1 GBP = 103.91

രാജകുടുംബത്തിനെതിരെ വിമർശനങ്ങളുമായി മെഗാന്‍, ഹാരി ദമ്പതികളുടെ നെറ്റ്ഫ്‌ളിക്‌സ് സീരീസ്

രാജകുടുംബത്തിനെതിരെ വിമർശനങ്ങളുമായി മെഗാന്‍, ഹാരി ദമ്പതികളുടെ നെറ്റ്ഫ്‌ളിക്‌സ് സീരീസ്

ലണ്ടൻ: രാജകുടുംബത്തിന് എതിരെ ഞെട്ടിപ്പിക്കുന്ന പരിഹാസങ്ങളും, വിമര്‍ശനങ്ങളും പുറത്തുവിട്ട് മെഗാന്‍, ഹാരി ദമ്പതികളുടെ നെറ്റ്ഫ്‌ളിക്‌സ് സീരീസ്. ഇന്നലെ സംപ്രേക്ഷണം ചെയ്‌ത പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾക്ക് ശേഷം അടുത്ത ആഴ്ച വിഷം വമിപ്പിക്കുന്നതായിരുക്കുമെന്ന് കൊട്ടാരം ഭയപ്പെടുന്നു. കുടുംബത്തിന് നേരെയുള്ള തന്ത്രപരവും വഞ്ചനാപരവുമായ ആക്രമണം രാജകുടുംബത്തെ സങ്കടത്തിലാക്കി.

അന്തരിച്ച എലിസബത്ത് രാജ്ഞിയെയും അവരുടെ കോമൺ‌വെൽത്ത് പാരമ്പര്യത്തെയും വിമർശിച്ചതിൽ റോയൽ ഇൻസൈഡർമാർ തികച്ചും അസ്വസ്ഥരായിരുന്നു. പ്രോഗ്രാമിന്റെ ആദ്യ മൂന്ന് എപ്പിസോഡുകൾ നിരൂപകർ ‘മെഗ്ഫ്ലിക്സ്’ എന്നാണ് രേഖപ്പെടുത്തിയത്. ചാള്‍സ് മൂന്നാമന്‍ രാജാവിനെ നിരാശനാക്കാന്‍ പോന്ന നിരവധി വിമര്‍ശനങ്ങള്‍ ആദ്യ മൂന്ന് എപ്പിസോഡുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തന്റെ കൗമാരകാലത്തും, ഇരുപതുകളില്‍ പ്രായമുള്ളപ്പോഴും മൂന്ന് മാസം വീതം ആഫ്രിക്കയിലെ രണ്ടാമത്തെ കുടുംബത്തോടൊപ്പം ചെലവിടാന്‍ പോകുമായിരുന്നുവെന്ന് ഹാരി വ്യക്തമാക്കി. രാജകുടുംബത്തിനകത്ത് ബോധപൂര്‍വ്വമല്ലാത്ത പക്ഷംപിടിക്കല്‍ സ്വഭാവം നിലനില്‍ക്കുന്നതായും രാജകുമാരന്‍ പറയുന്നു.

യുകെ വംശീയമായ രാജ്യമാണെന്നും, യുഎസിനേക്കാള്‍ കൂടുതല്‍ വംശം ഇവിടെ പ്രശ്‌നമാണെന്നും ഡ്യൂക്ക് സൂചിപ്പിക്കുന്നു. ബ്രിട്ടനിലേക്ക് എത്തുന്നത് വരെ ഒരു കറുത്ത വര്‍ഗ്ഗക്കാരിയെന്ന നിലയില്‍ ആരും തന്നെ കണ്ടിട്ടില്ലെന്ന് മെഗാന്‍ വ്യക്തമാക്കി. താന്‍ മെഗാനെ വിവാഹം ചെയ്തത് ഹൃദയത്തില്‍ നിന്നുള്ള തീരുമാനമായിരുന്നുവെന്ന് ഹാരി പറഞ്ഞു. അല്ലാതെ സ്ഥാപനത്തിന്റെ മോള്‍ഡിലേക്ക് കൂടിച്ചേരുമോയെന്ന് പരിഗണിച്ചല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പിതാവ് ചാള്‍സിന്റെയും, സഹോദരന്‍ വില്ല്യമിന്റെയും ബന്ധങ്ങളെ ഇതുവഴി പറയാതെ പറയാനാണ് ഹാരി ശ്രമിച്ചതെന്നാണ് മാധ്യമങ്ങളുടെ ആരോപണം.

നെറ്റ്ഫ്‌ളിക്‌സ് സീരീസിലെ ആദ്യ എപ്പിസോഡില്‍ താന്‍ രാജകീയ ഡ്യൂട്ടികള്‍ ഉപേക്ഷിച്ചത് മെഗാന്‍ മാര്‍ക്കിളിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ഹാരി വെളിപ്പെടുത്തുന്നു. അമ്മ ഡയാന രാജകുമാരിയുമായാണ് മെഗാനെ ഡ്യൂക്ക് താരതമ്യം ചെയ്യുന്നത്. രണ്ടാമത്തെ എപ്പിസോഡില്‍ മെഗാന്റെ അമ്മ ഡോറിയ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ഹാരി രാജകുമാരനുമായുള്ള മകളുടെ ബന്ധത്തെ കുറിച്ചാണ് ഇവര്‍ സംസാരിച്ചത്. 2017-ലെ തങ്ങളുടെ എന്‍ഗേജ്‌മെന്റ് പ്രഖ്യാപനം ആലോചിച്ച് നടപ്പാക്കിയ റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നുവെന്ന് ഹാരിയും, മെഗാനും മൂന്നാമത്തെ എപ്പിസോഡില്‍ പറയുന്നു. ഇത് രാജ്ഞിയേയും കുടുംബത്തെയും അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് രാജകുടുംബത്തെ അനുകൂലിക്കുന്നവർ പറയുന്നു.

അതേസമയം രാജകുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് വളരെ ലജ്ജയും നിരാശയും ഉണ്ടെങ്കിൽ സസെക്‌സുകൾ അവരുടെ ടൈറ്റിലുകൾ ഉപേക്ഷിക്കണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more