1 GBP = 103.12

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ കേരളത്തെ സഹായിക്കുവാനുള ചാരിറ്റി സംഗീത സംഗീത സായാഹ്നത്തിലേക്ക് നിങ്ങളും എത്തില്ലേ… ഓണാഘോഷ പരിപാടികൾ നാളെ ഫോറം സെന്ററിൽ…

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ കേരളത്തെ സഹായിക്കുവാനുള ചാരിറ്റി സംഗീത സംഗീത സായാഹ്നത്തിലേക്ക് നിങ്ങളും എത്തില്ലേ… ഓണാഘോഷ പരിപാടികൾ നാളെ ഫോറം സെന്ററിൽ…
സജി സെബാസ്റ്റ്യൻ
മാഞ്ചസ്റ്റർ:- യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ( എം.എം.സി.എ) കേരളത്തിലെ പ്രളയ ദുരന്ത ബാധിതരെ സഹായിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടികളും ചാരിറ്റി സംഗീത സായാഹ്നവും നാളെ വിഥിൻഷോ ഫോറം സെന്ററിൽ വച്ച് നടക്കും. എം.എം.സി.എയുടെ  ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാൻ ഫണ്ട് ശേഖരിക്കുകയാണ് ലക്ഷ്യം. പാഷാണം ഷാജിയുടെ സംഘത്തിന്റെ  സ്റ്റേജ് ഷോയും മറ്റ് പരിപാടികളും ഓണസദ്യയും  ആർഭാടമായി നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ  മറ്റ് സംഘടനകൾക്ക് മാതൃകയായി ഓണാഘോഷവും ഒരു വർഷം നീണ്ട് നില്ക്കുന്ന പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി ബാക്കി ലഭിക്കുന്ന തുക ദുരന്തമുഖത്ത് വിറങ്ങലിച്ച് നിൽക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാൻ ടീം എം.എം.സി.എ  തീരുമാനിച്ചപ്പോൾ മുഴുവൻ അംഗങ്ങളും ഒറ്റക്കെട്ടായി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്.   കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിന്റെ സാഹചര്യത്തിൽ ദുരന്തബാധിതർക്ക് ഒരു കൈത്താങ്ങാകുവാൻ സ്റ്റേജ് ഷോ റദ്ദാക്കുകയും, ഓണസദ്യയും മറ്റ് കലാ പരിപാടികളും ലളിതമായി നടത്തി ലഭിക്കുന്ന തുക വിഷമമനുഭവിക്കുന്നവരെ സഹായിക്കുവാൻ ടീം എം.എം.സി.എ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുവാൻ വൈകുന്നേരം 4 മുതൽ യു കെയിലെ പ്രശസ്ത ഗായകർ പങ്കെടുക്കുന്ന റെക്സ് ജോസ്, റോയ് മാത്യു, ബെന്നി, ഷിബു, ഷാജു  ഉതുപ്പ്, രഞ്ജിത്ത് ഗണേഷ്, തുടങ്ങിയ യു കെയിലെ മികച്ച ഗായകർ ഉൾപ്പെടുന്ന  സംഗീത സായാഹ്നവും, മാഞ്ചസ്റ്റർ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളം, അശോക് ഗോവിന്ദിന്റെ ഹാസ്യവും  മറ്റ് കലാപരിപാടികളും ചേർന്നാണ് ചാരിറ്റി സംഗീത സായാഹ്നം സംഘടിപ്പിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാക്കിയിട്ടുള്ള പരിപാടികൾ കാണുവാനും ആസ്വദിക്കുവാനും  ഏവർക്കും സൗകര്യം ഉണ്ടായിരിക്കും.. സുമനസുകൾക്ക് ചാരിറ്റി ഫണ്ടിലേക്ക് തങ്ങളാൽ കഴിയുന്ന തുക സoഭാവന നൽകാവുന്നതാണ്. ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ചാരിറ്റി ബോക്സിൽ പരിപാടിക്കെത്തുന്നവർക്ക് തുക നിക്ഷേപിക്കാവുന്നതാണ്.
എം.എം.സി എ യുടെ ഓണാഘോഷ പരിപാടികൾ രാവിലെ പതിനൊന്നിന് പൂക്കളമിട്ട്, ഇൻഡോർ മത്സരങ്ങളോടെ ഫോറം സെന്ററ്റൽ ആരംഭിക്കും. അംഗങ്ങൾക്കായി എം.എം.സി.എ ടോഫിക്കും അലീഷാ ജിനോ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുമുള്ള വടംവലി മത്സരവും തുടർന്ന് ലളിതമായ ഓണസദ്യയും ഉണ്ടായിരിക്കും.
വൈകിട്ട് 3 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം യുകെയിലെ ഉന്നത സിവിൽ സർവ്വീസുകാരനായ ഡോ.അനൂജ് മാത്യു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. വിഥിൻഷോ & സെയിൽ എം.പി. മൈക്ക് കേൻ, യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, മാഞ്ചസ്റ്റർ സിറ്റി കൗൺസിലർമാരായ മുൻ മേയർ എഡ്ഡി ന്യൂമാൻ, സാറാ ജഡ്ജ്ജ്, ബ്രയാൻ ഒ നീൽ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ട്രഷറർ സാബു ചാക്കോ നന്ദി രേഖപ്പെടുത്തും. യോഗത്തിൽ വച്ച് മുൻ പ്രസിഡൻറുമാരെ ആദരിക്കും. ജി.സി.എസ്.ഇ യിലേയും എ ലെവലിയേയും വിജയികൾക്ക് അവാർഡുകളും സമ്മാനങ്ങളും, അസോസിയേഷൻറെ കഴിഞ്ഞ വർഷത്തെ ശിശുദിനാഘോഷ മത്സരങ്ങളുടെയും, കായിക മത്സരങ്ങളിലെയും വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് അസോസിയേഷൻ ഡാൻസ് സ്കൂളിലെ കുട്ടികളുടെയും, അംഗങ്ങളുടെയും കലാപരിപാടികൾ ഉണ്ടായിരിക്കും.
വൈകുന്നേരം 4 മണിക്ക് യുകെയിലെ പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന സംഗീത സായാഹ്നവും മറ്റ് പരിപാടികളും ഉണ്ടായിരിക്കും. ചാരിറ്റി ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ മാഞ്ചസ്റ്റർ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളം ഉൾപ്പെടെ നിരവധി കലാപരിപാടികൾ ഉണ്ടായിരിക്കും. പ്രത്യേകം ടിക്കറ്റ് വയ്ക്കാതെ പൊതു ജനങ്ങൾക്കായി നടത്തുന്ന പരിപാടിയിൽ  സംബന്ധിക്കുന്നവർ സ്വമനസാലെ നൽകുന്ന സംഭാവനകൾ സ്വീകരിക്കുന്നതാണ്. ഹാളിൽ മിതമായ നിരക്കിൽ ലഘുഭക്ഷണവും ചായയും മറ്റ് ഡ്രിംഗ്സുകളു ലഭിക്കുന്നതാണ്.
എം.എം.സി.എയുടെ ചാരിറ്റി സംഗീത സായാഹ്നവും  ഓണാഘോഷ  പരിപാടികളും വൻവിജയമാക്കുവാൻ എല്ലാവരേയും ടീം എം.എം.സി.എ യ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more