1 GBP = 103.25
breaking news

ദയാവധം കേരളത്തിലും, ചട്ടം ഒരു മാസത്തിനുള്ളിൽ

ദയാവധം കേരളത്തിലും, ചട്ടം ഒരു മാസത്തിനുള്ളിൽ

തിരുവനന്തപുരം: ഗുരുതരരോഗം ബാധിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാനാവാത്തവർക്ക് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദയാവധം നൽകുന്നതിനുള്ള ചട്ടത്തിന് കേരളം ഒരു മാസത്തിനുള്ളിൽ രൂപം നൽകും.
മുൻകൂട്ടി ദയാവധത്തിനുള്ള താത്പര്യപത്രം (ലിവിംഗ് വിൽ) എഴുതാനുള്ള ചട്ടങ്ങളും ഉപാധികളും നിശ്ചയിക്കാൻ അഞ്ചംഗസമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ആദ്യമായാണ് ഒരു സംസ്ഥാനം ദയാവധത്തിന് ചട്ടങ്ങളുണ്ടാക്കുന്നത്.

പാലിയം ഇന്ത്യ സ്ഥാപകൻ ഡോ. എം.ആർ. രാജഗോപാൽ അദ്ധ്യക്ഷനായ സമിതിയിൽ മുൻ ജില്ലാജഡ്‌ജി വർഗീസ് എം. മാത്യൂസ്, തിരുവനന്തപുരം മെഡിക്കൽകോളേജ് ഗ്യാസ്ട്രോഎൻട്രോളജി തലവനായിരുന്ന ഡോ. നരേന്ദ്രനാഥ്, ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സൈക്യാട്രിസ്റ്റ് ഡോ. നന്ദകുമാർ, ന്യൂറോളജിസ്റ്റ് ഡോ. ഈശ്വർ എന്നിവരാണ് അംഗങ്ങൾ. നിഷ്‌ക്രിയ ദയാവധത്തിനുള്ള താത്പര്യപത്രത്തിൽ എന്തൊക്ക വ്യവസ്ഥകളുണ്ടാവണം, ഏതു സാഹചര്യത്തിൽ നടപ്പാക്കണം എന്നിവ നിശ്ചയിക്കണമെന്നാണ് അഡി. ചീഫ് സെക്രട്ടറി രാജീവ്‌ സദാനന്ദന്റെ ഉത്തരവിലെ നിർദ്ദേശം. നിഷ്‌ക്രിയ ദയാവധത്തിന് അനുമതിതേടി നൂറുകണക്കിന് അപേക്ഷകളാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്.

പ്രായപൂർത്തിയായതും പൂർണമാനസികാരോഗ്യമുള്ളതുമായ ഗുരുതരരോഗികൾക്ക് ചികിത്സയുടെ ഏതുഘട്ടത്തിൽ ജീവൻരക്ഷാ ഉപകരണങ്ങൾ പിൻവലിക്കണമെന്ന് നിർദ്ദേശിക്കുന്ന സമ്മതപത്രം മുൻകൂട്ടി തയ്യാറാക്കാൻ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വമേധയാ തയ്യാറാക്കുന്നതാവണം ഇത്.

പ്രത്യാഘാതത്തെക്കുറിച്ച് രോഗി ബോധവാനായിരിക്കണം. ഏതൊക്കെ അസുഖങ്ങളുള്ളവർക്ക് ചികിത്സയുടെ ഏത് ഘട്ടത്തിൽ മരുന്നും ജീവൻരക്ഷാ ഉപകരണങ്ങളും വേണ്ടെന്നുവച്ച് മരണം സ്വീകരിക്കാം എന്നതിനുള്ള മാർഗനിർദ്ദേശങ്ങളാണ് സർക്കാർ തയ്യാറാക്കുന്നത്. നിഷ്‌ക്രിയ ദയാവധത്തെ സ്വാഭാവികമരണമായി കണക്കാക്കി ഡോക്ടർക്കും ബന്ധുക്കൾക്കും നിയമപരിരക്ഷ ലഭിക്കും.

മരണതാത്പര്യപത്രം ഇങ്ങനെ
രണ്ട് സ്വതന്ത്രസാക്ഷികളുടെ സാന്നിദ്ധ്യത്തിൽ രോഗിയും ഒന്നാംക്ലാസ് മജിസ്ട്രേട്ടും താത്പര്യപത്രത്തിൽ ഒപ്പുവയ്ക്കണം
ഇതിന്റെ പകർപ്പ് ജുഡിഷ്യൽ മജിസ്ട്രേട്ട് സൂക്ഷിക്കണം, പകർപ്പ് ജില്ലാമജിസ്ട്രേട്ടിന് അയയ്ക്കണം
തദ്ദേശസ്ഥാപനങ്ങൾക്കും കുടുംബഡോക്ടർക്കും പകർപ്പ് നൽകണം.
മരണതാത്പര്യപത്രം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം
രോഗി അബോധാവസ്ഥയിലായശേഷമേ ഇത് ഉപയോഗിക്കാവൂ

നടപ്പാക്കുന്നത് എപ്പോൾ
ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് മജിസ്ട്രേട്ട് നിയോഗിക്കുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തുമ്പോൾ
ചികിത്സ, ആരോഗ്യനില, തുടർചികിത്സാസാദ്ധ്യത എന്നിവയെല്ലാം ബന്ധുക്കളെ അറിയിച്ചശേഷം
ന്യൂറോളജി, കാർഡിയോളജി, നെഫ്രോളജി, സൈക്യാട്രി, ഓങ്കോളജി വിഭാഗങ്ങളിലെ 20 വർഷം പരിചയമുള്ള മൂന്ന് ഡോക്ടർമാരടങ്ങിയ മെഡിക്കൽബോർഡ് രോഗിയെ പരിശോധിക്കണം
ജില്ലാകളക്ടറെ വിവരമറിയിക്കണം. ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകസമിതി രോഗിയെ പരിശോധിക്കണം.
ഡി.എം.ഒയുടെ റിപ്പോർട്ട് കളക്ടർ വഴി മജിസ്ട്രേട്ടിന് കൈമാറണം. മജിസ്ട്രേട്ട് രോഗിയെ സന്ദർശിക്കണം
അനുമതി നിഷേധിച്ചാൽ കുടുംബത്തിന് ഹൈക്കോടതിയെ സമീപിക്കാം. ഡിവിഷൻബെഞ്ചിന് മെഡിക്കൽബോർഡിനെ നിയോഗിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more