1 GBP = 103.12

എം.എം.സി.എയെ ആഷൻ പോൾ നയിക്കും; ജയൻ ജോൺ സെക്രട്ടറി….ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു.

എം.എം.സി.എയെ ആഷൻ പോൾ നയിക്കും; ജയൻ ജോൺ സെക്രട്ടറി….ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു.

യുകെയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓണാഘോഷം മാഞ്ചസ്റ്ററിൽ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിഥിൻഷോ ഫോറം സെൻററിൽ കേരളത്തനിമ നിലനിർത്തിക്കൊണ്ട്  ആഘോഷിച്ചു. രാവിലെ 10ന് പൂക്കളമിട്ട് ആരംഭിച്ച ആഘോഷ പരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടേയും ഇൻഡോർ മത്സരങ്ങളെ തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ.

ഓണസദ്യയ്ക്ക് ശേഷം നടന്ന  സമ്മേളനം യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്തു. ബിജു പി.മാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റോയ് ജോർജ് സ്വാഗതമാശംസിച്ചു. മാവേലി മന്നനെ റിഥം ഓഫ് വാറിംഗ്ടൺ ചെണ്ടമേളത്തിൻ്റെയും താലപ്പൊലിയേന്തിയ മലയാളി മങ്കമാരും ചേർന്ന് വേദിയിലേക്ക് ആനയിച്ചു. യുക്മ ജനറൽ സെക്രട്ടറിഅലക്സ് വർഗീസ്, ടി.എം.എ പ്രസിഡൻ്റ് റെൻസൺ സക്കറിയാസ്, മുൻ എം.എം.സി.എ പ്രസിഡൻ്റുമാരായ കെ.കെ.ഉതുപ്പ്, മനോജ് സെബാസ്റ്റ്യൻ, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു. ലിജോ പുന്നൂസ് നന്ദിയർപ്പിച്ചു.

എം.എം.സി.എ ഓണാഘോഷ പരിപാടിയുടെ ഫോട്ടോകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുയോഗത്തെ തുടർന്ന് എം.എം.സി.എയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡൻറായി കഴിഞ്ഞ കുറെ വർഷങ്ങളായി സംഘടനയുടെ ഭരണ സമിതിയിൽ പ്രവർത്തിച്ച് പരിചയസമ്പന്നനായ ശ്രീ. ആഷൻ പോൾ തിരഞ്ഞെടുക്കപ്പെട്ടു. ജയൻ ജോൺ സെക്രട്ടറിയായും പ്രദീപ് നായർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. താഴെപ്പറയുന്നവരാണ് മറ്റ് ഭാരവാഹികൾ – വൈസ് പ്രസിഡൻറ് – ജിസ്മി അനിൽ, ജോയിൻറ് സെക്രട്ടറി – സുമേഷ് രാജൻ, കൾച്ചറർ കോർഡിനേറ്റർമാരായി ഷൈജ സ്റ്റീഫൻ, റിയ മേരി തുടങ്ങിയവരും കമ്മിറ്റിയംഗങ്ങളായി അലക്സ് വർഗ്ഗീസ്, സാബു പുന്നൂസ്, അജി പി.ജോൺ എന്നിവരെയും തിരഞ്ഞെടുത്തു.

വർണാഭമായ നിരവധി പരിപാടികളോടെയാണ് ഓണാഘോഷത്തിന് തിരശീല വീണത്.പുതിയ കമ്മിറ്റി ചുമതലയേറ്റ ശേഷം പ്രസിഡൻ്റ് ആഷൻ പോളിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ ഭാരവാഹികളായി തിരഞ്ഞെടുത്തതിന്  അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിശദമായ ചർച്ചയ്ക്ക് ശേഷം അടുത്ത ഒരു വർഷത്തേക്കുള്ള  പരിപാടികളുടെ തീയ്യതികൾ തീരുമാനിച്ചു. ആദ്യ പരിപാടിയെന്ന നിലയിൽ നവംബർ മാസം 20 ശനിയാഴ്ച ശിശുദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ വിഥിൻഷോ സെൻ്റ്. ജോൺസ് സ്കൂളിൽ വച്ച് നടത്തുന്നതാണ്. ക്രിസ്തുമസ് പുതുവത്സസര ആഘോഷം ജനുവരി 15 ശനിയാഴ്ച വിഥിൻഷോ ഫോറം സെൻ്ററിൽ നടത്തുന്നതിനും യോഗം അംഗീകാരം നൽകി.

എം.എം.സി.എയുടെ ആഭിമുഖ്യത്തിൽ പുതിയതായി ഡാൻസ് ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിക്കുകയും, അതിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം എം. എം. സി.എ പ്രസിഡൻ്റ് ആഷൻ പോൾ നിർവ്വഹിക്കുയുണ്ടായി. സെക്രട്ടറി ജയൻ ജോൺ, കൾച്ചറൽ കോർഡിനേറ്റർ ഷൈജ സ്റ്റീഫൻ, ഡാൻസ് ടീച്ചർ ദിവ്യ രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഡാൻസ് ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.

അടുത്ത ഒരു വർഷത്തെ  മറ്റ് പ്രധാനപ്പെട്ട പരിപാടികൾ ഇപ്രകാരമാണ്. ഏകദിന വിനോദയാത്ര ഏപ്രിൽ 30 ശനിയാഴ്ച, നഴ്സസ് ഡേ – മെയ് 14 ശനിയാഴ്ച, സ്പോർട്സ് ഡേ – ജൂൺ 25 ശനിയാഴ്ച, ഓണാഘോഷം 2022 – സെപ്റ്റംബർ 10 ശനിയാഴ്ച ഫോറം സെൻ്ററിൽ.

യുകെയിലെ പ്രധാന മലയാളി അസോസിയേഷനുകളിലാെന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എം.എം.സി.എ) സൗത്ത് മാഞ്ചസ്റ്ററിലെയും പരിസരങ്ങളിലെയും മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയാണ്. പുതിയതായി യുകെയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന കുടുംബങ്ങളും വ്യക്തികളും അസോസിയേഷനിൽ അംഗമാകുവാൻ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഉൾപ്പെട്ട  കമിറ്റിയുടെ അടുത്ത ഒരു വർഷത്തെ പരിപാടികൾ വിജയിപ്പിക്കുവാൻ എല്ലാവരുടേയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more