1 GBP = 103.89

മെക്‌സിക്കോ ഒന്നിനെതിരെ രണ്ട് ഗോള്‍ ജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക്

മെക്‌സിക്കോ ഒന്നിനെതിരെ രണ്ട് ഗോള്‍ ജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക്

ജര്‍മ്മന്‍ പ്രതിരോധത്തില്‍ നിന്നും ദക്ഷിണകൊറിയന്‍ ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയ മെക്‌സിക്കോ ഒന്നിനെതിരെ രണ്ട് ഗോള്‍ ജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് ഒരുപടികൂടി അടുത്തു. കാര്‍ലോസ് വെലയും ഹാവിയര്‍ ഫെര്‍ണാണ്ടസുമാണ് മെക്‌സിക്കോയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമിലായിരുന്നു ദക്ഷിണകൊറിയയുടെ ആശ്വാസ ഗോള്‍. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോറ്റ ദക്ഷിണ കൊറിയയുടെ റഷ്യന്‍ ലോകകപ്പിലെ പ്രതീക്ഷകള്‍ കണക്കുകളിലേക്ക് നേര്‍ത്തു.

ആദ്യമത്സരത്തില്‍ ജര്‍മ്മനിക്കെതിരെ പ്രതിരോധകോട്ട കെട്ടുകയും ലഭിക്കുന്ന അവസരങ്ങളിലൂടെ കൗണ്ടര്‍ അറ്റാക്ക് നടത്തുകയുമായിരുന്നു മെക്‌സിക്കോ വിജയകരമായി നടപ്പിലാക്കിയ തന്ത്രം. ആദ്യമത്സരത്തില്‍ പ്രതിരോധത്തിലൂന്നി കളിച്ച മെക്‌സിക്കോ ദക്ഷിണകൊറിയ എതിരാളികളെത്തിയപ്പോഴേക്കും തന്ത്രം തലതിരിച്ചിട്ടു. തുടര്‍ച്ചയായ ആക്രമണങ്ങളായിരുന്നു മെക്‌സിക്കോ ദക്ഷിണകൊറിയക്കെതിരെ നടത്തിയത്. കൗണ്ടര്‍ അറ്റാക്കിലൂടെ തിരിച്ചടിക്കാന്‍ ദക്ഷിണകൊറിയ പലവുരു ശ്രമിച്ചെങ്കിലും മെക്‌സിക്കന്‍ പ്രതിരോധത്തേയും സര്‍വോപരി ഒച്ചോവയെ കീഴടക്കാനായില്ല.

മത്സരത്തിന്റെ ഇരുപത്തിനാലാം മിനുറ്റില്‍ മെക്‌സിക്കോയ്ക്ക് അനുകൂലമായ പെനല്‍റ്റി ലഭിച്ചു. മെക്‌സിക്കോ താരം ഹാവിയര്‍ ഫെര്‍ണാണ്ടസിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ദക്ഷിണകൊറിയയുടെ യാങ് ഹ്യുന്‍ സുന്റെ കയ്യില്‍ തട്ടുകയായിരുന്നു. സംശയമേതുമില്ലാതെ ഉടനെ റഫറി പെനല്‍റ്റി വിധിച്ചു. പിഴവുകളില്ലാതെ കാര്‍ലോസ് വെല പെനല്‍റ്റി ഗോളാക്കി മാറ്റി മെക്‌സിക്കോയ്ക്ക് ലീഡ് നല്‍കി.

ഹാവിയര്‍ ഫെര്‍ണാണ്ടസിലൂടെയാണ് മെക്‌സിക്കോ രണ്ടാം ഗോള്‍ നേടിയത്. പെനല്‍റ്റി ബോക്‌സില്‍ നൃത്തച്ചുവടുകളോടെ മുന്നേറിയ ഹാവിയര്‍ ഫെര്‍ണാണ്ടസിന് മുന്നില്‍ ദക്ഷിണ കൊറിയന്‍ ഗോളിക്ക് മറുപടിയുണ്ടായില്ല. അതോടെ ഗാലറിയില്‍ മെക്‌സിക്കന്‍ തിരകള്‍ ആര്‍ത്തിരമ്പി. ഹാവിയര്‍ ഫെര്‍ണാണ്ടസിന്റെ അമ്പതാമത് അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

ജര്‍മ്മനിക്കെതിരായ മെക്സിക്കോയുടെ ആദ്യ മത്സരത്തില്‍ ഒമ്പത് രക്ഷപ്പെടുത്തലുകളാണ് മെക്‌സിക്കോ ഗോളി ഒച്ചോവ നടത്തിയത്. റഷ്യന്‍ ലോകകപ്പിലെ ഒരു ഗോള്‍ കീപ്പറുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. ആ പ്രകടനത്തിന്റെ തുടര്‍ച്ചയായിരുന്നു ദക്ഷിണകൊറിയക്കെതിരെയും ഒച്ചോവ നടത്തിയത്.

ഇഞ്ചുറി ടൈമില്‍, തൊണ്ണൂറ്റി മൂന്നാമത്തെ മിനുറ്റിലാണ് സോണ്‍ യുങ് മിന്‍ ദക്ഷിണകൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ നേടിയ ശേഷം മെക്സിക്കോ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ തുടര്‍ച്ചയായി ദക്ഷിണകൊറിയ മുന്നേറ്റം നടത്തിയിരുന്നു.

ഏകപക്ഷീയമായ രണ്ട് ഗോള്‍ ജയത്തോടെ മെക്‌സിക്കോയ്ക്ക് ആറ് പോയിന്റായി. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മെക്‌സിക്കോ അവസാന പതിനാറിലെത്തുമെന്നുറപ്പ്. ഡി ഗ്രൂപില്‍ സ്വീഡന്‍ നേരത്തെ ദക്ഷിണ കൊറിയയെ തോല്‍പിച്ചിരുന്നു. സ്വീഡനെ ജര്‍മ്മനി തോല്‍പിക്കുകയും സ്വീഡനെ മെക്‌സിക്കോ തോല്‍പിക്കുകയും ജര്‍മ്മനിയെ അട്ടിമറിക്കുകയും ചെയ്താല്‍ മാത്രമാണ് ദക്ഷിണ കൊറിയക്ക് നേരിയ സാധ്യതയുള്ളത്. അങ്ങനെ വന്നാല്‍ ദക്ഷിണകൊറിയക്കും സ്വീഡനും ജര്‍മ്മനിക്കും മൂന്ന് പോയിന്‍റാകും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more