമാനിൽ ഏറ്റവും കൂടുതൽ വിദേശികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയെന്ന റെക്കാഡും ഇതോടെ മോദി സ്വന്തമാക്കി.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more