1 GBP = 103.70

‘ഞങ്ങള്‍ക്ക് ശവസംസ്‌കാരം നടത്തണം’; പാക് സൈന്യത്തോട് വെടിനിറുത്തല്‍ ആവശ്യപ്പെട്ട് പള്ളിയില്‍ നിന്നും അനൌണ്‍സ്‌മെന്റ്

‘ഞങ്ങള്‍ക്ക് ശവസംസ്‌കാരം നടത്തണം’; പാക് സൈന്യത്തോട് വെടിനിറുത്തല്‍ ആവശ്യപ്പെട്ട് പള്ളിയില്‍ നിന്നും അനൌണ്‍സ്‌മെന്റ്

അത്യപൂര്‍വമായ ഒരു ശവസംസ്‌കാരത്തിനാണ് ജമ്മുകാശ്മീരിലെ അതിര്‍ത്തി നിയന്ത്രണമേഖലയായ പൂഞ്ചില്‍ വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായ വെടിവെപ്പില്‍ തന്‍വീര്‍ എന്ന പതിനാറുകാരന്‍ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള നൂര്‍കോട്ടെ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. തന്‍വീറിന്‍െ മൃതദേഹം സ്വന്തം സ്ഥലത്ത് സംസ്‌കരിക്കാനാണ് കുടുംബം ആഗ്രഹിച്ചതെങ്കിലും പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ വെടിവെപ്പുമൂലം ഇത് സാധ്യമായില്ല. തുടര്‍ന്ന് പ്രാദേശിക പള്ളിയില്‍ നിന്നും പാകിസ്ഥാനോട് വെടിനിറുത്താന്‍ ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെടേണ്ടി വന്നു. ‘നിങ്ങളുടെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കണം. ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനായി ദയവായി വെടിനിര്‍ത്തൂ,’ എന്ന് പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ അഭ്യര്‍ത്ഥിക്കേണ്ടി വന്നതായി സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ജെഹാംഗിര്‍ മിര്‍ അറിയിച്ചു.

മൂന്നാഴ്ച ശാന്തമായിരുന്ന അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് ആരംഭിച്ചതിനെ തുടര്‍ന്ന് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമീണര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. മാച്ചില്‍ മേഖലയില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ സൈന്യം തിരിച്ചടിച്ചതോടെയാണ് വീണ്ടും വെടിനിറുത്തല്‍ ലംഘിക്കപ്പെട്ടത്.

ഒരു പ്രദേശത്ത് നിരവധി ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും പരിക്കേല്‍പിച്ചുകൊണ്ട് രണ്ടു മൂന്നു ബോംബുകള്‍ വീണതായും പ്രദേശവാസികള്‍ ഭീതിയിലാണെന്നും അതിര്‍ത്തിയില്‍ താമസിക്കുന്ന സുനില്‍ കുമാര്‍ എന്ന ഗ്രാമീണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ വെടിനിറുത്തല്‍ ലംഘിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു.

സെപ്തംബറില്‍ ഇന്ത്യ മിന്നല്‍ ആക്രമണം നടത്തിയതിന് ശേഷം മുന്നൂറിലേറെ തവണയാണ് വെടിനിറുത്തല്‍ ലംഘിക്കപ്പെട്ടത്. ഇതില്‍ 14 സൈനികര്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു. 2003 ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more