1 GBP = 103.92

ഖത്തർ ലോകകപ്പ് – യുവേഫ മുൻ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ!

ഖത്തർ ലോകകപ്പ് – യുവേഫ മുൻ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ!

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

പാരിസ്: 2022-ലെ ഫുട്ബോൾ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ യുവേഫ മുൻ പ്രസിഡന്റും ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവുമായ മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് പാരീസിൽ വെച്ചാണ് പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

2007 മുതൽ 2015 വരെ യുവേഫ പ്രസിഡന്റായിരുന്നു പ്ലാറ്റിനി. 63-കാരനായ പ്ലാറ്റിനിയെ ആന്റി കറപ്ഷൻ ഓഫീസിൽ എത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുടെ സെക്രട്ടറി ജനറലിനെയും ചോദ്യം ചെയ്യും.

ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതിൽ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന മിഷേൽ പ്ലാറ്റിനി ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് അന്വേഷണ മാധ്യമമായ മീഡിയാപാർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തറിനു ലോകകപ്പ് വേദി നൽകിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു അവരുടെ റിപ്പോർട്ട്.

മീഡിയാപാർട്ടിന്റെ റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിൽ പ്ലാറ്റിനിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. വേദി അനുവദിക്കുന്നതു സംബന്ധിച്ച് നടത്തിയ വോട്ടെടുപ്പിൽ പ്ലാറ്റിനി ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ചൈനയെ മറികടന്ന് ഖത്തർ ലോകകപ്പ് വേദി സ്വന്തമാക്കിയതിനു പിന്നിൽ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന പ്ലാറ്റിനിയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ എഴുതിയ പുസ്തകത്തിലും ഇക്കാര്യത്തെ കുറിച്ച് പരാമർശമുണ്ടായിരുന്നു.

ഇക്കാര്യങ്ങളെല്ലാം ശരിവെക്കുന്ന റിപ്പോർട്ടാണ് ഫ്രഞ്ച് അന്വേഷണ മാധ്യമം മീഡിയാപാർട്ട് പുറത്തുവിട്ടത്. മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയാണ് പ്ലാറ്റിനിയോട് ഖത്തറിനു വേദി മറിച്ചുനൽകാൻ ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഖത്തർ ഭരണാധികാരിയുമായി സർക്കോസിക്കുള്ള അടുപ്പമാണ് ഇതിലേക്ക് നയിച്ചത്.

ഇതിനു പിന്നാലെ പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ ഖത്തർ വ്യവസായ മേഖലയിൽ നിന്ന് വലിയ നിക്ഷേപം എത്തിയിരുന്നു. സർക്കോസി പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ഇത്. ഇതെല്ലാം ഖത്തറിന് ലോകകപ്പ് വേദി നൽകാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നുവെന്നാണ് റിപ്പോർട്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more