1 GBP = 104.18

ദുരന്തമായി മോക് ഡ്രിൽ: വെള്ളത്തിൽ ചാടാൻ പറഞ്ഞ രക്ഷാപ്രവർത്തകർ കാഴ്ചക്കാരായി; യുവാവിന് ദാരുണാന്ത്യം

ദുരന്തമായി മോക് ഡ്രിൽ: വെള്ളത്തിൽ ചാടാൻ പറഞ്ഞ രക്ഷാപ്രവർത്തകർ കാഴ്ചക്കാരായി; യുവാവിന് ദാരുണാന്ത്യം

മല്ലപ്പള്ളി: ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി നടത്തിയ പ്രളയ -ദുരന്ത നിവാരണ പരിശീലനത്തിനിടെ പത്തനംതിട്ടയിൽ നാട്ടുകാരനായ യുവാവിന് ജീവൻ നഷ്ടപ്പെട്ടു. വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം പടുതോട് കടവില്‍ മണിമലയാറ്റില്‍ സംഘടിപ്പിച്ച പരിശീലനത്തിനിടെയാണ് കല്ലൂപ്പാറ തുരുത്തിക്കാട് കാക്കര മണ്ണിൽ വീട്ടിൽ പാലത്തുങ്കൽ ബിനു സോമൻ (34) മരിച്ചത്. 

വ്യാഴാഴ്ച രാവിലെ അപകടത്തിൽപെട്ട യുവാവിനെ അരമണിക്കൂറിനുശേഷം കണ്ടെത്തി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. രാത്രി 8.15ഓടെ മരണം സ്ഥിരീകരിച്ചു. യുവാവിന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ അറിയിച്ചു. 

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് സംസ്ഥാന -ജില്ല ദുരന്ത നിവാരണ അതോറിറ്റികൾ സംയുക്തമായാണ് മണിമലയാറ്റിൽ പരിശീലനം സംഘടിപ്പിച്ചത്. ഇതിലേക്ക് നീന്തൽ അറിയാവുന്ന ബിനു ഉൾപ്പെടെ നാലുപേരെ റവന്യൂവകുപ്പിന്‍റെ നിർദേശപ്രകാരം എത്തിച്ചത് പ്രദേശത്തെ ജനപ്രതിനിധിയാണ്. 

ബിനു സോമനോട് വെള്ളത്തിലേക്ക് ചാടാൻ ബന്ധപ്പെട്ടവർ നിർദേശം നൽകി. പൊങ്ങിവരുമ്പോൾ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, പൊങ്ങിവരാതെ ബിനു ചളിയിലേക്ക് ആണ്ടുപോകുകയായിരുന്നു. അരമണിക്കൂർ തിരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്. പരിശീലനഭാഗമായി എത്തിയിരുന്ന ദേശീയ ദുരന്ത നിവാരണ സേനയിലെ നാല് അംഗങ്ങളും അഗ്നിരക്ഷ സേനയും പൊലീസും സജ്ജരായിരുന്നു. ഇവരാരും അപകടം മനസ്സിലാക്കി ഉടൻ രക്ഷിക്കാൻ ഇറങ്ങിയില്ലെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. 

റവന്യൂ – ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തുണ്ടായിരുന്നു. വെള്ളത്തിൽനിന്ന് കണ്ടെത്തിയ ബിനുവിനെ പ്രാഥമിക ചികിത്സ നൽകി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, യുവാവിന് സംഭവ സ്ഥലത്തുവെച്ചു തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നെന്നും സംഭവത്തിൽ പ്രതിഷേധം കുറക്കാൻ മരണവിവരം പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more