1 GBP = 104.37
breaking news

മേഘാലയയില്‍ അവകാശവാദവുമായി കോണ്‍ഗ്രസ്, പിടിച്ചടക്കാന്‍ കച്ചമുറുക്കി ബിജെപി

മേഘാലയയില്‍ അവകാശവാദവുമായി കോണ്‍ഗ്രസ്, പിടിച്ചടക്കാന്‍ കച്ചമുറുക്കി ബിജെപി

ഷില്ലോംഗ്: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസും ബിജെപിയും ശ്രമങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടു. അതേസമയം രണ്ട് സീറ്റുകള്‍ മാത്രമുള്ള ബിജെപിയും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്വതന്ത്രരുടെയും പ്രാദേശിക പാര്‍ട്ടികളുടെയും പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നീക്കങ്ങള്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കമല്‍നാഥാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുന്നതെന്ന് കമല്‍നാഥ് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രഥമപരിഗണന തങ്ങള്‍ക്ക് നല്‍കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കമല്‍നാഥ് വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കഴിഞ്ഞപ്പോള്‍ 60 അംഗ നിയമസഭയില്‍ 21 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണം പിടിക്കാനിറങ്ങിയ ബിജെപിക്ക് കിട്ടിയത് വെറും രണ്ട് സീറ്റ് മാത്രമാണ്. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിപി തനിച്ച് മത്സരിച്ച് 19 സീറ്റുകള്‍ നേടിയിട്ടുണ്ട്. പ്രാദേശിക പാര്‍ട്ടിയായ യുഡിപി ആറ് സീറ്റുകളിലും എച്ച്എസ്പിഡിപി രണ്ട് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. മറ്റ് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചിരിക്കുന്നത്. 60 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്.

രണ്ട് സീറ്റുകള്‍ മാത്രമുള്ള ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഊര്‍ജിത ശ്രമങ്ങള്‍ നടത്തുന്നത് എന്നതാണ് രസകരം. നേരത്തെ ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ കണ്ട തന്ത്രങ്ങളാണ് ബിജെപി വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയിലും പയറ്റുന്നത്. സ്വതന്ത്രരെയും പറ്റുമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ തന്നെയും പാളയത്തിലെത്തിച്ച് ഭരണം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി മുതിര്‍ന്ന കേന്ദ്രനേതാക്കള്‍ തന്നെ ഷില്ലോംഗില്‍ എത്തിയിട്ടുണ്ട്. യുഡിപിയും എച്ച്എസ്പിഡിപിയും ബിജെപിക്ക് പിന്തുണ നല്‍കുമെന്നാണ് സൂചന.

കഴിഞ്ഞ 15 വര്‍ഷങ്ങളായി കോണ്‍ഗ്രസാണ് മേഘാലയയില്‍ ഭരണത്തിലുള്ളത്. നാലാം തവണയും ഭരണം തുടരുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. 2013 ല്‍ 29 സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ കോണ്‍ഗ്രസ് 21 ലേക്ക് വീണത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എട്ടോളം എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപി മുന്നണയില്‍ ചേര്‍ന്നിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more