1 GBP = 96.04
breaking news

മാവോയുടെ അഞ്ചു വിരൽ സിദ്ധാന്തവും ഇന്ത്യാ നേപ്പാൾ അതിർത്തി പ്രശ്നങ്ങളും…

മാവോയുടെ അഞ്ചു വിരൽ സിദ്ധാന്തവും ഇന്ത്യാ  നേപ്പാൾ  അതിർത്തി  പ്രശ്നങ്ങളും…

ജയകുമാർ നായർ. 


ഇന്ത്യാ ടിബറ്റൻ അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റത്തോടൊപ്പം നാം ഏറെ ചർച്ച ചെയ്‌ത വിഷയമാണ് ഇന്ത്യ നേപ്പാൾ  അതിർത്തി പ്രശ്നങ്ങൾ. ദേശീയതാ ലോബിയും വിദേശിയതാ ലോബിയും ഇക്കാര്യത്തിലും  അവരവരുടെ ഭാഗങ്ങൾ ഭംഗിയായി  അവതരിപ്പിക്കുന്നു.  രാഷ്ട്രീയ ആരോപണ പ്രത്യാരോപണ ലോബിയും ഒട്ടും പിന്നിലല്ല. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുവാൻ സെക്രട്ടറി  തല ചർച്ചകൾ തുടരുകയും, അത് സമയ ബന്ധിതമായി  പൂർത്തീകരിക്കുവാൻ  നിശ്ചയിക്കുകയും ചെയ്‌തു മുന്നോട്ടു നീങ്ങുമ്പോൾ  നേപ്പാൾ  ഏകപക്ഷീയമായി  ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട്  തങ്ങളുടെ ഭൂപടം തിരുത്തി എന്നതാണ്  അടുത്തയിടെ ഉണ്ടായ പ്രധാന സംഭവ വികാസം.

 
ഉത്തരാഖണ്ഡിൽ നിന്നും കാലാപാനി, ലിംപുലേഖ്  വഴി ടിബറ്റിലേക്കുള്ള  റോഡ്   ഗതാഗത യോഗ്യ മാക്കിയതാവാം (1962 ലെ  ഇന്ത്യാ ചൈന യുദ്ധത്തിന് ശേഷം കുറെ ഭാഗം  നടപ്പുവഴി മാത്രമായിരുന്ന ഈ വഴി കാര്യമായി ഉപയോഗിച്ചിരുന്നില്ല) നേപ്പാൾ ഭാഗത്തു നിന്നുമുള്ള പ്രകോപനത്തിനു കാരണം എന്നാണ് പൊതുവെ കരുതുന്നതെങ്കിലും, കാളി നദിയുടെ ഇന്ത്യൻ ഭാഗത്തുകൂടി കടന്നു പോകുന്ന വഴി പൂർണ്ണമായും   ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ കൂടി കടന്നു പോകുന്നതും, എന്നാൽ അടിസ്ഥാന  സൗകര്യ വികസനത്തിൽ മേഖലയിൽ ഏറെ പിന്നിലുള്ള നേപ്പാളിന്‌ കൂടി ഉപകാരപ്രദവുമാണ്. ചൈനയുടെ ഇടപെടലുകളും, നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും, നേപ്പാളി ജനതയിലുണ്ടായിട്ടുള്ള ഭരണ വിരുദ്ധ വികാരവും,  ഭരണ കക്ഷിയായ   കമ്മ്യൂണിസ്റ്റു പാർട്ടിയിലെ പടലപ്പിണക്കങ്ങളുമാണ് പ്രകോപനങ്ങൾക്കു കാരണമെന്നും   വിലയിരുത്തപെടുന്നു. ഇന്ത്യ നേപ്പാൾ ഉഭയ കക്ഷി പ്രശ്നങ്ങൾക്ക് പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, ഭൂപട വിവാദത്തിനു പിന്നിലെ ശക്തി ചൈന തന്നെ.


ഉത്തരാഖണ്ഡിലെ ഡാർച്ചുല, കാലാപാനി വഴി  ലിപുലേഖ്  ചുരം  കടന്നാൽ ടിബറ്റിലെത്താം അവിടെനിന്നും  വെറും തൊണ്ണൂറു കിലോമീറ്റർ യാത്ര ചെയ്താൽ മാനസസരോവറിലെത്താം. കാലാവസ്ഥ അനുകൂലമാവുകയും,  ഉയർന്ന പ്രദേശത്തെ കാലാവസ്ഥയുമായി യാത്രികർ പൊരുത്തപ്പെടുകയും ചെയ്താൽ  വേണമെങ്കിൽ ഒരു ദിവസം കൊണ്ട് കൈലാസ ദർശനം കഴിഞ്ഞു ഇന്ത്യയിൽ തിരിച്ചെത്താം.


ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടകർക്ക് എളുപ്പത്തിൽ  അവിടെ എത്തിച്ചേരുവാൻ കഴിയുന്ന ഈ പാത ഒറ്റനോട്ടത്തിൽ ഇന്ത്യ, നേപ്പാൾ, ചൈന എന്നീ  രാജ്യങ്ങൾക്ക് ഉപകാരപ്രദമാണെങ്കിലും, തന്ത്രപ്രധാനവും,  ചൈനയുടെ ഉറക്കം കെടുത്തുവാൻ ഉതകുന്നതുമാണ്.  സിയാച്ചിനിൽ പരിശീലനം നേടിയ ഇന്ത്യൻ പട്ടാളത്തിന് ഏതാനും മണിക്കൂറുകൾ  കൊണ്ട് മാനസരോവറിൽ  എത്തുവാൻ കഴിയും എന്നു സാരം. ഭൂമി ശാസ്ത്രപരവും കാലാവസ്ഥാപരവുമായ  പ്രത്യേകതകൾ  കാരണം വേണ്ടരീതിയിൽ ഉള്ള പ്രതിരോധ സംവിധാനങ്ങൾ ഈ മേഖലയിൽ ചൈനയ്ക്കില്ല  എന്നതാണ് കൗതുകകരം. ഇത്‌ മുന്നിൽ കണ്ടുകൊണ്ടാണ്   ചൈന ലിപുലേഖ്,  ലിംപിയാദുര  മേഖലയ്ക്ക് മേൽ അവകാശവാദമുന്നയിച്ചതും, അത് ചെറിയ രീതിയിലുള്ള  സൈനീക നീക്കത്തിലേക്കു വഴിതെളിച്ചതും. എന്നാൽ  2017ൽ   മേഖലയിലെ ഇന്ത്യൻ പരമാധികാരം അംഗീകരിച്ചു കൊണ്ട് ചൈനയ്ക്ക് പിൻമാറേണ്ടി വന്നതും ചരിത്രമാണ്.


1940 മുതൽ  മാവോയുടെ അഞ്ച് വിരല്‍ പദ്ധതി അഥവാ ഫൈവ് ഫിംഗര്‍ പോളിസി ചൈനയിൽ  ഏറെ ചർച്ച ചെയ്യപ്പെട്ടുവരുന്നു. ടിബറ്റിനെ ചൈനയുടെ വലം  കൈപ്പത്തിയായും സിക്കിം, ഭൂട്ടാന്‍, ലഡാക്ക്, നേപ്പാള്‍, അരുണാചല്‍പ്രദേശ്, എന്നിവയെ കൈപ്പത്തിയിലെ വിരലുകളായും കണക്കാക്കുന്ന പദ്ധതിയായിരുന്നു അഞ്ച് വിരല്‍ പദ്ധതി. തുടർന്ന്   “എ ബ്രീഫ് ഹിസ്റ്ററി ഓഫ് മോഡേണ്‍ ചൈന’’ എന്ന പുസ്തകം സ്‌കൂള്‍ കുട്ടികളുടെ പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്തി, ഒപ്പം  ഒരു ഭൂപടവും ചൈനാ  സര്‍ക്കാര്‍ പുറത്തുവിട്ടു.   ചൈനീസ് റേഡിയോകളിലൂടെയും പലതരത്തിലുള്ള ചർച്ചകളിലൂടെയും ചൈനയിൽ  ഈ ആശയം പ്രചരിപ്പിക്കപ്പെട്ടു. ടിബറ്റ് സ്വന്തമാക്കിയത്തിനു ശേഷം  മറ്റു പ്രദേശങ്ങൾ കൂടി സ്വന്തമാക്കുവാൻ അവസരം പാർത്തു കഴിയുകയായിരുന്നു ചൈന എന്നു വേണം കരുതാൻ. ഭൂട്ടാനിലേക്കുള്ള   (ദോക് ലാം/ ഡോലം )  ചൈനീസ് കടന്നു കയറ്റം ഇന്ത്യ തടഞ്ഞത്, നേപ്പാൾ ഭാഗത്തെ തർക്കത്തിൽ അടവ് മാറ്റി പ്രയോഗിക്കുവാൻ ചൈനയെ പ്രേരിപ്പിച്ചു എന്നും കരുതണം. രണ്ടു രാജ്യങ്ങളെയും ശത്രുതയിലാക്കുക എന്ന ആദ്യ പടി കെ പി  ശർമ ഓലിയിലൂടെ അവർ നേടി. അറിയപ്പെടുന്ന ഇന്ത്യാ  വിരോധിയും പാക്കിസ്ഥാനിലെ മുൻ ചൈനീസ് അംബാസിഡറും, ഇപ്പോഴത്തെ നേപ്പാൾ അംബാസിഡറുമായ ഹൗ യാങ്കി എല്ലാറ്റിനും  പിന്നിൽ നിന്നു ചരടുവലിച്ചു.


ചുരുക്കത്തിൽ കോവിഡ് കാലത്തെ അനിശ്ചിതാവസ്ഥ  മുതലെടുത്ത് ഭൂവിസ്‌തൃതി കൂട്ടുവാനുള്ള തന്ത്രങ്ങളുമായി ചൈന മുന്നോട്ട് ഇറങ്ങി. ഇന്ത്യയുടെ ഹിമാലയൻ മേഖലയിലേക്കും, നേപ്പാൾ അതിർത്തിയിലും, ഭൂട്ടാൻ മേഖലകളിലും, ദക്ഷിണ, ഉത്തര  ചൈനാ കടലിലും പുതിയ അവകാശ വാദങ്ങളും പിടിച്ചടക്കലുകളുമായി ചൈന എത്തിയപ്പോൾ തികച്ചും വെട്ടിലായത് നേപ്പാൾ തന്നെ. നേപ്പാളിലെ നാല് ജില്ലകളില്‍ ചൈന കടന്നുകയറിയതായി കണ്ടെത്തിയിരിക്കുന്നു. നദികൾ വഴി തിരിച്ചു വിട്ടും, നേപ്പാൾ ഭൂമിയിൽ റോഡുനിർമാണം നടത്തിയുമാണ് കയ്യേറ്റം സാധ്യമാക്കിയത്. ശങ്ഖുവസഭ, റസുവ, സിന്ധുപാല്‍ചൗക്ക്, ഹുംല എന്നീ ജില്ലകളില്‍ കടന്നു കയറിയ ചൈന 36 ഹെക്ടര്‍ പ്രദേശം കൈവശപ്പെടുത്തിക്കഴിഞ്ഞെന്ന് നേപ്പാള്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തി.(റോഡുപണി ഇപ്പോഴും തുടരുന്നു) നൂറുകണക്കിന്  കർഷക കുടുബങ്ങൾക്ക്  സ്വന്തം ഗ്രാമങ്ങൾ വിട്ടൊഴിയേണ്ടതായും വന്നു. ഈ വര്‍ഷം മെയില്‍ എവറസ്റ്റ് തങ്ങളുടേതാണെന്നും ചൈന അവകാശവാദം ഉന്നയിച്ചിരുന്നു. എന്തിനേറെ  റഷ്യയുടെ  വ്ലാഡിവോ സ്റ്റോക്ക് പോലും കൈപിടിയിലാക്കുവാൻ ആഗ്രഹിക്കുന്ന  ചൈന ”കൺഫ്യൂഷസ്” സിദ്ധാന്തവും, മാവോ ആശയങ്ങളും  പ്രാവർത്തികമാക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ”ചാണക്യ” ദർശനങ്ങൾകൊണ്ടുതന്നെ എതിരിടണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more