1 GBP = 102.92
breaking news

മൈക്രോഫൈനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശന് തിരിച്ചടി; അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

മൈക്രോഫൈനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശന് തിരിച്ചടി; അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

 

കൊച്ചി: മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. തനിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്കും മറ്റുള്ളവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനനന്ദനാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഈ പരാതിയിലാണ് വിജിലന്‍സ് സംഘം പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇതിനെതിരേയാണ് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചത്.

പിന്നാക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിഎസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്. ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും വെളളാപ്പളളിക്കെതിരെ ചുമത്തിയിരുന്നു.15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിജിലന്‍സിന്റെ നിരീക്ഷണം. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ കേസില്‍ ആകെ അഞ്ചുപ്രതികളാണുള്ളത്. ഡോ എംഎന്‍ സോമന്‍, കെകെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംസ്ഥാന പിന്നോക്കവികസന കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത് എസ്എന്‍ഡിപിയുടെ സ്വാശ്രയസംഘങ്ങള്‍ക്ക് നല്‍കിയ കേസില്‍ വന്‍ക്രമക്കേട് നടന്നുവെന്നാണ് കേസ്. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ക്രമക്കേട് കണ്ടെത്തിയിട്ടും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പണം അനുവദിച്ചുവെന്നും വ്യക്തമാക്കിക്കൊണ്ടാണ് വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
ഇല്ലാത്ത സംഘങ്ങള്‍ക്ക് പണം പണം നല്‍കിയയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. തട്ടിപ്പിനായി ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ഗൂഢാലോചന നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. വെളളാപ്പളളി നേടേശനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു കേസിന്റെ വിശദവിവരങ്ങള്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നത്. ഈ എഫ്‌ഐആര്‍ റദ്ദുചെയ്യാനാണ് വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചത്. വിഎസ് അച്യുതാനന്ദനും ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേര്‍ന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more