1 GBP =
breaking news

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രിട്ടനിൽ; രാജകീയ സ്വീകരണമൊരുക്കി സർക്കാർ; രാജ്ഞിയുമായി കൂടിക്കാഴ്ച്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രിട്ടനിൽ; രാജകീയ സ്വീകരണമൊരുക്കി സർക്കാർ; രാജ്ഞിയുമായി കൂടിക്കാഴ്ച്ച

ലണ്ടൻ∙ കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിവസത്തെ യൂറോപ്പ് സന്ദർശനത്തിന് ഇന്നു തുടക്കം. ഇന്ത്യയുമായുള്ള മികച്ച നയതന്ത്രബന്ധവും വ്യാപാര- വാണിജ്യ ഉടമ്പടികളും പ്രതീക്ഷിക്കുന്ന ബ്രിട്ടൻ, സമ്മേളനത്തിനെത്തുന്ന മറ്റൊരു രാഷ്ട്രത്തലവനും നൽകാത്ത സ്വീകരണമാണു മോദിക്കായി ഒരുക്കുന്നത്. രണ്ടാംവട്ടം സന്ദർശനത്തിനായി ബ്രിട്ടനിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബ്രിട്ടണിലെ ഇന്ത്യൻ സമൂഹവും ആവേശത്തിലാണ്. ഒപ്പം ന്യൂനപക്ഷ പീഡനത്തിന്റെയും കശ്മീർ വിഷയത്തിന്റെയും സമീപകാല സ്ത്രീപീഡനങ്ങളുടെയും പേരിൽ മോദിക്കെതിരേ പ്രതിഷേധിക്കാനും വിവിധ സംഘടനകൾ രംഗത്തുണ്ട്.

തിങ്കളാഴ്ച സ്വീഡനിലെത്തിയ പ്രധാനമന്ത്രി ഇന്തോ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തശേഷം ഇന്നു വൈകിട്ടാണു ലണ്ടനിലെത്തുക. 20,000 വരുന്ന ഇന്ത്യൻ സമൂഹമാണ് സ്വീഡനിലുള്ളത്. ഇവരുടെ പ്രതിനിധികളുമായി അദ്ദേഹം ആശയവിനിമയം നടത്തി. മുപ്പതു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്വീഡൻ സന്ദർശിച്ചത്. 1988ൽ രാജീവ് ഗാന്ധിയായിരുന്നു ഇതിനു മുമ്പ് സ്റ്റോക്ക്ഹോമിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി.

കോമൺവെൽത്ത് ഹെഡ്സ് ഓഫ് ഗവൺമെന്റ് മീറ്റിങ്ങ് (സിഎച്ച്ഒജിഎം) ആണ് മോദിയുടെ ബ്രിട്ടനിലെ പ്രധാനപ്പെട്ട ഔദ്യോഗിക പരിപാടി. ഇതിനായി 52 രാജ്യങ്ങളിലെ ഭരണാധികാരികൾ ബ്രിട്ടനിലെത്തുന്നുണ്ടെങ്കിലും അവർക്കൊന്നും ലഭിക്കാത്ത സ്വീകരണമാണ് മോദിക്കായി ഒരുങ്ങുന്നത്. 2009നു ശേഷം ആദ്യമായാണ് കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. കോമൺവെൽത്ത് സമ്മേളനവേദിയിലേക്ക് മറ്റ് രാഷ്ട്രനേതാക്കളെയെല്ലാം ഒരുമിച്ച് പ്രത്യേകം തയാറാക്കിയ ബസിൽ എത്തിക്കുമ്പോൾ മോദിക്കു മാത്രം ആഡംബര ലിമോസിനിലാണ് യാത്രാസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

സമ്മേളനത്തിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി വിശദമായ നയതന്ത്ര ചർച്ചകൾ നടത്തുന്നതും മോദി മാത്രമാണ്. ബെക്കിങ്ങാം പാലസിൽ എലിസബത്ത് രാജ്ഞിയുമായും മോദിക്ക് കൂടിക്കാഴ്ചയും വിരുന്നുമുണ്ട്.

ഇന്തോ-യുകെ സാങ്കേതിക സഹകരണം ഷോകേസ് ചെയ്യപ്പെടുന്ന പ്രത്യേക പരിപാടിയിലേക്കും മോദിയെ ബ്രിട്ടനിലെ ഒന്നാം കിരാടാവകാശിയായ ചാൾസ് രാജകുമാരൻ ക്ഷണിച്ചിട്ടുണ്ട്. ടാറ്റാ ജാഗ്വാർ ഇലക്ട്രിക് കമ്പനിയിലാണ് ഈ പരിപാടി. വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്സിറ്റിയിൽ ആയുർവേദിക് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും പ്രധാനമന്ത്രി സന്ദർശനത്തിനിടെ ഒപ്പുവയ്ക്കും. യോഗ, ആയുർവേദം, ഇന്ത്യൻ പാരമ്പര്യ വൈദ്യം എന്നിവയിൽ ഗവേഷണം ഉൾപ്പെടെയുള്ള ബ്രഹത്പരിപാടികൾ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 18ന് രാത്രി പ്രധാനമന്ത്രി തെരേസ മേയ്ക്കൊപ്പവും 19ന് രാത്രി എലിസബത്ത് രാജ്ഞിയോടൊപ്പം ബെക്കിങ്ങാം പാലസിലുമാണ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്. 20ന് രാത്രി വിൻസർ കൊട്ടാരത്തിൽ മറ്റ് രാഷ്ട്രത്തലവന്മാർക്കൊപ്പവും മോദി വിരുന്നു സൽകാരത്തിൽ പങ്കെടുക്കും. കോമൺവെൽത്തിന്റെ ഭാവി ഉൾപ്പെടെയുള്ള നിർണായകമായ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്ന സമ്മേളനമാണ് മൂന്നുദിവസമായി ലണ്ടനിൽ നടക്കുക.

18ന് രാത്രി വെസ്റ്റ്മിനിസ്റ്റർ സെൻട്രൽ ഹാളിൽ നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രത്യേക ടെലിവിഷൻ ലൈവ് പരിപാടിയും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികൾക്കാണ് ഇതിലേക്ക് ക്ഷണമുള്ളത്. പ്രധാനമന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കാൻ അവസരമൊരുക്കുന്ന ഈ പരിപാടി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യും.

ബ്രെക്സിറ്റിനുശേഷം എല്ലാ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര- വാണിജ്യ കരാറുകൾ ലക്ഷ്യമിടുന്ന ബ്രിട്ടൻ ഇതിനുള്ള ഒരുക്കമെന്ന നിലയിലാണ് കോമൺവെൽത്തിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയുമായി ഏറെ അടുപ്പത്തിന് ശ്രമിക്കുന്നത്. ഇതിനുള്ള ചർച്ചകൾ പ്രധാനമന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിലുണ്ടാകും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more